കൃഷിതെളിച്ച ജീവിതം

Posted on: 05 Dec 2012ആലപ്പുഴ:17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയ ഇന്ദിരയ്ക്ക് തുണയായത് കൃഷി.
വിളകളുടെ സമൃദ്ധിയിലാണ് നാല് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചതും.
മാവേലിക്കര അറന്നൂറ്റിമംഗലം കുഴീയിലേത്ത് വടക്കേതില്‍ പരേതനായ നാണുവിന്റെ ഭാര്യ ഇന്ദിരയാണ് ജീവിതം കൃഷിയിലൂടെ പച്ചപിടിപ്പിക്കുന്നത്.

സ്വന്തമായുള്ള 50 സെന്റ് ഭൂമിയില്‍ പയര്‍, പടവലം, പാവല്‍, മത്ത, വെള്ളരി, ലോക്കി, വെണ്ട, വഴുതന, ചീര എന്നിവയും ഒരേക്കര്‍ പാട്ടഭൂമിയില്‍ വാഴ, മരച്ചീനി, ചേന, ചേമ്പ് എന്നിവയും ഒരേക്കര്‍ നെല്‍പ്പാടം പാട്ടത്തിനെടുത്ത് നെല്‍ക്കൃഷിയും ചെയ്തുവരുന്നു. കൂടാതെ ആറ് കറവപ്പശുക്കള്‍, അഞ്ച് പോത്തുകള്‍, അന്‍പതോളം കോഴികള്‍ എന്നിവയുമുണ്ട്.

തെങ്ങുകയറ്റം ഒഴികെയുള്ള എല്ലാ ജോലികളും ഇന്ദിരയ്ക്ക് വശമാണ്. കൃഷിപ്പണിക്ക് തൊഴിലാളികളെ ആശ്രയിക്കാറില്ല. സഹായത്തിന് മക്കള്‍ മാത്രം.

കൃഷിപ്പണിക്ക് ആളിനെ കിട്ടാനില്ലാതെ നാട്ടില്‍ ഇന്ദിര കൂലിവേലയും ചെയ്യുന്നു. രാവിലെ കൈലിയും ഷര്‍ട്ടുമിട്ട് തലയില്‍ തോര്‍ത്ത് മുറുക്കിയൊരു കെട്ടുംകെട്ടി കൈയില്‍ പണിയായുധങ്ങളുമായി പണിക്കിറങ്ങുന്ന ഇന്ദിരയുടെ കൂലി ആണുങ്ങളുടേതാണ് എന്നുമാത്രം. ദിവസം 500 രൂപ.

കിളയ്ക്കുക, തെങ്ങിന് തടംഎടുക്കുക, ചുമട് എടുക്കുക, വിറക് കീറുക, വരമ്പ് വെട്ടുക, വിത്ത് വിതയ്ക്കുക, കൊയ്യുക, മെതിക്കുക എന്നിവയും പശുകറവയും ഇന്ദിരയുടെ ഇഷ്ട ജോലികളാണ്.

സ്വന്തമായി വിതച്ച് കൊയ്ത നെല്ലിന്റെ ചോറ് മാത്രം കഴിക്കുന്ന ഇന്ദിര മുട്ടയ്ക്കും മാംസത്തിനും പാലിനും പച്ചക്കറികള്‍ക്കും മറ്റിടം തേടി പോകാറില്ല.

തഴക്കര ഗ്രാമപ്പഞ്ചായത്തിലെ അറന്നൂറ്റിമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷക ഇന്ദിരയാണ്. ഏറ്റവും മികച്ച കര്‍ഷകനുള്ള തഴക്കര കൃഷിഭവന്റെ അവാര്‍ഡ് ഇന്ദിരയ്ക്ക് ലഭിച്ചിട്ടുണ്ട്. തഴക്കര കൃഷിഭവനില്‍നിന്ന് പച്ചക്കറി വിത്തുകളും തെങ്ങിന്‍തൈകളും വളവും പമ്പ്‌സെറ്റും നല്‍കിയിട്ടുണ്ട്.

അറന്നൂറ്റിമംഗലം സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലെ കൃഷികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ചെയ്തുവരുന്നു.
കാര്‍ഷിക വിളകള്‍ക്ക് ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. അപകടകാരികളായ കീടനാശിനികള്‍ ഒഴിവാക്കി വേനല്‍ പച്ചകഷായം ആണ് കീടങ്ങളെ തുരത്തുവാന്‍ ഉപയോഗിക്കുന്നത്.

ജൈവകൃഷി ആയതിനാല്‍ പച്ചക്കറികള്‍ക്കായി വീട്ടിലെത്തുന്നവര്‍ ഏറെയാണ്. കൂടാതെ മാവേലിക്കര, കല്ലുമല ചന്തയില്‍ പച്ചക്കറികളും മറ്റ് വിഭവങ്ങളും പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയാണ് വിപണനം നടത്തുന്നത്.

സ്വന്തം കൃഷിയ്ക്കിടയിലും മാസത്തില്‍ 15 ദിവസത്തോളം മറ്റ് കൃഷിയിടങ്ങളില്‍ ജോലിയ്ക്കുപോകുന്ന ഇന്ദിര ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അംഗമാണ്.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇന്ദിര.


Stories in this Section