കരിപ്പോട് കെയര്‍വില്ലയില്‍ കൃഷി ഒരു കുടുംബകാര്യം

Posted on: 05 Dec 2012പാലക്കാട്: കരിപ്പോട് കെയര്‍വില്ലയില്‍ സഹദേവനും മക്കള്‍ക്കും കൃഷിയൊരു കുടുംബകാര്യം.കരിപ്പോടും കൊല്ലങ്കോട് നെന്മേനിയിലുമുള്ള 30 ഏക്കര്‍ കൃഷിയിടത്തില്‍ ഇവര്‍ എത്താത്ത ദിവസങ്ങളില്ല. വിമുക്തഭടനായ സഹദേവനും എം.എസ്‌സി. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ് കഴിഞ്ഞ മകന്‍ ജീവും ഐ.ടി.സി. കഴിഞ്ഞ മറ്റൊരു മകന്‍ രാജും രാവിലെതൊട്ട് കൃഷിയിടത്തില്‍ സജീവമാണ്. അതിന്റെ ഫലവുമുണ്ട്. വിളഞ്ഞുനില്‍ക്കുന്ന 10 ഏക്കര്‍ നെല്പാടം. 24 ഇനങ്ങളില്‍ 400 മാവുകള്‍, 1,200 കവുങ്ങ്, 600 തെങ്ങ്, 3,000ത്തോളം വാഴ, പിന്നെ വഴുതനയും ബീന്‍സും പയറും മുളകും മീന്‍വളര്‍ത്തലും.

ആര്‍മിയില്‍നിന്ന് റിട്ടയര്‍ചെയ്ത സഹദേവന്‍ വര്‍ഷങ്ങളോളം ഐക്യരാഷ്ട്രസഭയിലും യൂണിസെഫിലും ജോലിചെയ്തശേഷമാണ് നാട്ടില്‍ കൃഷിഭൂമിയിലിറങ്ങിയത്.കൃഷിയോടുള്ള താത്പര്യമായിരുന്നു കാരണം. മക്കളും ആ വഴിക്കുതന്നെ തിരിഞ്ഞു. എം.എസ്‌സി. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ് കഴിഞ്ഞ് ബഹുരാഷ്ട്രകമ്പനിയില്‍ ജോലിചെയ്തശേഷം മൂന്നാമത്തെ മകന്‍ ജീവും കൃഷിതന്നെ തിരഞ്ഞെടുത്തു. മൂത്തമകന്‍ രാജീവ് ഗുജറാത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണെങ്കിലും എല്ലാമാസവും നാട്ടിലെത്തി കൃഷിയില്‍ ഏര്‍പ്പെടും.

കൊല്ലങ്കോട് നെന്മേനി പീച്ചാംപാടംകുളത്ത് 15 ഏക്കറിലാണ് കൃഷി. മാവും നെല്ലും പച്ചക്കറികളും ഇവിടെയാണ് കൂടുതലുള്ളത്. കൃഷിയിടംമുഴുവന്‍ തട്ടുകളാക്കി എല്ലായിടത്തും വെള്ളമെത്തിക്കാന്‍ വെള്ളച്ചാലും പൈപ്പുകളുമിട്ടു. രണ്ടേക്കറില്‍ നവരനെല്ല് മാത്രം. സീസണനുസരിച്ച് പച്ചക്കറികള്‍ നട്ടു. ഇത്തവണ വഴുതനയില്‍ നല്ല ആദായം കിട്ടിയതായി ജീവ് പറഞ്ഞു. ബീന്‍സ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തതിലും നല്ല വിളവ് കിട്ടി.

മാന്തോപ്പില്‍നിന്ന് വര്‍ഷം രണ്ടരലക്ഷംരൂപവരെ കിട്ടുന്നുണ്ടെന്ന് സഹദേവന്‍ പറഞ്ഞു. കൂടുതല്‍ ആദായം നേടിത്തരുന്നത് മാവുകൃഷിയാണ്. ചെലവ് കുറവും.

കൃഷിയിടം ഒരുക്കുന്നതും നെല്പാടം ഉഴുതുമറിക്കുന്നതും ജീവും രാജുമാണ്; സ്വന്തം ട്രാക്ടറില്‍.
ഡ്രൈവര്‍മാര്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ഇരുവരും വണ്ടിയോടിക്കാന്‍ പഠിച്ചു. പാടത്തും ചെളിയിലുമായി തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കാന്‍ ഇരുവരും തയ്യാറാണ്.

കൃഷി ആദായകരമാക്കാന്‍ ഹൈടെക് ആവാമെന്ന നിലപാടിലാണ് ജീവ്. ഇതിനുള്ള ഒരുക്കങ്ങളും തുടങ്ങി. സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍കണ്ട് നല്ലമാതൃകകള്‍ അനുകരിക്കുന്നു. വിദഗ്ധരുടെ ഉപദേശങ്ങളുമുണ്ട്.

ഉത്പന്നങ്ങള്‍ക്ക് നല്ലവിപണി കിട്ടുന്നില്ലെന്നും കൃഷിപ്പണിക്ക് ആളെ കിട്ടുന്നില്ലെന്നും അച്ഛനും മക്കളും പറഞ്ഞു. കൊയ്‌തെടുത്ത 500 കിലോയോളം നവരനെല്ല് ഇവര്‍ക്ക് വില്‍ക്കാനായിട്ടില്ല.

പി. സുരേഷ്ബാബു


Stories in this Section