പ്രകൃതിയെ പ്രണയിച്ച് സ്‌നേഹഗിരി

Posted on: 05 Dec 2012കണ്ണൂര്‍: പ്രകൃതിയെ അടുത്തറിയാനും സ്‌നേഹിക്കാനും പ്രേരിപ്പിക്കുന്ന ഹൃദ്യമായ അനുഭവങ്ങളാണ് ഡോ. സ്‌നേഹദാസിന്റെ പ്രകൃതി ആശ്രമം നല്‍കുന്നത്. പൈതല്‍മലനിര തഴുകിയെത്തുന്ന കാറ്റിന്റെ കുളിര്‍മ മാത്രമല്ല, എട്ടര ഏക്കറിലുള്ള സ്‌നേഹഗിരിയിലെ കാടും തെളിനീരുമെല്ലാം പ്രകൃതിയോട് ഇണങ്ങിജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരമുള്ള സ്‌നേഹഗിരിയില്‍ കൊടുംചൂടിലും എയര്‍കണ്ടീഷന്‍ കാലാവസ്ഥയാണ്. കീടനാശിനിയും രാസവളവുമില്ലാതെ കൃഷിചെയ്യുന്ന പഴങ്ങളും പച്ചക്കറികളുമാണ് ആഹാരം. അപൂര്‍വവും വ്യത്യസ്തവുമായ ഒട്ടേറെ ഔഷധച്ചെടികള്‍ ഇവിടെ വളര്‍ത്തുന്നു.

അഞ്ചു ഭൂഖണ്ഡങ്ങളിലായി അമ്പതോളം രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ഡോ. സ്‌നേഹദാസ് പ്രകൃതിയുടെ ശാന്തതയും ആത്മീയാനുഭവവും തേടിയാണ് വലിയരീക്കമലയില്‍ 'സ്‌നേഹഗിരി' പ്രകൃതി ആശ്രമം തുടങ്ങിയത്. ജാതി, മത ഭേദമില്ലാതെ പ്രകൃതിയെ സ്‌നേഹിക്കുന്ന ആര്‍ക്കും ഇവിടെ വരാം. പ്രകൃതിയോടിണങ്ങിയ ജീവിതചര്യയും ചികിത്സയും സ്‌നേഹയോഗയുമൊക്കെ സ്വായത്തമാക്കി മടങ്ങാം. 17 വര്‍ഷം വൈദികനായിരുന്ന ഡോ. സ്‌നേഹദാസ് പ്രകൃതിയാണ് ഈശ്വരനെന്ന തിരിച്ചറിവുമായാണ് വലിയരീക്കമലയിലെ സ്‌നേഹഗിരിയില്‍ വിശ്വസാഹോദര്യഭവന്‍ സ്ഥാപിച്ചത്. തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും സ്‌നേഹയോഗധ്യാനത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള ഇദ്ദേഹം പ്രകൃതിക്കും സ്‌നേഹത്തിനുംവേണ്ടി ചിട്ടപ്പെടുത്തിയ ജീവിതശൈലി രൂപപ്പെടുത്തുകയായിരുന്നു. സ്‌നേഹയോഗയിലൂടെ മനഃശാന്തി നേടുന്നതിനുള്ള ധ്യാനരീതിയാണ് വിശ്വസാഹോദര്യഭവനിലെത്തുന്നവര്‍ക്ക് നല്‍കുന്ന അനുഭൂതി. എല്ലാം ശുഭമാകും എന്നതാണ് സ്‌നേഹഗിരിയുടെ സന്ദേശവാക്യം.

പ്രകൃതികൃഷിയാണ് സ്‌നേഹഗിരിയിലെ പ്രധാന സവിശേഷത. രാസ-ജൈവ കൃഷിരീതികള്‍ പരിസ്ഥിതിയെ മലിനമാക്കുമെന്ന വാദമുയര്‍ത്തുന്ന ഡോ. സ്‌നേഹദാസ് പരിസ്ഥിതിസൗഹൃദ ചെലവില്ലാ കൃഷി രീതിയാണ് ഇവിടെ നടത്തുന്നത്. നാടന്‍പശുവിന്റെ ചാണകവും മൂത്രവും വിവിധ സസ്യഇലകളും ഉപയോഗിച്ചുണ്ടാക്കുന്ന ബീജാമൃതം എന്ന വസ്തുവാണ് വളം. സുഭാഷ് പാലേക്കറിന്റെ പ്രകൃതികൃഷിരീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്. വാഴ, പച്ചക്കറി, കപ്പ തുടങ്ങിയ എല്ലാ വിളകള്‍ക്കും പരിചരണം പ്രകൃതികൃഷിരീതിയില്‍തന്നെയാണ്.

സ്‌നേഹഗിരിയുടെ എട്ടര ഏക്കര്‍ പറമ്പില്‍ മൂന്നേക്കറോളം നിബിഡവനമാണ്. കാടിനുള്ളില്‍ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. വനത്തിന്റെ ഏറ്റവും ഉയരത്തിലുള്ള പാറക്കൂട്ടത്തില്‍ നിന്നാല്‍ കണ്ണൂര്‍ കടല്‍ ഉള്‍പ്പെടെയുള്ള വിദൂരകാഴ്ചകള്‍ കാണാം. സൂര്യരശ്മികള്‍ ആരോഗ്യം പ്രദാനം ചെയ്യുന്നതിനാല്‍ ഇവിടെ സൂര്യസ്‌നാനഘട്ട് എന്ന പേരില്‍ ധ്യാനത്തിനുള്ള സംവിധാനവും ഉണ്ട്.

ഓരോവര്‍ഷവും വനത്തിലേക്ക് സസ്യങ്ങളുടെ വിത്തിനങ്ങള്‍ വലിച്ചെറിയുകയാണ് സ്‌നേഹദാസിന്റെ രീതി. വള്ളിപ്പടര്‍പ്പുകള്‍പോലും നശിപ്പിച്ചുകളയാത്തവിധമാണ് വനത്തിന്റെ സംരക്ഷണം. പക്ഷി നിരീക്ഷണത്തിനായി സൗകര്യങ്ങളുമുണ്ട്. കുന്നിന്‍ മുകളിലെ നിബിഡവനം സംരക്ഷിക്കപ്പെടുന്നതിനാല്‍ സ്‌നേഹഗിരിയിലെ കിണറുകളില്‍ കടുത്ത വേനലിലും തണുപ്പുള്ള ജലം സുലഭം.

നടപ്പിലുമുണ്ട് ആരോഗ്യം എന്നത് ഓര്‍മിപ്പിച്ചുകൊണ്ട് വിശ്വസാഹോദര്യഭവന്റെ മുറ്റത്തും പറമ്പിലും സവിശേഷരീതിയില്‍ നടപ്പുവഴികളുണ്ട്. ചെറിയതരം കല്ലുകള്‍ പാകിയ മുറ്റത്തുകൂടെയുള്ള അക്യുവാക്ക്, ഇക്കോവാക്ക് എന്നിവയെല്ലാം പ്രത്യേകതകളാണ്.

'രോഗിയായി വരിക, ഡോക്ടറായി പോവുക' എന്ന സന്ദേശം നല്‍കിയാണ് ഡോ. സ്‌നേഹദാസ് പ്രകൃതിചികിത്സയുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. ആധുനിക ജീവിതശൈലിയുടെ ഫലമായി ഉണ്ടാകുന്ന എല്ലാ രോഗങ്ങളെയും പ്രകൃതിചികിത്സയിലൂടെ ഭേദമാക്കാമെന്നാണ് സ്‌നേഹദാസിന്റെ വാദം. യോഗ, പ്രാണായാമം, പ്രകൃതിഭക്ഷണം, ഭക്ഷണനിയന്ത്രണം, ഉപവാസം, സൂര്യസ്‌നാനം, ജലചികിത്സ, മണ്ണുചികിത്സ, ശരീര-മന-ആത്മവിശ്രമം എന്നിവ കൂട്ടിയിണക്കിയാണ് പ്രകൃതിയുടെ തനത് ചികിത്സ ഇദ്ദേഹം നടപ്പാക്കുന്നത്. ഡല്‍ഹിയിലെ ഇന്ത്യന്‍ നാച്വറല്‍ ഹൈജീന്‍ സൊസൈറ്റിയില്‍നിന്ന് പ്രകൃതിചികിത്സയില്‍ പ്രാവീണ്യം നേടിയ സ്‌നേഹദാസിന് തന്റെ ചികിത്സാരീതികളെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്.

സ്വാമി ദേവപ്രസാദില്‍നിന്ന് ഋഷികേശിലെ ശിവാനന്ദയോഗ ഗവേഷണ കേന്ദ്രത്തില്‍നിന്നുമുള്ള അറിവുകളാണ് സ്‌നേഹദാസിന്റെ യോഗതെറാപ്പിയുടെ പ്രചോദനം. ലോകത്തെ നിരവധി രാജ്യങ്ങളില്‍ 115ലേറെ സ്‌നേഹയോഗ ധ്യാനങ്ങള്‍ സംഘടിപ്പിച്ചുവന്നിട്ടുള്ള ഇദ്ദേഹം വിശ്വസാഹോദര്യഭവന്‍ സന്ദര്‍ശിക്കുന്നവര്‍ക്കും ആ അറിവുകള്‍ പങ്കിടുന്നുണ്ട്. മനുഷ്യന്റെ അനന്ത സ്‌നേഹാനുഭവത്തിന് തടസമായി നില്‍ക്കുന്ന ഭയം, കോപം, വിദ്വേഷം, അഹങ്കാരം, അസൂയ, ആസക്തി, അടിമത്തം എന്നിവയെ സ്‌നേഹയോഗകൊണ്ട് ഇല്ലാതാക്കാനും പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള മനുഷ്യസ്‌നേഹം ഹൃദയത്തില്‍ ഉറപ്പിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.

'ദൈവവചനം സൃഷ്ടിച്ച പ്രകൃതിയിലേക്ക് മടങ്ങൂ... ജീവനുണ്ടാകാനും ജീവന്‍ സമൃദ്ധമായി ഉണ്ടാകാനും' എന്ന ദൈവവചനമാണ് പ്രകൃതിയെ സ്‌നേഹിക്കുവാനായി ഡോ. സ്‌നേഹദാസ് ഓര്‍മപ്പെടുത്തുന്നത്. ചില രോഗങ്ങള്‍ ശാപമല്ലെന്നും അനുഗ്രഹമാണെന്നും ഇദ്ദേഹം പറയുന്നു. പനിയും ജലദോഷവും ഛര്‍ദിയും വയറിളക്കവും വരുന്നത് ശരീരത്തിലുള്ള മാലിന്യങ്ങള്‍ പുറന്തള്ളാനാണെന്നും വിഷഗുളികകള്‍ വിഴുങ്ങി ശുദ്ധീകരണ പ്രക്രിയ തടയുന്നതാണ് രോഗങ്ങള്‍ക്ക് കാരണമെന്നും ഇദ്ദേഹം പറയുന്നു. പനിക്ക് പാരസെറ്റമോള്‍ നല്‍കുന്നത് ഏഷ്യയിലും ആഫ്രിക്കയിലും മാത്രമാണ്. യൂറോപ്പിലും അമേരിക്കയിലും പച്ചവെള്ളവും പൂര്‍ണവിശ്രമവുമാണ് പനിക്കുള്ള ചികിത്സ. വെളുത്ത അഞ്ച് സാധനങ്ങള്‍ നിത്യ ജീവിതത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് സ്‌നേഹദാസിന്റെ അഭിപ്രായം. പഞ്ചാസാര, ഉപ്പ്, മൈദ, മൃഗപ്പാല്‍, ഡാല്‍ഡ എന്നിവയാണിവ. പ്രകൃതിയും വിശ്വസ്‌നേഹവും വിഷയങ്ങളായ 'സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല', 'സ്‌നേഹിക്കുന്നവര്‍ക്കൊരു രഹസ്യം', 'വിശ്വാസത്തിന്റെ കുഴിയിലോ സ്‌നേഹത്തിന്റെ വഴിയിലോ' 'കോപിക്കുന്നവര്‍ക്കൊരു സുവിശേഷം' തുടങ്ങി ഒട്ടേറെ പുസ്തകങ്ങളും സ്‌നേഹദാസ് രചിച്ചിട്ടുണ്ട്.

ടി.പി.രാജീവന്‍ ശ്രീകണ്ഠപുരംStories in this Section