മൂക്കുമുട്ടെ വേണ്ട

Posted on: 05 Dec 2012


ശ്വാനപ്രേമിയുടെ ഏറ്റവും ഭാരിച്ച ദൗത്യം ഏതെന്നതിന്ഒരുത്തരമേയുള്ളു-നായ്ക്കളുടെ ഭക്ഷണം. നല്ല ഭക്ഷണം ശരിയായ അളവില്‍, കൃത്യസമയത്ത് നല്‍കല്‍ വെല്ലുവിളിതന്നെയാണ്. ഭക്ഷണച്ചിട്ട നായ്ക്കളെ ശീലിപ്പിച്ചില്ലെങ്കില്‍ എത്ര നല്ല ജനുസ്സും പൊണ്ണത്തടിയന്മാരും അലസരും അല്പായുസ്സുകളുമാകും. വന്‍വില കൊടുത്തു വാങ്ങുന്ന അരുമകള്‍ ഈ കോലത്തിലാകുന്നത് ആരെങ്കിലും സഹിക്കുമോ?

നായ്ക്കളെ സ്‌നേഹിക്കുന്നവര്‍ക്കും അതിനെ പരിചരിക്കുന്നവര്‍ക്കും ഭക്ഷണക്രമത്തെക്കുറിച്ചുള്ള ചില വിവരങ്ങളാണിത്തവണ. ഒരു നിയന്ത്രണവുമില്ലാതെ നായ്ക്കളെ തീറ്റുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുകൂടിയാണിതിലെ വിവരങ്ങള്‍. അടുത്തുള്ള വെറ്ററിനറി സര്‍ജനുമായി സംസാരിച്ച ശേഷം നിങ്ങളുടെ അരുമകളുടെ ഭക്ഷണക്രമം തീരുമാനിക്കുക.

'സ്‌നേഹിച്ചു കൊല്ലുക' എന്നൊക്കെ പറയുന്നപോലെ, ചിലര്‍ നായ്ക്കളെ ഭക്ഷണംകൊടുത്തു 'കൊല്ലാറുണ്ട്'. നാലുനേരം മൂക്കുമുട്ടെക്കൊടുത്ത് ചിലര്‍ അതിനെ ഒരുവഴിക്കാക്കും. വേറൊരു വിഭാഗം സമയത്തിനു ഭക്ഷണമോ വെള്ളമോ കൊടുക്കാതെ നായയെ പീഡിപ്പിക്കും. രണ്ടിനുമിടയിലാണ് നല്ലൊരു ശ്വാനപ്രേമിയുടെ സ്ഥാനം.

ശ്രദ്ധിക്കുക, മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നായക്കുട്ടിക്ക് പരിചരണം ആവശ്യമാണ്. പ്രസവിച്ച് എട്ടാഴ്ചയെങ്കിലുമാകാതെ കുഞ്ഞിനെ അമ്മയുടെ അടുത്തുനിന്നു മാറ്റരുത്. കാരണം, അമ്മയുടെ പാല്‍ കുടിച്ചു വളരേണ്ട സമയമാണിത്. രോഗപ്രതിരോധശേഷിക്കു പാല്‍ അത്യാവശ്യമാണ്. ആറുമുതല്‍ എട്ടാഴ്ചവരെ, ദിവസവും മൂന്നുനാലു തവണ ഭക്ഷണം നല്‍കാം. മൂന്നുമുതല്‍ ആറുമാസം വരെയുള്ള സമയം പല്ലുവളര്‍ച്ചയുടെതാണ്. ഈസമയം ദിവസം രണ്ടുനേരം പോഷകാഹാരം നിര്‍ബന്ധം. എട്ടാഴ്ചയ്ക്കു ശേഷം, ദിവസം രണ്ടുനേരം മതി ഭക്ഷണം. പൂര്‍ണവളര്‍ച്ചയെത്തിയ നായക്ക് ദിവസം രണ്ടുനേരം ഭക്ഷണം മതിയെന്നു ചുരുക്കം.

ഭക്ഷണസമയം നിങ്ങള്‍ക്കു തീരുമാനിക്കാം. ഒരുകാര്യം ശ്രദ്ധിക്കണം. ഭക്ഷണം എല്ലാദിവസവും ഒരേസമയം തന്നെ വേണം. 'ഒരു ബാത്ത് റൂം സമയക്രമം' ഇതുവഴി കൈവരികയാണ്. നേരംതെറ്റിയുള്ള ഭക്ഷണം നമ്മളെപ്പോലെതന്നെ നായ്ക്കള്‍ക്കും അപകടമാണ്. കഴിയുന്നതും ദിവസവും ഒരേ രീതിയിലുള്ള ഭക്ഷണം തന്നെ നല്‍കുക. ഭക്ഷണത്തിലെ പെട്ടെന്നുള്ള മാറ്റം നായ്ക്കളുടെ ദഹനേന്ദ്രിയവ്യവസ്ഥ താങ്ങില്ല. ഭക്ഷണം മാറ്റുന്നുണ്ടെങ്കില്‍ത്തന്നെ അത് ക്രമേണ മതി.

അമൃതു പോലെ കുടിവെള്ളം

അമൃതു പോലെയാണ് നായ്ക്കള്‍ക്കു കുടിവെള്ളം. കുടിക്കാന്‍ ശുദ്ധമായ വെള്ളം എപ്പോഴും ലഭ്യമാക്കണം. ഭക്ഷണമില്ലാതെ നായ്ക്കള്‍ ദിവസങ്ങളോളം ജീവിച്ചെന്നിരിക്കും. പക്ഷേ, വെള്ളമില്ലെങ്കില്‍ ചത്തുപോകും. വെള്ളമൊഴിച്ചുവെക്കുന്ന പാത്രം വൃത്തിയായി സൂക്ഷിക്കണം. ദിവസവും ഒരുനേരമെങ്കിലും വെള്ളം മാറ്റണം. വായില്‍നിന്നു കൂടുതലായി ഉമിനീരൊലിക്കുന്ന നായ്ക്കളുടെ വെള്ളം കൂടുതല്‍ തവണ മാറ്റേണ്ടിവരും.അസുഖബാധിതനായിരിക്കുമ്പോഴും കൊടുംചൂടിലും അവനു വെള്ളം നിര്‍ബന്ധമാണ്. നായ്ക്കള്‍ പതിവിലുമധികം വെള്ളം ഒരുദിവസം കുടിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. എന്തെങ്കിലും അസുഖത്തിന്റെ ലക്ഷണമാകാമത്. 'വെള്ളത്തിനു പകരം പാല്‍' എന്ന സങ്കല്പം മിക്ക നായവളര്‍ത്തുകാര്‍ക്കുമുണ്ട്. തെറ്റാണത്. ഭക്ഷണത്തില്‍ പാലിന്റെ അംശം നിര്‍ബന്ധമാണെങ്കിലും, അത് അധികരിച്ചാല്‍ നായ്ക്കള്‍ക്കു വയറിളക്കം വരും.

ഭക്ഷണത്തില്‍ ആവശ്യത്തിനു കാല്‍സ്യവും കാര്‍ബോഹൈഡ്രേറ്റും മറ്റു ധാതുക്കളും ഉള്‍പ്പെടുത്തുക. അളവിനല്ല, ഗുണത്തിനു പ്രാധാന്യം നല്‍കുക. വളരുന്ന പ്രായത്തിലും ഗര്‍ഭിണികള്‍ക്കും കാല്‍സ്യം അത്യന്താപേക്ഷിതമാണ്. നാരു കലര്‍ന്ന ഭക്ഷണം കൊടുക്കുന്നത് മലബന്ധമില്ലാതാക്കും.

ഇറച്ചി വേവിച്ചു മതി

ഇറച്ചി നായ്ക്കളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധഘടകമാണ്. നായ മാംസഭുക്കാണെന്ന കാര്യം നമ്മള്‍ മറക്കരുത്. അതിന്റെ വായും പല്ലും ദഹനേന്ദ്രിയവും അതിനനുസൃതമായി ചിട്ടപ്പെടുത്തിയതാണ്. എന്നാലും, ഇറച്ചി കൊടുക്കുന്ന കാര്യത്തിലുമാകാം നിയന്ത്രണങ്ങള്‍. വേവിക്കാത്ത മാംസവും മുട്ടയും മീനും കൊടുത്ത് നായ്ക്കളുടെ കരുത്തു കൂട്ടാമെന്നു കരുതുന്നവരുണ്ട്. നായ്ക്കളുടെ മുന്‍ഗാമികളായ ചെന്നായ്ക്കള്‍ക്ക് പച്ചമാംസം രുചികരമായിരിക്കുമെങ്കിലും നായ്ക്കള്‍ക്കിതു നല്ലതല്ല. വീട്ടുഭക്ഷണം നായ്ക്കളുടെ ആഹാരക്രമത്തില്‍ വരുത്തിയ മാറ്റംകൊണ്ടാണത്. ഇറച്ചിയും മുട്ടയും മീനും വേവിച്ചു നല്‍കുക. വേവിക്കാത്തതിലുള്ള ബാക്ടീരിയകള്‍ നായ്ക്കളെ നിരന്തരരോഗികളാക്കും. വീട്ടില്‍ ഇറച്ചി പാകപ്പെടുത്തുമ്പോള്‍ ബാക്കിവരുന്ന കഷണങ്ങള്‍ നായക്കു കൊടുക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇതു നല്ലതല്ല. പ്രോട്ടീന്‍ കലവറയാണ് മല്‍സ്യമെങ്കിലും വേവിച്ചു കൊടുക്കുക. മനുഷ്യരിലെന്നപോലെ നായ്ക്കളിലും ബാക്ടീരിയയുടെ ശല്യം കാരണം വിശപ്പില്ലായ്മ, ഭാരക്കുറവ്, പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും. അതുപോലെ, വേവിക്കാത്ത മുട്ട പതിവായിക്കൊടുത്താല്‍ ത്വക്കുവീക്കം, രോമംപൊഴിച്ചില്‍ തുടങ്ങിയവയുമുണ്ടാകും.

മിഠായി വേണ്ട

നമ്മെപ്പോലെ മധുരപ്രിയരാണു നായ്ക്കള്‍. എന്നാല്‍, കുഞ്ഞുണ്ണിമാഷ് പാടിയപോലെ 'മിഠായിതിന്നാല്‍ കഷ്ടായി' എന്നത് നായ്ക്കളുടെ കാര്യത്തിലും ശരിയാണ്. വല്ലപ്പോഴുമൊരു മിഠായി എന്നല്ലാതെ ഇതൊരു പതിവാക്കിയാല്‍ അപകടമാണ്. എല്ലാ മിഠായികളിലുമടങ്ങിയിരിക്കുന്ന ചില പ്രത്യേകതരം രാസവസ്തുക്കളാണ് നായ്ക്കള്‍ക്ക് അപകടമുണ്ടാക്കുന്നത്. ഛര്‍ദി, വയറിളക്കം, കിതപ്പ്, പൊണ്ണത്തടി, കൂടുതല്‍ മൂത്രം പോകല്‍, അമിതമായ ഹൃദയമിടിപ്പ് തുടങ്ങി മരണത്തിലേക്കു പോലും ഇതു നയിക്കാം. മില്‍ക്ക് ചോക്ലേറ്റുകളെക്കാള്‍, ഇളം കറുപ്പു നിറത്തിലുള്ള ചോക്ലേറ്റുകളാണ് കൂടുതല്‍ അപകടം.

കോഫി, കഫീന്‍ (കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന ഉത്തേജകവസ്തു), മദ്യം, മുന്തിരി (ഉണങ്ങിയതും പച്ചയും), യീസ്റ്റ് കലര്‍ന്ന മാവ്, ഉള്ളി, ഉപ്പ് തുടങ്ങിയവയും അത്ര നല്ലതല്ല. പോഷകാഹാരക്കുറവ് നായ്ക്കളില്‍ അമിത രോമം കൊഴിച്ചിലും ശരീരദുര്‍ഗന്ധവുമുണ്ടാക്കും. അതുപോലെ, നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍നിന്നൊരു പങ്കു കൊടുക്കുന്ന ശീലവും നല്ലതല്ല. നായ്ക്കളിലിത് ഒരുതരം 'യാചകസ്വഭാവം' വളര്‍ത്തും. മാര്‍ക്കറ്റില്‍ ധാരാളം ഡോഗ്ഫുഡ് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പല നായവളര്‍ത്തുകാരും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍, നല്ല ഗുണമുള്ളവ മാത്രം വാങ്ങുക.

ടി.വി. രവി


Stories in this Section