തീറ്റതേടി ജോണ്‍ ജോസഫിന്റെ പശുക്കള്‍ തമിഴ്‌നാട്ടിലേക്ക്

Posted on: 01 Dec 2012

സി.ടി. രാജേഷ്‌
തിരുവമ്പാടി: ദേശീയ അംഗീകാരം നേടിയ ക്ഷീരകര്‍ഷകന്‍ ശാന്തിനഗര്‍ ജോണ്‍ ജോസഫിന്റെ മുപ്പതോളം പശുക്കള്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ വെള്ളാനപ്പെട്ടി ഗ്രാമത്തിലെ പുല്‍മേടുകളിലാണ്. കാലിത്തീറ്റവില ഉയര്‍ന്നതോടെയാണ് തമിഴ് ഗ്രാമീണരെ പശുക്കളെ വളര്‍ത്താന്‍ ഏല്പിക്കുന്ന രീതി ഈ കര്‍ഷകന്‍ പരീക്ഷിച്ചത്.

ധാരാളം പുല്ലും കരിമ്പ്, ചോളം, പച്ചക്കറി തുടങ്ങിയ കൃഷികളില്‍ നിന്നുള്ള അവശിഷ്ടങ്ങളും സുലഭമായ തമിഴ്‌നാട്ടില്‍ കാലിത്തീറ്റ വാങ്ങേണ്ട ആവശ്യമില്ല. ഈ സാധ്യതയാണ് നാഷണല്‍ ഡെയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കഴിഞ്ഞവര്‍ഷത്തെ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ ജോണ്‍ ജോസഫ് പ്രയോജനപ്പെടുത്തുന്നത്. ജോണിന്റെ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ മറ്റു കര്‍ഷകരും പശുക്കളെ തീറ്റതേടി തമിഴ്‌നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്.കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്ന ലോറികള്‍ തിരിച്ചുപോകുമ്പോഴാണ് പശുക്കളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. തമിഴ്‌നാട്ടിലെത്തിയാല്‍ പശുക്കളെ ഗ്രാമീണരുടെ വീടുകളില്‍ ഏല്പിക്കും. പ്രസവിക്കുന്നതിനു തൊട്ടുമുമ്പോ അല്ലെങ്കില്‍ പ്രസവിച്ച ശേഷമോ ഇവയെ തിരികെ കൊണ്ടുവരും. തമിഴ്‌നാട്ടുകാരനായ ഏജന്റിനാണ് ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദിത്വം. പശുക്കളെ പരിപാലിക്കുന്ന കാലയളവിനനുസരിച്ച് 10,000 രൂപമുതല്‍ ഗ്രാമീണര്‍ക്ക് വളര്‍ത്തുകൂലിയായി നല്‍കേണ്ടതുണ്ട്. ഈ സമയത്ത് ലഭിക്കുന്ന പാലും ചാണകവും ഇവര്‍ക്കുള്ളതാണ്. പ്രസവിച്ചശേഷം നല്ല വില ലഭിച്ചാല്‍ തമിഴ്‌നാട്ടില്‍ത്തന്നെ പശുക്കളെ വില്‍ക്കുന്നവരുമുണ്ട്.

കറവയില്ലാത്ത സമയത്ത് പശുക്കളെ തീറ്റിവളര്‍ത്തുകയെന്നത് കര്‍ഷകര്‍ക്ക് വലിയ ബാധ്യതയാണ്. ജോണ്‍ ജോസഫ് തുടങ്ങിയ പുതിയ രീതി ഈ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയ്ക്കാണ് പലരും പരീക്ഷിക്കുന്നത.് കോടഞ്ചേരി മൈക്കാവ് ക്ഷീരസംഘത്തിന് ജോണ്‍ ദിവസേന 500 ലിറ്റര്‍ പാല്‍ വില്പന നടത്തിയിരുന്നു. സ്വന്തം സ്ഥലത്ത് ഏക്കര്‍കണക്കിന് തീറ്റപ്പുല്‍കൃഷി ഉണ്ടായിട്ടും ഇപ്പോള്‍ പശുവളര്‍ത്തല്‍ നഷ്ടമാണെന്ന് ഇദ്ദേഹം പറയുന്നു.

15 വര്‍ഷം മുമ്പ് കൃഷിവകുപ്പില്‍ നിന്ന് വായ്പയെടുത്ത് ഒരു പശുവിനെ വാങ്ങിയാണ് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടിയ ജോണ്‍ ക്ഷീരമേഖലയിലേക്ക് കടന്നത്. ഇപ്പോള്‍ വിവിധ പ്രായത്തിലുള്ള നൂറിലധികം പശുക്കളുണ്ട്.


Stories in this Section