'രംഭ':ഇലക്കറികളിലെ മോഹിനി

Posted on: 01 Dec 2012

വീണാറാണി ആര്‍. കൃഷി ഓഫീസര്‍, കിനാനൂര്‍-കരിന്തളം




കറികള്‍ക്കും ബിരിയാണിക്കും രുചിയും മണവും പകരാന്‍ കഴിയുന്നവള്‍ രംഭ. കൈതവര്‍ഗത്തില്‍പ്പെട്ട രംഭയില ഒരു സുഗന്ധവിളയാണ്. ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ഹൃദ്യവും വ്യത്യസ്തവുമായ രുചിയും സുഗന്ധവുമാണ് രംഭയില നല്‍കുന്നത്. സുഗന്ധഘടകങ്ങളായ പണ്ടാമറീന്‍, അസറ്റയീന്‍, പൈറോലീന്‍ തുടങ്ങിയ ആല്‍ക്കലോയിഡുകളും ചില ലാക്ടോണുകളുമാണ് രംഭയിലെ സുഗന്ധഘടകങ്ങള്‍.

ചെറിയ ഇലകളോടുകൂടി കുറ്റിച്ചെടിയായിവളരുന്ന ഇനവും ഒന്നര മീറ്ററോളം ഉയരത്തില്‍ ഒറ്റത്തടിയായി വളരുന്ന ഇനവും രംഭയ്ക്ക് സ്വന്തം. ഇലയുടെ അറ്റത്തും കടഭാഗത്തും ചെറിയ മുള്ളുകളുണ്ട്. ചിനപ്പുകളുപയോഗിച്ചും തണ്ട് മുറിച്ചുനട്ടുമാണ് വംശവര്‍ധന.

കടഭാഗത്ത് ധാരാളമായി കാണുന്ന ചിനപ്പുകള്‍ ഇളക്കിയെടുത്ത് വേരു പിടിപ്പിച്ചതിനുശേഷം നടാനുപയോഗിക്കാം. കാണ്ഡം രണ്ട് മുട്ടുകളുള്ള കഷണങ്ങളാക്കി ഈര്‍പ്പമുള്ള മണലില്‍ താഴ്ത്തിവെച്ച് വേരുപിടിപ്പിച്ചെടുക്കുന്നതും രംഭ വളര്‍ത്തുന്നതിനുള്ള മറ്റൊരു രീതി. നാലില പരുവത്തില്‍ പറിച്ചുനടുന്നതാണ് രംഭയ്ക്ക് പഥ്യം. അരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളില്‍ ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചേര്‍ത്ത് തൈകള്‍ നടാം.

നല്ല ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ രംഭ അതിവേഗം വളരും. കേരളത്തിലെ കാലാവസ്ഥയില്‍ കീടരോഗബാധയില്ലെന്നുതന്നെ പറയാം. തണലിലും മെരുങ്ങും. മാസത്തിലൊരിക്കല്‍ അല്പം ചാണകപ്പൊടി ചേര്‍ത്തുകൊടുക്കുന്നത് ഉത്പപാദനം കൂട്ടും.

ചെടിയില്‍ നിന്ന് അപ്പപ്പോള്‍ പറിച്ചെടുക്കുന്ന ഇലകള്‍ക്ക് മണം കുറയും. അല്പമൊന്ന് വാടിക്കഴിയുമ്പോള്‍ തനി സുഗന്ധം പുറത്തുവരും. രംഭയിലയുടെ മണം സുഗന്ധ അരിയിനങ്ങളുമായി സാമ്യമുള്ളതിനാല്‍ വില കുറഞ്ഞ അരിയിനങ്ങള്‍ക്ക് സുഗന്ധം പകരാന്‍ കേമി തന്നെ. രംഭയില ചേര്‍ത്തുണ്ടാക്കുന്ന കോഴിക്കറിക്ക് പ്രത്യേക രുചിയും മണവുമാണ്. കേക്കിന് രുചിയും നിറവും മണവും പകരാന്‍ ഇതിന്റെ ഇല ഉപയോഗിക്കുന്നുണ്ട്.





Stories in this Section