തേങ്ങയ്ക്ക് വിലയിടിയുന്നു; രക്ഷതേടി നാളികേരകര്‍ഷകര്‍

Posted on: 25 Nov 2012


കൊയിലാണ്ടി: നാളികേരത്തിന്റെ വിലയിടിവ് തേങ്ങാ കര്‍ഷകരെ കടുത്ത ദുരിതത്തിലേക്കും നിരാശയിലേക്കും തള്ളിവിടുന്നു. ഒരു കാലത്തും ഉണ്ടാകാത്ത വിലയിടിവാണ് നാളികേര കര്‍ഷകര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. പ്രശ്‌നം ഇത്രയേറെ രൂക്ഷമായിട്ടും രാഷ്ട്രീയകക്ഷികളൊന്നും ഗൗരവമായി എടുക്കുന്നില്ലെന്ന് തേങ്ങാകര്‍ഷകര്‍ പരാതിപ്പെടുന്നു.

പച്ചതേങ്ങയ്ക്ക് കിലോയ്ക്ക് പത്തരമുതല്‍ 11 രൂപ വരെയാണ് ഇപ്പോള്‍ വില. കഴിഞ്ഞവര്‍ഷം ഇതേസമയം 19 രൂപ മുതല്‍ 21 രൂപവരെ ലഭിച്ചിരുന്നു. ഉണ്ടയ്ക്ക് ക്വിന്റലിന് 4800 രൂപയാണ് കഴിഞ്ഞദിവസത്തെ വില. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 6500 രൂപവരെ ലഭിച്ചിരുന്നു. കൊപ്രയ്ക്ക് 3800 രൂപയാണ് വില. കഴിഞ്ഞവര്‍ഷം 4750 രൂപവരെ കിട്ടിയതാണ്. തേങ്ങാ പിണ്ണാക്കിന് മാത്രമാണ് ഇപ്പോള്‍ അല്‍പമെങ്കിലും വിലയുള്ളത്. ഒരുകിലോ തേങ്ങാപിണ്ണാക്കിന് 18 മുതല്‍ 19 രൂപവരെ വിലയുണ്ട്. തേങ്ങാപിണ്ണാക്ക് കൂടുതലായി ഗുജറാത്തിലേക്കാണ് കയറ്റിഅയയ്ക്കുന്നത്. ചോക്ക്‌ലേറ്റ് ഉപയോഗിച്ചുള്ള മിഠായി നിര്‍മാണത്തിനാണ് തേങ്ങാപിണ്ണാക്ക് കൂടുതലായി ഉപയോഗിക്കുന്നത്. തേങ്ങയ്ക്ക് വിലയില്ലാത്തതുകാരണം തെങ്ങിന്‍തോപ്പുകളില്‍ അതത് കാലത്ത് ചെയ്യേണ്ട ജോലികള്‍ ചെയ്യിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ആവുന്നില്ല. വിലകുറഞ്ഞതോടെ കര്‍ഷകര്‍ കടുത്ത നിരാശയിലുമാണ്. പലരും തെങ്ങ് വെട്ടിമാറ്റി റബര്‍, കവുങ്ങ് കൃഷിയിലേക്ക് മാറുകയാണ്.

തെങ്ങില്‍ കയറാന്‍ തൊഴിലാളികളെ കിട്ടാത്ത സ്ഥിതി രൂക്ഷമാണ്. ഒരു തെങ്ങില്‍ കയറാന്‍ നാട്ടിന്‍പുറത്ത് 15 രൂപമുതല്‍ 20 രൂപവരെയാണ് കൂലി. എന്നാല്‍ നഗരപ്രദേശങ്ങളില്‍ ഇത് കൂടും. തെങ്ങില്‍നിന്നും ലഭിക്കുന്ന തുച്ഛമായ ആദായം തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് നല്‍കാന്‍പോലും തികയുന്നില്ല. തെങ്ങിന്‍തോപ്പുകള്‍ ഇടയിളക്കുന്ന കാലമാണിത്. തുലാം, വൃശ്ചികം മാസങ്ങളുടെ ഇടവേളയിലാണ് ജോലികള്‍ ചെയ്യേണ്ടത്. തെങ്ങിന്‍തോപ്പില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് 400 മുതല്‍ 500 രൂപവരെ കൂലി നല്‍കണം. ഈ പണികള്‍ ചെയ്യാനൊന്നും നാളികേര കര്‍ഷകര്‍ക്കാവുന്നില്ല.

1000 തേങ്ങ പൊതിക്കാന്‍ 400 രൂപയാണ് കൂലി. ഇത്രയൊക്കെ ചെലവഴിച്ചാല്‍ കര്‍ഷകന് ഒരു തേങ്ങയില്‍ നിന്ന് ലഭിക്കുക രണ്ടര രൂപയാണ്. തെങ്ങിനേക്കാള്‍ ഇപ്പോള്‍ ആദായം കവുങ്ങിനാണ്. അടക്ക പുതിയത് ക്വിന്റലിന് 10,000 രൂപമുതല്‍ 11,500 രൂപവരെ വിലയുണ്ട്. പഴയതിന് ഇതിനേക്കാള്‍ വിലയുണ്ട്. പഴയ കൊട്ടടക്കയ്ക്ക് 13,300 മുതല്‍ 13,800 രൂപവരെയാണ് വില.

കൊപ്രയ്ക്ക് താങ്ങുവില നിശ്ചയിക്കാത്തതും സഹകരണസംഘങ്ങള്‍വഴി തേങ്ങ സംഭരിക്കാത്തതുമാണ് നാളികേരകര്‍ഷകരെ വലയ്ക്കുന്നത്.


Stories in this Section