സ്വന്തംപേരില്‍ അട്ടപ്പാടിയുടെ കാര്‍ഷികോത്പന്നങ്ങള്‍

Posted on: 25 Nov 2012


അഗളി: അട്ടപ്പാടിയിലെ തനതായ ഉത്പന്നങ്ങള്‍ സ്വന്തംപേരില്‍ പുറത്തിറങ്ങുന്നു. ഹോര്‍ട്ടികള്‍ച്ചര്‍മിഷനും ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിക്ക് 153 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കൃഷിവകുപ്പിന്റെ നേരിട്ടുള്ളനിയന്ത്രണത്തില്‍ അട്ടപ്പാടിയിലെ കാര്‍ഷികമേഖലയില്‍ മുഴുവന്‍ പദ്ധതി നടപ്പാക്കും. പ്രാരംഭച്ചെലവുകള്‍ക്കായി 30ശതമാനം മുന്‍കൂറായി കര്‍ഷകന് നല്‍കും. അട്ടപ്പാടിക്ക് അനുവദിച്ച കാര്‍ഷികപാക്കേജിന്റെ ഭാഗമായാണിത്.

അട്ടപ്പാടിക്കുപുറത്ത് ഏറെ വിപണനസാധ്യതയുള്ള 'വട്ട്‌ലക്കി ഞാലിപ്പൂവന്‍ വാഴപ്പഴം', തേന്‍, വിവിധയിനം പച്ചക്കറികള്‍, ഔഷധസസ്യങ്ങള്‍ എന്നിവയാണ് സ്വന്തം ബ്രാന്‍ഡ് ആയി പുറത്തിറങ്ങുന്നത്. പ്രാദേശിക കര്‍ഷകസമിതികളെ പുനരുജ്ജീവിപ്പിച്ച് കര്‍ഷകര്‍ക്ക് വിത്ത്, വളം, പണം എന്നിവ മുന്‍കൂര്‍നല്‍കി കൃഷി ചെയ്‌തെടുക്കുന്ന വിളകള്‍ ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍ നേരിട്ട് ഏറ്റെടുക്കും. പദ്ധതിയുടെ ആദ്യഘട്ടനടത്തിപ്പിനായി 9 കോടിരൂപ ലഭിച്ചുകഴിഞ്ഞു. രണ്ടാംഘട്ടം ക്ഷീരമേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് നടപ്പാക്കുക.

കൃഷിക്കാര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ ഹോര്‍ട്ടികള്‍ച്ചര്‍വിഭാഗം നേരിട്ട് നല്‍കും. ജലസേചനത്തിനായി കമ്യൂണിറ്റിടാങ്കുകള്‍ നിര്‍മിക്കാനും കാട്ടുമൃഗങ്ങളില്‍നിന്നുള്ള സംരക്ഷണത്തിനായി സോളാര്‍ ഫെന്‍സിങ്, പതിമുഖവേലി എന്നിവ നിര്‍മിക്കാനും പദ്ധതികളുണ്ട്. ഇതുസംബന്ധിച്ച് അഗളിയില്‍ചേര്‍ന്ന സെമിനാറിലും തുടര്‍ന്ന് ഹോര്‍ട്ടികള്‍ച്ചര്‍ പത്രസമ്മേളനത്തിലും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ലാല്‍ വര്‍ഗീസ് കല്പകവാടി, മാനേജിങ് ഡയറക്ടര്‍ മനോജ്കുറുപ്പ്, ഡയറക്ടര്‍ ഡോ. പ്രതാപന്‍, ടെക്‌നിക്കല്‍ ഓഫീസര്‍ മിനിജേക്കബ്, കൃഷിവകുപ്പ് ഡെപ്യൂട്ടിഡയറക്ടര്‍ ഉഷ, ജോയന്റ് ഡയറക്ടര്‍ രാധാഭായി, അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷ്, കൃഷിഓഫീസര്‍ സാലു, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Stories in this Section