നെല്‍കര്‍ഷകര്‍ക്ക് ഫാക്ടിന്റെ പുതിയ വളം

Posted on: 25 Nov 2012

സി.കെ. ശശി ചാത്തയില്‍, 9633906049നെല്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ഫാക്ടിന്റെ രാസവള മിശ്രിതം വിപണിയിലറങ്ങി. കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയ്ക്ക് പുറമെ തൃശ്ശൂര്‍, കുട്ടനാട് എന്നിവിടങ്ങളിലും ഇതിന്റെ പരീക്ഷണകൃഷി നടന്നിരുന്നു. മറ്റെല്ലാ കാര്‍ഷിക വിളകള്‍ക്കും പ്രത്യേകം പ്രത്യേകം രാസവളങ്ങള്‍ ഉണ്ടെങ്കിലും നെല്ലിന് മാത്രമായി ഇതുവരെ പ്രത്യേക രാസവളങ്ങളൊന്നും പ്രയോഗത്തിലുണ്ടായിരുന്നില്ല.

പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ പന്നിയൂര്‍ പാടശേഖരത്ത് പതിനഞ്ച് ഏക്കര്‍ സ്ഥലത്ത് ഇതിന്റെ പ്രദര്‍ശനകൃഷി നടത്തിയിരുന്നു. ജില്ലയിലെ പാലക്കാട്, കുഴല്‍മന്ദം, ചിറ്റൂര്‍, മലമ്പുഴ, കൊല്ലങ്കോട്, തൃത്താല തുടങ്ങി ആറ് ബ്ലോക്കുകളിലായി 90 ഏക്കര്‍ സ്ഥലത്താണ് വളത്തിന്റെ പ്രദര്‍ശനകൃഷി നടന്നത്. പുതിയ വളം എഴുപത് ശതമാനം ഉപയോഗിച്ച് കൃഷി ചെയ്ത സ്ഥലത്ത് ഏക്കറിന് 1790 കിലോ നെല്ല് കിട്ടിയപ്പോള്‍ നൂറുശതമാനം ഉപയോഗിച്ച് കൃഷി ചെയ്ത സ്ഥലത്തുനിന്ന് ഏക്കറിന് 2200 കിലോ നെല്ല് ലഭിച്ചു. നേരത്തേ സാധാരണ കര്‍ഷകര്‍ ഉപയോഗിച്ചിരുന്ന യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ സാധാരണ രീതിയില്‍ ഉപയോഗിച്ച് കൃഷിചെയ്ത സ്ഥലത്തുനിന്ന് ഏക്കറിന് 1320 കിലോ നെല്ലാണ് ലഭിച്ചത്. ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ ഉമയിനം വിത്താണ് ഉപയോഗിച്ചത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വളപ്രയോഗം നടന്നത്. പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രവും ഫാക്ടും ചേര്‍ന്നാണ് പ്രദര്‍ശനകൃഷി നടത്തിയത്. 'ഫാക്ട്മിക്‌സ്' പാഡിയുടെ അടി വളത്തിന്റെ വില 50 കിലോയ്ക്ക് 852 രൂപയും മേല്‍വളത്തിന്റെ വില 50 കിലോയ്ക്ക് 720 രൂപയുമാണ്.
Stories in this Section