വളര്‍ത്താം വന്‍ വാത്തയെ

Posted on: 25 Nov 2012

ഡോ. പി.വി. മോഹനന്‍
മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മനുഷ്യന്‍ ഇണക്കിവളര്‍ത്തിയ പക്ഷിയാണ് ഗീസ് അഥവാ വന്‍വാത്തുകള്‍. എന്നിട്ടും താറാവിനെയും ടര്‍ക്കിയെയും വളര്‍ത്തുന്നതുപോലെ വ്യാവസായികാടിസ്ഥാനത്തില്‍ ഇവയെ വളര്‍ത്തി തുടങ്ങിയിട്ടില്ല. ഏത് ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.

വാത്തകളെ കൂട്ടിലും തുറന്നുവിട്ടും വളര്‍ത്തുന്നരീതിയാണ് കൂടുതല്‍ അഭികാമ്യം. ചെറിയ ഷെഡ്ഡ് ഇതിനായി വേണം. വാത്ത ഒന്നിന് 1 ചതുരശ്രമീറ്റര്‍ സ്ഥലം വേണം. തറ സിമന്റിട്ടതായിരിക്കണം. മേല്‍ക്കൂരയ്ക്ക് ഓട്, ആസ്ബസ്റ്റോസ്, ഓല എന്നിവ ഉപയോഗിക്കാം. തറയില്‍ 8 സെ.മീറ്റര്‍ കനത്തില്‍ ലിറ്റര്‍ വിരിയിക്കണം. കൂട്ടിനുള്ളില്‍ മുട്ടപ്പെട്ടി വെക്കണം. ചുമര്‍ ഒന്നൊന്നര മീറ്റര്‍ കഴിഞ്ഞ് ബാക്കി കമ്പിവലയാകാം. കാറ്റടിക്കുന്ന സ്ഥലമാണെങ്കില്‍ ചുമര്‍ രണ്ട് മീറ്റര്‍ വരെയാക്കാം.യാര്‍ഡിന് (പുറത്ത് നടക്കാനുള്ള സ്ഥലം) ചുറ്റും കമ്പിവേലി വേണം. തീറ്റ കൊടുക്കാനും വെള്ളം കൊടുക്കാനുമുള്ള സൗകര്യവും വേണം. യാര്‍ഡില്‍ വാത്തയൊന്നിന് രണ്ട് ചതുരശ്രമീറ്റര്‍ സ്ഥലംവേണം.

അപരിചിതരായ പൂവനും പിടയും തമ്മില്‍ കണ്ടാല്‍ യാതൊരു ലൈംഗിക ചേഷ്ടയും കാണിക്കാറില്ല. പ്രത്യുത്പാദനക്ഷമതയുള്ള മുട്ടകള്‍ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് ആറ് ആഴ്ചയെങ്കിലും പൂവനെ പിടയുടെ കൂടെ ഇടേണ്ടതാണ്. വളര്‍ത്തുപക്ഷികളില്‍ വെച്ച് കൂടുതല്‍ കാലം ഉത്പാദനക്ഷമത നിലനിര്‍ത്തുവാനുള്ള കഴിവ് വാത്തകള്‍ക്കാണ്. പൂവന്മാര്‍ക്ക് അഞ്ച് വര്‍ഷവും പിടകള്‍ക്ക് പത്ത് വര്‍ഷവും പ്രജനനപ്രദമായ ജീവിത ദൈര്‍ഘ്യമുണ്ട്. നാല് പിടയ്ക്ക് ഒരു പൂവന്‍ മതിയാകും. മുട്ടയിട്ട് തുടങ്ങുന്നതിന് ഒരു മാസം മുന്‍പുതന്നെ ബ്രീഡര്‍ തീറ്റ കൊടുത്തുതുടങ്ങണം. കൂടുതല്‍ മുട്ട ലഭിക്കുന്നതിന് പ്രജനനകാലത്ത് കൃത്രിമവെളിച്ചം നല്‍കുന്നത് നല്ലതാണ്.

മുട്ടകള്‍ വിരിയാന്‍ 28 - 30 ദിവസങ്ങള്‍ വേണം. മുട്ട ശേഖരിച്ച് പത്ത് ദിവസങ്ങള്‍ക്കകം അടവെക്കാവുന്നതാണ്. വാത്തുകള്‍ പൊതുവെ നന്നായി അടയിരിക്കുന്ന പക്ഷികളാണ്. അടയിരിക്കുമ്പോള്‍ തീറ്റ തിന്നാതെ പട്ടിണികിടന്നു ചത്തുപോകുന്ന ശീലവും ഇവയ്ക്കുണ്ട്. അതിനാല്‍ തീറ്റ തിന്നുന്നതിനായി ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കൂട് തുറന്നുകൊടുത്ത് ഇവയെ പുറത്തേയ്ക്കുവിടേണ്ടതാണ്. അടയിരിക്കുന്ന വാത്തുകള്‍ക്ക് മറ്റുള്ളവയുടെ ശല്യമില്ലാതെ ശ്രദ്ധിക്കണം. അടവെക്കാനുള്ള മുട്ടകള്‍ തണുത്ത റൂമില്‍ സൂക്ഷിക്കണം. 140 - 200 ഗ്രാം തൂക്കമുള്ള മുട്ടകളാണ് അടവെക്കാനുത്തമം. വൃത്തികേടായ മുട്ടയുടെ പുറംതോട് നനച്ച തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം. ഒരു വാത്തയ്ക്ക് 10 -15 മുട്ടകള്‍ അടവെക്കാം. മുട്ടയുടെയും വാത്തയുടെയും വലിപ്പത്തിനനുസരിച്ച് എണ്ണവും വ്യത്യാസമുണ്ടാകും.
കോഴിക്കുഞ്ഞുങ്ങള്‍ക്കെന്നപോലെ കൃത്രിമ ബ്രൂഡുകള്‍ ഉപയോഗിച്ചും ഇവയെ പരിപാലിക്കാം. 15-20 വാത്തക്കുഞ്ഞുങ്ങളെ ചൂടുകൊടുത്തു വളര്‍ത്താന്‍ 100 കോഴിക്കുഞ്ഞുങ്ങള്‍ക്കുവേണ്ട സ്ഥലംവേണം. ഇന്‍ഫ്രാറെഡ് ബള്‍ബ് കത്തിച്ച് ചൂട് നല്‍കുന്നതാണ് ഉത്തമം. വെള്ളപ്പാത്രം ബള്‍ബിന്റെ അടുത്തുവെക്കാന്‍ പാടില്ല. കാരണം ഇവയ്ക്ക് വെള്ളം തെറിപ്പിച്ച് കളിക്കുന്ന സ്വഭാവമുണ്ട്. ഇവയുടെ കാഷ്ഠത്തില്‍ ജലാംശം കൂടുതലുള്ളതിനാല്‍ ലിറ്റര്‍ കൂടുതലായി നനയും.

വാത്ത കുഞ്ഞുങ്ങള്‍ക്ക് പെല്ലറ്റു രൂപത്തിലുള്ള തീറ്റ നല്‍കാവുന്നതാണ്. പുല്‍നാമ്പുകളും പച്ചിലകളും ധാരാളമായി കൊത്തിത്തിന്നുന്നതിനാല്‍ ഇവയ്ക്കുള്ള തീറ്റ വളരെയധികം ലാഭിക്കാം. ആറു മുതല്‍ എട്ട് ആഴ്ചവരെ പ്രായമായാല്‍ ഇവയെ തുറന്നുവിട്ട് വളര്‍ത്താം. പിണ്ണാക്ക്, ചോളം, തവിട് എന്നിവ തീറ്റയായി നല്‍കാം. മൂന്ന് ആഴ്ചവരെ ധാന്യങ്ങളുടെ 40 ശതമാനത്തോളം തരിരൂപത്തില്‍ നല്‍കണം. തുടര്‍ന്ന് മൂന്ന് ആഴ്ചവരെ ധാന്യങ്ങളുടെ 40 ശതമാനത്തോളം തരിരൂപത്തില്‍ നല്‍കണം. തുടര്‍ന്ന് 60 ശതമാനമാക്കി വര്‍ധിപ്പിക്കാം. നല്ല വലിപ്പമുള്ള പാത്രത്തില്‍ ഏത് സമയത്തും ശുദ്ധജലം ലഭ്യമാക്കണം. മുട്ടയിടാന്‍ തുടങ്ങിയാല്‍ കക്കപൊടിച്ചത് കൊടുക്കേണ്ടതാണ്.Stories in this Section