മുറ്റത്തൊരു സ്വര്‍ണക്കനി

Posted on: 25 Nov 2012

ചന്ദ്രഅടിമുടി പൊന്നില്‍ കുളിച്ചാണ് നില്പ്. വിഷുക്കണിക്ക് പൊന്‍നിറം പകരാന്‍ പിറന്നതെന്നാണ് ഭാവം. പറഞ്ഞുവരുന്നത് കേരളത്തിന് ഏറെ പരിചിതമല്ലാത്ത ബര്‍മീസ് ഗ്രേപ്പ് എന്ന പഴത്തെക്കുറിച്ചാണ്.

പല നവഫലങ്ങളും വന്നവഴിയിലൂടെത്തന്നെയാണ് ഈ പരദേശിയുടെ വരവ്. ജന്മംകൊണ്ട് മലേഷ്യക്കാരന്‍. ഒത്തൊരു മരംകാണണമെങ്കില്‍ മലപ്പുറത്തെത്തണം. കൃത്യമായിപ്പറഞ്ഞാല്‍ കരുവാരക്കുണ്ട് പുല്‍വെട്ട മഞ്ചേരിപ്പറമ്പില്‍ ശശികുമാറിന്റെ കൃഷിയിടത്തില്‍. പെരുത്തുകായ്ക്കാന്‍ വ്രതമെടുത്തപോലെയാണ് മരത്തിന്റെ നില്പ്. മലപ്പുറമായതുകൊണ്ടൊന്നുമല്ല, പഴുക്കുംവരെ പഴങ്ങള്‍ക്ക് പച്ചയോടാണ് കൂറ്. ജനവരിയില്‍ പൂവിടും. പിസ്ത നിറത്തിലാറാടിയ കുഞ്ഞുപൂക്കാലം. മൂന്നാഴ്ചകൊണ്ട് ഇളം കായ്കള്‍ പിറക്കും. മീനം പിറന്നാല്‍ മരം സ്വര്‍ണക്കൊലുസുകള്‍ മേലാകെയണിയും. ചില്ലയെന്നോ തടിയെന്നോ വ്യത്യാസമില്ല. കണിക്കൊന്നയുടെ മൊട്ടുകണക്കെയുള്ള പഴങ്ങളുടെ പ്രദര്‍ശനമാണ് പിന്നെ. പച്ചയോടുള്ള കൂറ് വിട്ട് മഞ്ഞയോടാകും പ്രണയം. വിഷുവിന് കണിയൊരുക്കാന്‍ നോമ്പുനോറ്റ കണിക്കൊന്നയുടെ അപരനെന്ന വിശേഷണം നന്നായിണങ്ങും. അതുകൊണ്ടുതന്നെ ശശികുമാറിന്റെ പുതുവര്‍ഷപ്പിറവിയില്‍ കണിക്കാഴ്ചയ്ക്ക് ഈ പഴം ഇടംപിടിച്ചിട്ട് വര്‍ഷങ്ങളായി.മലേഷ്യയില്‍ നിന്നെത്തിയ സുഹൃത്താണ് ഈ പൊന്‍കനിയുടെ വിത്ത് സമ്മാനിച്ചത്. 16 വര്‍ഷം മുമ്പ്. രണ്ട് തൈകള്‍ പിടിച്ചുകിട്ടി. അഞ്ചാണ്ട് കഴിഞ്ഞാണ് മരമൊന്നില്‍ കായ് പിറന്നത്. പഴക്കാലം കിനാവുകണ്ട് കഴിയുന്ന മറ്റൊരു മരം ഇപ്പോഴുമുണ്ട് തോട്ടത്തില്‍. മരങ്ങളിലെ ആണ്‍-പെണ്‍ വ്യത്യാസമാണോ കായ്ക്കാത്തതിന് കാരണമെന്നകാര്യത്തില്‍ ശശികുമാറിന് ഉറപ്പില്ല.

അഞ്ചേക്കറാണ് ശശികുമാറിന്റെ കൃഷിയിടം. തെങ്ങിനും കവുങ്ങിനും കാപ്പിക്കും കൊക്കോയ്ക്കുമൊപ്പം പലവിധ പഴവിളകള്‍ നിരന്നുനിന്ന പറമ്പ്. ആദായത്തിനൊഴികെ മറ്റൊന്നിനും കുറവില്ലായിരുന്നു അവിടെയെന്ന് ശശിയുടെ തുറന്നുപറച്ചില്‍. തെങ്ങും പഴമരങ്ങളും പിഴുതെറിയാന്‍ വന്ന ജെ.സി.ബി. ഡ്രൈവറുടെ ഔദാര്യമാണ് ബര്‍മീസ് ഗ്രേപ്പിന് വിളഞ്ഞുകായ്ക്കാന്‍ വിധിയൊരുക്കിയത്. ആദായംതരാത്ത വിളകളെയെല്ലാം കാലപുരിക്കയക്കാനായിരുന്നു നിശ്ചയിച്ചത്. അവിടം മുഴുവന്‍ റബര്‍തൈ നടാനായിരുന്നു പദ്ധതി. അതിനായി ജെ.സി.ബി. വരുത്തി. തെങ്ങിനൊപ്പം വേരറ്റമരങ്ങളില്‍ റംബൂട്ടാനും മാങ്കോസ്റ്റിനുമെല്ലാം ഉണ്ടായിരുന്നു. ബര്‍മീസ് ഗ്രേപ്പ് മരം വേരോടെ പിഴുതെറിയാനുള്ള നിര്‍ദേശം ജെ.സി.ബി.യുടെ ഡ്രൈവര്‍ സ്‌നേഹത്തോടെ നിരസിച്ചു. ജീവന്‍കാത്ത ജെ.സി.ബി. ഡ്രൈവറോടുള്ള കൂറ് തൊട്ടടുത്ത വര്‍ഷങ്ങളില്‍ ആ മരം ഞങ്ങളോട് കാട്ടിത്തുടങ്ങി. അടിമുടി കായ്ച്ചുകൊണ്ടായിരുന്നു അത്.

ഇളംമധുരം മേമ്പൊടി ചേര്‍ത്തതാണ് പഴരുചി. കനക്കുറവാണ് മറ്റൊരു കൗതുകം. 20 ഉം 30 ഉം കുലകള്‍ കൂട്ടിപ്പിടിച്ചാല്‍പോലും പൂക്കള്‍ കൈയിലെടുത്തപോലാണ്.

ഉള്‍കാമ്പിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന തൊലിയും മൃദുലമാണ്. വേര്‍തിരിച്ചറിയാനാവാത്തവിധം ഇഴചേര്‍ന്ന അല്ലികളില്‍ വിത്തൊളിപ്പിച്ചിട്ടുണ്ട്. ഒന്നുമുതല്‍ ഏഴുവരെ വിത്തുകള്‍ കാണാം. പഴം വായിലിട്ട് അലിച്ചിറക്കുന്നതിനൊടുവില്‍ വിത്ത് നാവിന്‍തുമ്പിലടിയും എന്ന് കരുതാനാവില്ല. അത്രയ്ക്കും മൃദുലമാണ് വിത്ത്. ആരെയും ആകര്‍ഷിക്കുന്നത്ര സുന്ദരമാണ് പഴങ്ങള്‍. പൂവന്‍പഴത്തിന്റെ സ്വാദിനോടാണ് സാമ്യം.

വംശവര്‍ധനയുടെ പല രീതികളോട് അനുകൂലമായാണ് പ്രതികരണമെന്ന് ശശികുമാര്‍. വിത്ത് കിളിര്‍പ്പിച്ചായിരുന്നു തൈ ഉത്പാദനം. കമ്പൊട്ടിച്ചപ്പോഴും കണ്ണൊട്ടിച്ചപ്പോഴും പുതുനാമ്പ് നീട്ടാന്‍ മടികാട്ടിയില്ല. വിത്തുകൊണ്ടുള്ള തൈ കായ്ക്കാന്‍ ചുരുങ്ങിയത് അഞ്ചാണ്ടെടുക്കും. അതുകൊണ്ടുതന്നെ, കമ്പൊട്ടിച്ചവയോടാണ് തൈ തേടിയെത്തുന്നവര്‍ക്ക് പ്രിയം. വേരും ഇലകളും ത്വക്ക്‌രോഗ സംഹാരിയാണ്. കായ്കള്‍ കറിവെക്കാം. ബര്‍മീസ് ഗ്രേപ്പിന്റെ ജാതകത്തില്‍ പലതുണ്ട് സവിശേഷതകള്‍. രണ്ടര അടി സമചതുരക്കുഴിയില്‍ അടിവളമിട്ടുവേണം തൈ നടാന്‍. ഉണങ്ങിപ്പൊടിഞ്ഞ ചാണകവും കമ്പോസ്റ്റും വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും മസൂറിഫോസുമെല്ലാം അടങ്ങിയ ജൈവവളക്കൂട്ട് ശശിതന്നെ തയ്യാറാക്കുകയാണ് ചെയ്യുന്നത്. കൃഷികാര്യങ്ങളുമായി ശശികുമാറിന്റെ ഓരോ ദിവസവും തിരക്കേറിയതാണ്. മൂന്നേക്കറിലാണ് റബര്‍. അഞ്ച് മരങ്ങളില്‍ റബൂട്ടാന്‍ കായ്ച്ചുനില്‍ക്കുന്നു. പഴറാണിയായ മാങ്കോസ്റ്റിന്റെ കായ്ക്കുന്ന 18 മരങ്ങളുണ്ട്. ബട്ടര്‍ ഫ്രൂട്ടും കൊക്കോയും പാഷന്‍ഫ്രൂട്ടും സപ്പോട്ടയും കുടമ്പുളിയുമടക്കം പല മരങ്ങളുടെ സാന്നിധ്യം ഇപ്പോഴും മഞ്ചേരിപ്പറമ്പിലുണ്ട്. അമ്മ ജാനകിയും ഭാര്യ റെയ്‌നിയും മക്കളായ നീലിമയും നിരൂപും വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടത്തില്‍ വിഷരഹിത പച്ചക്കറിവിപ്ലവം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496445435.Stories in this Section