കണ്ടു പഠിക്കാം ഈ വിദ്യാലയപ്പെരുമ

Posted on: 22 Nov 2012മലപ്പുറം: മങ്കടയ്ക്കടുത്ത് വള്ളിക്കാംപറ്റ അന്ധവിദ്യാലയത്തിലെ 77 വിദ്യാര്‍ഥികള്‍ പുലര്‍ച്ചെ അഞ്ചിന് ഉണരും. സ്വന്തമായുണ്ടാക്കിയ പച്ചക്കറിത്തോട്ടത്തിന്റെയും ഔഷധോദ്യാനത്തിന്റെയും ബസുമതി വയലിന്റെയും ഹരിതഭംഗിയില്‍ അവരുടെ കണ്ണുകള്‍ നക്ഷത്രങ്ങളായി തിളങ്ങും.കണ്ണില്‍ പതിയാത്ത കാഴ്ചകളെ അറിവിന്റെയും അധ്വാനത്തിന്റെയും മേന്മകൊണ്ട് അതിജീവിക്കുകയാണ് ഈ പിഞ്ചുവിദ്യാര്‍ഥികള്‍.

കേരളത്തിലെ ആദ്യത്തെ എയ്ഡഡ് സ്‌പെഷല്‍ സ്‌കൂളാണ് വള്ളിക്കാംപറ്റ അന്ധവിദ്യാലയം. 'പതിമുക' വേലികൊണ്ട് അതിരിട്ട 5.8 ഏക്കറില്‍ വിസ്തൃതമായ വള്ളിക്കാംപറ്റയിലെ ഈ വിദ്യാലയപരിസരം ഒരു ഹരിതഭൂമിയാക്കി മാറ്റിയത് കാഴ്ചകളുടെ ലോകം അന്യമായ ഇവിടത്തെ വിദ്യാര്‍ഥികളാണ്.

ഇവര്‍ മാതൃകയാകുന്നത്

പരിമിതികളില്ലാത്ത സൗകര്യങ്ങളും അക്കാദമിക് പിന്തുണയും ലഭിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളെ ലജ്ജിപ്പിച്ചുകൊണ്ടാണ് പരിമിതികളെ ചെറുത്തുതോല്പിക്കുന്ന ഈ വിദ്യാര്‍ഥികള്‍ ചരിത്രമെഴുതുന്നത്.

പഠനത്തോടൊപ്പം വലിയതോതിലുള്ള കൃഷിയും പൂന്തോട്ടവും സ്വന്തമായി പരിപാലിക്കുകയാണ് ഇവര്‍. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്ട്രി ക്ലബ്ബിന്റെയും സീഡ്ക്ലബ്ബിന്റെയും നേതൃത്വത്തില്‍ വലിയൊരു പച്ചക്കറിത്തോട്ടം നിര്‍മിച്ചിരിക്കുന്നു. പയര്‍, ചീര, വെണ്ട, കയ്പ, മുളക് ഇവയെല്ലാം കൃഷിചെയ്യുന്നു. പച്ചക്കറിത്തോട്ടത്തിനോട് ചേര്‍ന്ന് മള്‍ബറികൃഷിയും കപ്പക്കൃഷിയും ഉണ്ട്. കപ്പ വിളവെടുക്കാറായി. ഇവകൂടാതെ മാവ്, പ്ലാവ്, തെങ്ങ് തുടങ്ങി നാനാവിധ വൃക്ഷങ്ങളും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷം ഒരേക്കര്‍ സ്ഥലത്ത് 'ബസുമതി' നെല്‍കൃഷി നടത്തി. കുട്ടികള്‍ തന്നെയാണ് വിത്തിട്ടതും കൊയ്‌തെടുത്തതും.

സ്‌കൂളിലെ മാലിന്യങ്ങള്‍ മുറ്റത്തേക്ക് വലിച്ചെറിയുന്ന മറ്റ് പല സ്‌കൂളുകളും കണ്ടുപഠിക്കേണ്ട മറ്റുപലതും ഇവിടെയുണ്ട്. സ്‌കൂളിലുണ്ടാകുന്ന മാലിന്യങ്ങള്‍ വേണ്ടവിധത്തില്‍ സംസ്‌കരിക്കുന്നതും ഇവിടത്തെ വിദ്യാര്‍ഥികള്‍ തന്നെയാണ്. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ നടത്തിപ്പും കുട്ടികള്‍ക്ക് തന്നെയാണ്.

സ്‌കൂള്‍ പരിധിയില്‍ നിര്‍മിച്ച കുഴിയിലേക്ക് മാലിന്യങ്ങള്‍ നീക്കംചെയ്യുകയും പിന്നീട് ബയോഗ്യാസ് പ്ലാന്റിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. അന്ധതയേല്‍പ്പിച്ച ഇരുട്ടിനെ ആത്മാവിഷ്‌കാരം കൊണ്ടും നിഷ്‌കളങ്കമായ പ്രേരണകൊണ്ടും അര്‍പ്പണബോധം കൊണ്ടും പ്രയത്‌നംകൊണ്ടും മറികടക്കുന്ന കാഴ്ച കാണാന്‍ വള്ളിക്കാംപറ്റയിലെ ഈ സ്‌കൂള്‍ മുറ്റത്തെത്തണം.

ഞങ്ങളുടെ ഒരുദിവസം...

രാവിലെ അഞ്ചിന് ഉണരും. പ്രഭാത കൃത്യങ്ങള്‍ക്കുശേഷം പത്രവായന, അല്‍പ്പനേരം പഠനം. 10ന് ക്ലാസ് മുറികളിലേക്ക്... നാലിന് ക്ലാസ് തീര്‍ന്നാല്‍ ചായകുടിച്ച് അല്‍പ്പം വിശ്രമം. പിന്നീട് പ്രാര്‍ഥന, രാവിലെയും വൈകുന്നേരവും കൃഷിത്തോട്ടവുംപൂന്തോട്ടവും സന്ദര്‍ശിക്കും. ചെടികള്‍ക്ക് വെള്ളമൊഴിക്കും, വളമിടും. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ എല്ലാം വിദ്യാര്‍ഥികള്‍ തനിച്ചാണ് ചെയ്യുന്നത്. വൈകീട്ട് ഏഴുമുതല്‍ പഠനം. എട്ടിന് ഭക്ഷണം. 10ന് 'ലൈറ്റ്‌സ് ഓഫ്'...

പിന്നിലല്ല കലാമേളകളിലും

2011ലെ സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിലെ ചാമ്പ്യന്‍മാരാണ് വള്ളിക്കാംപറ്റയിലെ സ്‌പെഷല്‍ സ്‌കൂള്‍... വര്‍ഷങ്ങളായി ഇത് തുടരുന്നു. സ്‌കൂളിന്റെ കലാമികവിനെപ്പറ്റി ഹെഡ്മാസ്റ്റര്‍ അബ്ദുറഹിമാന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ അരികെനിന്ന റിന്‍ഷയ്ക്കും കൂട്ടുകാരായ അശ്വിനും നിഹാലിനും ഉണ്ണികൃഷ്ണനും സന്തോഷം അടക്കാനായില്ല. ഹെഡ്മാസ്റ്ററോട് ചേര്‍ന്നുനിന്ന് അവര്‍പാടി. തേരിമേരി ബാഹോമേം....

ആ ഹിന്ദിഗാനം പൂര്‍ത്തിയാക്കുംമുമ്പേ പാട്ടുപാടിയവര്‍ക്ക് സമ്മാനമായി അധ്യാപകരുടെ വക മിഠായിയെത്തി.
കരകൗശലം സംഗീതം...

ഓരോ അന്ധവിദ്യാര്‍ഥിക്കും ഉപജീവനമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുന്നതിന് വിവിധ കൈത്തൊഴിലുകളിലും കരകൗശല വിദ്യകളിലും പ്രത്യേകം പരിശീലനം നല്‍കുന്നു. മെഴുകുതിരി, ചോക്ക്, പ്ലാസ്റ്റിക് കൊട്ടകള്‍, ചൂടികൊണ്ടുള്ള ചവിട്ടികള്‍ എല്ലാം ഇവിടെ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്നു. ഇതോടൊപ്പം വിവിധ സംഗീതശാഖകളിലും ഉപകരണങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.

കമ്പ്യൂട്ടര്‍ പഠനം


കാഴ്ചയില്ലാത്തവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ജോവ്‌സ്, ലിന്‍ഡയറക്ടറ്റ് ബ്രയില്‍ തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍പഠനം നടക്കുന്നുണ്ട്. മുഴുവന്‍ വിദ്യാര്‍ഥികളും കമ്പ്യൂട്ടര്‍ സാക്ഷരരാണ്.

കൈത്താങ്ങായി അധ്യാപകര്‍

വിദ്യാര്‍ഥികളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൈത്താങ്ങായി അധ്യാപകരുടെ മേല്‍നോട്ടമുണ്ട്. അധ്യാപകര്‍ മുന്‍കൈയെടുത്ത് സ്‌കൂളില്‍ ആര്‍ട്‌സ് ക്ലബ്ബും ഫോറസ്ട്രിക്ലബ്ബും മാതൃഭൂമിയുമായി ചേര്‍ന്ന് സീഡ്ക്ലബ്ബും രൂപവത്കരിച്ചിട്ടുണ്ട്.

കണ്ണ് കാണാത്തതിനാല്‍ എല്ലാവരില്‍നിന്നും ഒതുങ്ങിക്കൂടി നടന്ന പല വിദ്യാര്‍ഥികളും ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്തിയതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

77 വിദ്യാര്‍ഥികളില്‍ 74പേരും സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവരാണ്. പല കുട്ടികളുടെയും രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം നില്‍ക്കാനായി പരിസരങ്ങളില്‍ തന്നെ വീടെടുത്ത് താമസിക്കുകയാണ്. സ്‌കൂളിനെക്കുറിച്ച് രക്ഷാകര്‍ത്താക്കള്‍ക്കും പൂര്‍ണ തൃപ്തി.

സഹവര്‍ത്തിത്വം എന്ന പാഠം

പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി നേരിയ കാഴ്ചയുള്ള വിദ്യാര്‍ഥികള്‍ എപ്പോഴും കൂടെയുണ്ടാവും. കൃഷിയിടത്തിലും പൂന്തോട്ടത്തിലും ബയോഗ്യാസ് പ്ലാന്റിന് സമീപവും. അവരുടെ കൈ കോര്‍ത്തുപിടിച്ച് അടിതെറ്റാതെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ കൂട്ടുനടക്കുന്നു.

സ്‌കൂളിലെ സീഡ് കോ- ഓര്‍ഡിനേറ്ററായ നാസര്‍ മാഷ് പറയുന്നു: 'പാഠ്യപ്രവര്‍ത്തനങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് വിദ്യാര്‍ഥികളെ ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോഗ്രൂപ്പിനും ഓരോ ലീഡര്‍മാരെ തിരഞ്ഞെടുക്കും. കാഴ്ച പൂര്‍ണമായും മങ്ങിയിട്ടില്ലാത്ത ഇവര്‍ ഗ്രൂപ്പിനെയാകെ നയിക്കും. എല്ലാ പ്രവൃത്തികള്‍ക്കും അധ്യാപകര്‍ കൂടെ ചെല്ലും. പല അധ്യാപകരും സ്‌കൂള്‍ഹോസ്റ്റലില്‍ തന്നെ ഇതിനായി താമസിക്കുന്നുണ്ട്.'
Stories in this Section