തേന്‍ പകരും ജീവിതം

Posted on: 22 Nov 2012


കണ്ണൂര്‍: തേനും പൂമ്പൊടിയും ശ്രദ്ധാപൂര്‍വം ശേഖരിച്ച് ഭാവികാലത്തേക്കുള്ള ഭക്ഷണത്തിനായി സൂക്ഷിക്കുന്നവരാണ് തേനീച്ചകള്‍. വൈറ്റ് കോളര്‍ ജോലിയുടെ പിറകെ പോവാതെ തേനീച്ചകൃഷിയിലൂടെ, തേനീച്ചകളുടെ ശ്രദ്ധയോടെ സ്വന്തം ജീവിതമാര്‍ഗം കണ്ടെത്തുക മാത്രമല്ല, ആയിരങ്ങള്‍ക്ക് ഉപജീവനത്തിനുള്ള വഴി തുറന്നുകൊടുക്കുകയും ചെയ്തവരാണ് കണ്ണൂര്‍ ജില്ലയിലെ നെല്ലിക്കുറ്റിയിലെ സി.മനോജ്കുമാറും പയ്യാവൂരിലെ ഷാജു ജോസഫും.

മലയോരഗ്രാമമായ നെല്ലിക്കുറ്റി കേന്ദ്രീകരിച്ച് ഇവര്‍ ആരംഭിച്ച കണ്ണൂര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി സംസ്ഥാനത്തെമ്പാടുമായി 41,000 പേര്‍ക്കാണ് ഇതിനകം തേനീച്ചവളര്‍ത്തലില്‍ പരിശീലനം നല്‍കിയത്. കൃഷിക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീട്ടമ്മമാര്‍ക്കുമൊക്കെ ഉപതൊഴിലായി തേനീച്ചവളര്‍ത്തല്‍ ആരംഭിക്കാനുള്ള മാര്‍ഗമാണ് ഇവര്‍ കാണിച്ചുകൊടുത്തത്. മറ്റുള്ളവര്‍ ഉത്പാദിപ്പിക്കുന്ന തേന്‍ ന്യായവില നല്‍കി വാങ്ങാനും മൂല്യവര്‍ധിത തേനുത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനുമായി ഹണി കോംപ്ലക്‌സുകളും ഫുഡ്പാര്‍ക്കും ഇവര്‍ ആരംഭിച്ചുകഴിഞ്ഞു.

1990-കളുടെ ആരംഭത്തില്‍ സംസ്ഥാനത്താകെ വ്യാപിച്ച തായ്‌സാക്ക് ബ്രൂഡ് എന്ന വൈറസ് രോഗം മൂലം തേനീച്ചകൃഷിയും തേന്‍ ഉത്പാദനവും നാമമാത്രമായി മാറിയ അവസ്ഥയുണ്ടായിരുന്നു. കര്‍ഷകര്‍ തേനീച്ചകൃഷി ഉപേക്ഷിക്കുകയും ഉത്പാദകസംഘങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു.

ഇറ്റാലിയന്‍ തേനീച്ചകളെയും ചെറുതേനീച്ചകളെയും ഉപയോഗിച്ച് തേന്‍വളര്‍ത്തല്‍ സജീവമാക്കുകയായിരുന്നു മനോജ്കുമാറും ഷാജുജോസഫും ചെയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഫാമുകളും പരിശീലനകേന്ദ്രങ്ങളും സന്ദര്‍ശിച്ച് തേനീച്ചവളര്‍ത്തലിന്റെ നൂതനവും ശാസ്ത്രീയവുമായ കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദദ്ധരുടെ സഹായത്തോടെ നെല്ലിക്കുറ്റി കേന്ദ്രമാക്കി പരിശീലനകേന്ദ്രം തുടങ്ങിയത്.

2000 ആയതോടെ സര്‍ക്കാര്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തുടങ്ങി. പരിശീലനം നേടിയവര്‍ക്ക് സബ്‌സിഡിനിരക്കില്‍ തേനീച്ച കോളനികളും പെട്ടികളും അനുബന്ധ സാമഗ്രികളും നല്‍കാന്‍ സൊസൈറ്റിക്ക് കഴിഞ്ഞു. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനുള്ള ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സംസ്ഥാനത്തെ ബ്രീഡിങ്ങ് ഏജന്‍സിയായി മാറിയതോടെ മറ്റു ജില്ലകളിലേക്കും പരിശീലനപരിപാടി വ്യാപിപ്പിച്ചു.

1992-ല്‍ കേരളത്തിലെ തേന്‍ ഉത്പാദനം 10,000 കിലോഗ്രാം എന്ന നിലയിലേക്ക് താഴ്ന്നുവെങ്കില്‍, 2011ല്‍ 80 ലക്ഷം കിലോഗ്രാം ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഇവരുടെ പങ്ക് ഗണനീയമാണ്. തേനീച്ചവളര്‍ത്തല്‍ ആരംഭിച്ചാലും കര്‍ഷകര്‍ വിപണനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാനപാതയില്‍ വളക്കൈക്കടുത്ത് മലബാര്‍ ഹണി കോംപ്ലക്‌സ് ആന്‍ഡ് ഫുഡ്പാര്‍ക്ക് സൊസൈറ്റി സ്ഥാപിച്ചത്. നാണ്യവിളകളുടെ വില അനുദിനം മാറിമറിയുമ്പോഴും വിദേശത്തടക്കം വന്‍ വിപണനസാധ്യതയുള്ള തേനും തേന്‍ ഉത്പന്നങ്ങളും നിര്‍മിക്കാനുള്ള അത്യാധുനിക പ്ലാന്റാണ് ഹണി പാര്‍ക്കിന്റെ പ്രത്യേകത.

പ്രതിവര്‍ഷം രണ്ടുലക്ഷം കിലോഗ്രാം തേന്‍ സംസ്‌കരിക്കാനുള്ള ശേഷിയാണ് സ്ഥാപനത്തിനുള്ളത്. 'ഹോളി ബീ ഹണി' എന്ന പേരില്‍ അഗ്മാര്‍ക്ക് ഗുണനിലവാരത്തിലുള്ള തേനിനുപുറമെ വൈറസ് പനിക്കെതിരായ തേന്‍മരുന്നും ജാമുകള്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളും ഹണിപാര്‍ക്കില്‍ നിര്‍മിക്കുന്നുണ്ട്.

തേനീച്ച വളര്‍ത്തലില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സൗജന്യ പരിശീലനമാണ് മനോജും ഷാജുവും നല്‍കുന്നത്. തേനീച്ചപ്പെട്ടികള്‍ ഒരുക്കേണ്ട രീതിയും കോളനികള്‍ സൂക്ഷിക്കേണ്ടതും മറ്റുമായ മാര്‍ഗങ്ങള്‍ ചുരുങ്ങിയ ദിവസംകൊണ്ട് ഇവര്‍ പരിശീലിപ്പിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തേനീച്ച കോളനികള്‍ സ്ഥാപിക്കുന്നതിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, റബര്‍ ബോര്‍ഡ്, ഖാദിബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ മുഖേന നിരവധി സൗജന്യ സഹായമെത്തിക്കുന്നതും ഇവരാണ്.

2015 ആകുമ്പോഴേക്കും ഒരുലക്ഷം പേരെ തേനീച്ച കൃഷിയിലേക്ക് ആകൃഷ്ടരാക്കുക എന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തിട്ടുള്ളത്. തേനും തേനുത്പന്നങ്ങളും തേനീച്ച വളര്‍ത്തല്‍ സാമഗ്രികളും വില്പനനികുതിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സംസ്ഥാനസര്‍ക്കാറിന്റെ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഗുണകരമാകുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്.

നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഹോര്‍ട്ടികോര്‍പ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, കുടുംബശ്രീ മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ മുഖേന പ്രതിവര്‍ഷം 300-500 പരീശീലന പരിപാടികളാണ് ഇവര്‍ സംഘടിപ്പിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്. ദേശീയതലത്തില്‍ തന്നെ തേനീച്ച കൃഷിയിലൂടെ ശ്രദ്ധേയരായ പൂമംഗലം യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കിയത് ഷാജുവും മനോജ്കുമാറും ചേര്‍ന്നാണ്.

തൊഴിലില്ലായ്മയെ പഴിച്ച് സമയം കളയുന്ന ചെറുപ്പക്കാര്‍ക്ക്, തേനീച്ച കൃഷിയിലൂടെ തങ്ങള്‍ പടുത്തുയര്‍ത്തിയ മധുരിക്കുന്ന നേട്ടങ്ങളെയാണ് ഇവര്‍ക്ക് കാണിച്ചുകൊടുക്കാനുള്ളത്. സൗജന്യ പരിശീലനത്തിലൂടെ തേനീച്ചകൃഷിയുടെ അറിവുകള്‍ ആര്‍ക്കും നല്‍കാന്‍ ഇവര്‍ ഒരുക്കമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തില്‍ തേന്‍ലഭ്യത കൂടുതലാണെന്ന് ഇവര്‍ പറയുന്നു.

സ്വയംതൊഴില്‍ സംരംഭകരായ ചില വനിതാ സംഘങ്ങള്‍ ഉത്പാദനത്തിലൂടെയും വിപണനത്തിലൂടെയും കണ്ണൂര്‍ റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രതിമാസം 30,000 രൂപയോളം ശരാശരി വരുമാനമുണ്ടാക്കുന്നുണ്ട്. മറ്റു തൊഴിലുകളുടെ ഇടവേളകളിലും മറ്റും തേനീച്ചകൃഷിയില്‍ വ്യാപൃതരാകുന്നവര്‍ക്ക് മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള അവസരമാണ് തേനീച്ചകൃഷിയെന്ന് നിരവധിപേരുടെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇവര്‍ വിശദീകരിക്കുന്നു.

ആയുരാരോഗ്യത്തിന് തേന്‍

ദീര്‍ഘായുസ്സിനും അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വരാതിരിക്കാനും തേന്‍ നിത്യജീവിതത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല വെള്ളായണി കേന്ദ്രത്തിലെ എന്റമോളജി വിഭാഗം പ്രൊഫസറും അഖിലേന്ത്യ സംയോജിത തേനിച്ച പരാഗണ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനുമായ ഡോ. എസ്.ദേവനേശന്‍ പറയന്നു. കണ്ണൂര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ തേനീച്ചവളര്‍ത്തല്‍ പരിശീലന പരിപാടികളില്‍ ഒട്ടേറെ പ്രാവശ്യം പങ്കെടുത്തയാളാണ് ഇദ്ദേഹം.

തെറ്റായ ജീവിതശൈലിയുടെയും ആഹാരരീതിയുടെയും ഫലമായി രക്തത്തില്‍ ഉണ്ടാവുന്ന ഫ്രീറാഡിക്കല്‍സുകളെ നശിപ്പിച്ചുകളയാന്‍ തേനിന് കഴിയും. തേനില്‍ 75 ശതമാനത്തില്‍ കൂടുതല്‍ ദഹിച്ച പഞ്ചസാരതന്മാത്രകള്‍ (മോണോ സാക്കറൈസ്ഡ്) ആയതിനാല്‍ അല്പം വെള്ളം ചേര്‍ത്ത് കഴിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ രക്തത്തില്‍ കലരും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരപ്പെടുത്തുകയും ക്ഷീണം അകറ്റുകയും ചെയ്യുന്നു. രക്തത്തിന്റെ ഹിമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. ചെറുതേന്‍ നിത്യവും കഴിക്കുന്നത് അര്‍ബുദത്തെ തടയും. ചെറുതേനിന്റെ നിത്യോപയോഗം സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് ഡോ. ദേവനേശന്‍ പറയുന്നു.

തേന്‍ ഉത്പാദനത്തില്‍ കേരളം മുന്നിലാണെങ്കിലും മലയാളി തേന്‍ ഉപയോഗത്തില്‍ ഏറെ പിന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിദേശരാജ്യങ്ങളില്‍ ആളോഹരി വാര്‍ഷിക ഉപഭോഗം 8-20 കിലോഗ്രാമാണെങ്കില്‍ കേരളത്തില്‍ ഇത് 8-10 ഗ്രാം മാത്രമാണ്.

ടി.പി.രാജീവന്‍


Stories in this Section