കൃഷി ലാഭകരമല്ലെന്ന പരാതി കുര്യാക്കോസിനില്ല

Posted on: 17 Nov 2012താമരശ്ശേരി: സമൃദ്ധമായ കായ്ഫലം തരുന്ന തെങ്ങുകള്‍ക്കിടയില്‍ ജാതിമരങ്ങളുടെ നിര. മിക്കവയിലും വിളവെടുക്കാറായ ജാതിക്കായകള്‍. അവയ്ക്കിടയില്‍ നിരന്നുനില്‍ക്കുന്ന കൊക്കോ മരങ്ങള്‍. സീസണ്‍ കഴിഞ്ഞിട്ടും അവയില്‍ അവിടവിടെയായി കായകള്‍. ഇടയില്‍ കുലച്ചതും കുലയ്ക്കാത്തതുമായ വാഴകള്‍. പിന്നെ മഞ്ഞള്‍, ചേമ്പ് തുടങ്ങിയ കൃഷികള്‍ വേറെ... ഈങ്ങാപ്പുഴയ്ക്കടുത്ത് മമ്മുണ്ണിപ്പടിയില്‍ കിഴക്കയില്‍ കെ.എം. കുര്യാക്കോസിന്റെ കൃഷിയിടത്തില്‍ വൈവിധ്യമാര്‍ന്ന വിളകള്‍ ഒന്നിനോടൊന്ന് ചേര്‍ന്നു നില്‍ക്കുന്നു. എട്ടേക്കര്‍ കൃഷിഭൂമിയില്‍ വെറുതെയിടാന്‍ സ്ഥലം ഒട്ടുമില്ല.

കൃഷി ലാഭകരമല്ലെന്നു പറഞ്ഞ് ഭൂമി വെറുതെയിടുന്ന പതിവ് വ്യാപകമാവുമ്പോള്‍ ഈ കുടിയേറ്റകര്‍ഷകന്റെ കൃഷിയിടം വേറിട്ട കാഴ്ചയാണ്. ഒരു വിളയുടെ കൃഷിപ്പണി മറ്റൊന്നിന് പൂരകമാകുന്ന കാര്‍ഷികവൃത്തിയുടെ സമ്മേളിതഭാവം ഇവിടെ നേരിട്ടുകാണാം.

വലിയ ചെലവില്ലാതെതന്നെ കൃഷിപ്പണി നടത്താമെന്ന് കുര്യാക്കോസ് കാണിച്ചുതരുന്നു. കൃഷിഭൂമിയുടെ ഉയര്‍ന്ന ഭാഗത്ത് നാലുവര്‍ഷം പ്രായമായ റബര്‍ തൈകളാണ്. എഴുന്നൂറോളം തൈകളുണ്ട്. ഇവയ്ക്കിടയിലെ പുല്ല് വെട്ടണമെങ്കില്‍ സാധാരണനിലയില്‍ നല്ലൊരു സംഖ്യ കൂലിച്ചെലവ് വരും. പക്ഷേ, കുര്യാക്കോസിന് ഇതും വരുമാനമാര്‍ഗമാണ്. ദിവസവും രാവിലെ റബര്‍ത്തോട്ടത്തിലെത്തി ഒരുഭാഗം ചേര്‍ന്ന് പുല്ല് വെട്ടിയെടുത്ത് ചെറിയൊരു ഉന്തുവണ്ടിയില്‍ കയറ്റി കാലിത്തൊഴുത്തില്‍ കൊണ്ടിടും. രണ്ട് പശുക്കളുടെ പരിപാലനം ഈ രീതിയില്‍ നടക്കുന്നു. ഇവയുടെ പാല് സൊസൈറ്റിയില്‍ നല്‍കി വരുമാനമുണ്ടാക്കും. ഇവയുടെ ചാണകം കൃഷിക്ക് ഉപയോഗിക്കും.

വീട്ടിലേക്കാവശ്യമായ പാചകവാതകമുണ്ടാക്കാന്‍ ബയോഗ്യാസ് പ്ലാന്റും തൊഴുത്തിനോടനുബന്ധിച്ചുണ്ട്.റബര്‍തോട്ടത്തിനരികില്‍ വെളിച്ചംകിട്ടുന്ന സ്ഥലം കപ്പക്കൃഷിക്ക് വിനിയോഗിച്ചിരിക്കുന്നു. അങ്ങിങ്ങായി പലതരം പച്ചക്കറി കൃഷിയുമുണ്ട്. പുളി, നെല്ലി, ചാമ്പ, തിപ്പലി തുടങ്ങി സര്‍വസുഗന്ധിവരെ ഈ കൃഷിഭൂമിയില്‍ അല്ലലില്ലാതെ വളരുന്നു.

കൃഷിപ്പണികളില്‍ ഭൂരിഭാഗവും കൂലിക്കാരെ വിളിക്കാതെ സ്വയം ചെയ്യും. നാളികേരം കൊണ്ടുപോകാനും മറ്റു വിളകള്‍ ശേഖരിക്കാനും വളവും മറ്റും കൊണ്ടുപോകാനും കൃഷിഭൂമിയിലൂടെ കൊണ്ടുനടക്കാവുന്ന ഒരു ഉന്തുവണ്ടിയുണ്ട്. കൃഷിക്കുള്ള വളത്തിന് മണ്ണിരകമ്പോസ്റ്റും തയ്യാറാക്കും. ജാതിമരം ബഡ് ചെയ്ത് നല്ല വിളവുണ്ടാക്കുന്ന വിദ്യയും കുര്യാക്കോസിന് വശമാണ്. ഇദ്ദേഹത്തിന്റെ മികച്ച ജാതിമരങ്ങളില്‍നിന്നും പല ഭാഗങ്ങളിലേക്കും മുകുളങ്ങള്‍ ശേഖരിച്ച് ബഡ് ചെയ്യാനായി കര്‍ഷകര്‍ കൊണ്ടുപോകുന്നുണ്ട്.

കുര്യാക്കോസിന്റെ സമ്മിശ്ര കൃഷിരീതി ഇപ്പോള്‍ ഒരു പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ്. കൃഷിവകുപ്പിന്റെ കീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) മികച്ച കര്‍ഷകന് നല്‍കുന്ന ജില്ലാതല അവാര്‍ഡ് ഇത്തവണ കുര്യാക്കോസിനാണ് ലഭിച്ചത്. 25,000 രൂപയും മൊമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിച്ചത്.
കൃഷിയിലെ മികവ് പരിഗണിച്ച് ആത്മയുടെ ജില്ലാതല ഉപദേശകസമിതിയില്‍ അദ്ദേഹത്തെ അംഗമാക്കിയിട്ടുണ്ട്.

സുനില്‍ തിരുവമ്പാടി


Stories in this Section