കാരി, കൂരി, വരാല്‍... വയ്യാങ്കരച്ചിറയില്‍ കൂട്ടായ്മയുടെ മീന്‍കൊയ്ത്ത്‌

Posted on: 17 Nov 2012

കെ.എ. ബാബുആലപ്പുഴ: നാടന്‍മത്സ്യം വളര്‍ത്തലില്‍ കൂട്ടായ്മയുടെ വിജയഗാഥ അലയടിക്കുകയാണ് താമരക്കുളം വയ്യാങ്കരച്ചിറയില്‍. പച്ചക്കാട് ഫാര്‍മേഴ്‌സ് ക്ലബ് അംഗങ്ങള്‍ ഒരുമിച്ചിറങ്ങിയപ്പോള്‍ പായലും പുല്ലും നിറഞ്ഞ ചിറ തെളിഞ്ഞു. അവിടെ വരാലും കാരിയും കൂരിയും കുറുവയും പെറ്റുപെരുകി പുളച്ചു. ഇവയ്‌ക്കൊപ്പം വളര്‍ത്തുമത്സ്യങ്ങളെയും ഇറക്കിവിട്ട് വീശിപ്പിടിക്കുമ്പോള്‍ ക്ലബ്ബംഗങ്ങളുടെ മടിയില്‍ വീഴുന്നത് ലക്ഷങ്ങള്‍.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അതിരിട്ടുനില്കുന്ന 110 ഏക്കര്‍ വരുന്ന വയ്യാങ്കരച്ചിറ നാടന്‍ മീനുകളുടെ അപൂര്‍വസങ്കേതം കൂടിയാണ്. കേരളത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആരകനും പരലുകളുംവരെ ഇവിടെ സമൃദ്ധം.

ടൂറിസം ഭൂപടത്തില്‍പ്പോലും ഇടംപിടിച്ച വയ്യാങ്കരച്ചിറ 20 വര്‍ഷമായി കാടുപിടിച്ചു കിടക്കുകയായിരുന്നു. പച്ചക്കാട് ഫാര്‍മേഴ്‌സ് ക്ലബ് പാട്ടത്തിനെടുത്തതോടെ ചിറ ജീവിതവഴിയായി. ഏഴംഗങ്ങളാണ് ക്ലബ്ബിലുള്ളത്. അധ്യാപകനായ എസ്. പ്രദീപ്, വിമുക്തഭടനായ പി. രഘു, പ്രവാസികളായ വി.ഷാജി, വി.ജയന്‍, നിര്‍മാണത്തൊഴിലാളിയായ ബി. രാജന്‍, കര്‍ഷകനായ കെ. സദാശിവന്‍, എല്‍.ഐ.സി. ഏജന്റായ എസ്.മുരളി എന്നിവര്‍ക്ക് വയ്യാങ്കരച്ചിറയാണിപ്പോള്‍ മുഖ്യവരുമാന മേഖല.

ചിറയിലെ നാടന്‍മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുത്താതെ ആദ്യം വളര്‍ത്തു മത്സ്യങ്ങളായ രോഹു, കട്‌ല, ഗ്രാസ് കാര്‍പ്പ്, മൃഗാള്‍, സൈപ്രന്‍സ് എന്നിവ ഇറക്കി.

ഗ്രാസ്‌കാര്‍പ്പ് ജലാശയം മൂടിക്കിടന്ന പോച്ച എന്ന പുല്ലുമുഴുവന്‍ തിന്നുവളര്‍ന്നപ്പോള്‍ ജലാശയം പൂര്‍ണമായി തെളിഞ്ഞു. ഇത് നാടന്‍ മീനുകളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്തു. അങ്ങനെ ആദ്യഘട്ടത്തില്‍ വിളവെടുത്തപ്പോള്‍ എട്ട് ടണ്‍ മത്സ്യം ലഭിച്ചു.
ഒരു കിലോ മുതല്‍ ഏഴു കിലോ വരെയായിരുന്നു മീനുകളുടെ തൂക്കം.

മത്സ്യങ്ങള്‍ക്ക് കാര്യമായ തീറ്റയൊന്നും ഇട്ടുകൊടുക്കുന്നില്ല. വളര്‍ത്തുമത്സ്യങ്ങളെ ഉദ്യേശിച്ച് കാലിത്തീറ്റ വല്ലപ്പോഴും ഇട്ടുകൊടുക്കും. പായലും പുല്ലുമാണ് നാട്ടുമത്സ്യങ്ങളുടെ മുഖ്യഭക്ഷണം. വന്‍തോതില്‍ വിളവെടുത്താലും വിപണനത്തിന് ഇവര്‍ക്ക് ബുദ്ധിമുട്ടില്ല. 70 ശതമാനം മീനും ചിറയിലെത്തി ആളുകള്‍ വാങ്ങും. കുറച്ചു മാത്രമാണ് താമരക്കുളം, ഭരണിക്കാവ് ചന്തകളില്‍ കൊണ്ടുപോയി വില്കുന്നത്. കൃത്രിമ തീറ്റകളൊന്നും നല്കാതെ സ്വാഭാവികമായി വളരുന്ന മീനുകള്‍ക്ക് രുചിയും ഗുണവും ഏറുമെന്നതിനാലാണ് പുറത്തേക്ക് മീന്‍ നല്കാതെ നാട്ടുകാര്‍ വാങ്ങുന്നതെന്ന് ഇവര്‍ പറയുന്നു.

ചിറയില്‍ 300 കുട്ടനാടന്‍ താറാവും ഇവര്‍ക്ക് വരുമാനം നല്കുന്നു. രണ്ടാംഘട്ടം ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) യുടെ സഹായത്തോടെയാണ് നടത്തുന്നത്. വിളവെടുപ്പ് ഡിസംബറില്‍ തുടങ്ങും. പാട്ടക്കരാര്‍ പുതുക്കി ലഭിച്ചാല്‍ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ കേന്ദ്രമായി വയ്യാങ്കരചിറ മാറ്റാനും ഇവര്‍ക്ക് പരിപാടിയുണ്ട്.


Stories in this Section