സ്‌നേഹക്കൂട്

Posted on: 17 Nov 2012


കൊച്ചി: പത്തുവര്‍ഷം മുമ്പ് വിനോദത്തിനായാണ് നിബിന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായി കലൂര്‍ ആസാദ് റോഡിലെ നിലവരേത്ത് വീട്ടില്‍ കൂടൊരുക്കിയത്. അലങ്കാരക്കോഴികളായിരുന്നു ആദ്യവിരുന്നുകാര്‍. പിന്നീട്, 'ടൈനി' എന്ന് പേരിട്ട പോക്കറ്റ് ഡോഗും കൂട്ടായി ഡാല്‍മേഷ്യനും ചെമ്മരിയാടിന്റെ രൂപസാദൃശ്യമുള്ള മുയലും എത്തി.

ഇതോടെ നിബിന്റെ മൃഗസ്‌നേഹം ഒരു കൂട്ടിലൊതുക്കാന്‍ പറ്റാത്തതായി. പിന്നെ ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമെല്ലാം വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരാന്‍ തുടങ്ങി. ഇതിനെല്ലാം സുഹൃത്തുക്കളുടെ സഹായം കൂടി ലഭിച്ചതോടെ വീട്ടിലെ ഓമനമൃഗങ്ങളുടെ എണ്ണം കൂടിവന്നു.

വളര്‍ത്തുമൃഗങ്ങളോട് കുട്ടിക്കാലം മുതല്‍ ഇഷ്ടമാണ് നിബിന്. പഠിക്കുന്ന സമയങ്ങളില്‍ അലങ്കാര മത്സ്യങ്ങളും പ്രാവുകളുമായിരുന്നു ഓമനകള്‍. ജോലിയില്‍ പ്രവേശിച്ചശേഷം വിലകൂടിയ മൃഗങ്ങളെ വാങ്ങിത്തുടങ്ങി ഈ എം.ബി.എ.ക്കാരന്‍. കളമശ്ശേരിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍സ് വിഭാഗത്തില്‍ ജോലി നോക്കുന്ന നിബിന്‍ ജോലിത്തിരക്കിനിടയിലും ഓമനമൃഗങ്ങളുടെ പരിചരണത്തിനായി സമയം കണ്ടെത്തുന്നു.

രാവിലെ ഇവര്‍ക്കുള്ള ഭക്ഷണം നല്‍കിയ ശേഷമാണ് നിബിന്‍ ജോലിക്ക് പോകുന്നത്. നിബിന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അച്ഛന്‍ ജോര്‍ജ് പോളും അമ്മ ലിസിയും പരിചരണം ഏറ്റെടുക്കും. കടകളില്‍ നിന്ന് വാങ്ങുന്ന ഡോഗ് ഫുഡ്ഡുകള്‍ ഒന്നും തന്നെ നായക്കുട്ടികള്‍ക്ക് നല്‍കാറില്ല. ഇവര്‍ക്കു വേണ്ട ആഹാരം വീട്ടില്‍ തന്നെ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് നിബിന്‍ പറഞ്ഞു.

ആവശ്യക്കാര്‍ക്ക് നായ്ക്കുട്ടികളെ വില്ക്കുകയും ചെയ്യുന്നുണ്ട്. അയ്യായിരം മുതല്‍ ഇരുപതിനായിരം രൂപയ്ക്ക് വരെയാണ് നായ്ക്കുട്ടികളെ വില്ക്കുന്നത്. ചെറുപ്പത്തിലേ തന്നെ നായ്ക്കുട്ടികള്‍ക്ക് പരിശീലനം നല്‍കും. കേരളത്തിന് അകത്തും പുറത്തും നടക്കുന്ന ഡോഗ് ഷോകളിലും ഇവയെ പങ്കെടുപ്പിക്കാറുണ്ട്. ഓമനമൃഗങ്ങളെ വളര്‍ത്തുന്നതിനൊപ്പം പുഷ്പ കൃഷിയിലും കമ്പമുണ്ട്. വിവിധയിനത്തിലുള്ള ആന്തൂറിയത്തിന്റെ ശേഖരം നിബിന്റെ പക്കലുണ്ട്.


Stories in this Section