പാട്ടം നേട്ടമാക്കിയ നേന്ത്രവാഴക്കൃഷി

Posted on: 17 Nov 2012

എം.പി. അയ്യപ്പദാസ്‌നേന്ത്രവാഴത്തോട്ടത്തില്‍ ഇടവിളയായി മരച്ചീനിയും മാലി മുളകും നട്ട് കഴിഞ്ഞ 25 വര്‍ഷമായി വാഴക്കുലകളോടൊപ്പം ആദായംനേടുകയാണ് തിരുവനന്തപുരം നരുവാമൂട്ടിലെ കിഴക്കേതില്‍ വീട്ടില്‍ വാമദേവന്‍നായര്‍. സ്വന്തമായി വെറും എട്ടുസെന്റ്മാത്രമുള്ള ഈ കര്‍ഷകന്‍ ആദ്യം ഒരേക്കറില്‍ തുടങ്ങി ഇപ്പോള്‍ പാട്ടത്തിനെടുത്ത 20 ഏക്കറില്‍ മുഴുവനായും നേന്ത്രവാഴക്കൃഷിയാണ് ചെയ്യുന്നത്. തുടക്കത്തില്‍ പലയിനം വാഴകളും പച്ചക്കറികളുമൊക്കെ കൃഷിചെയ്ത് ആദായംകിട്ടുമെങ്കിലും എല്ലാകാലത്തും തരക്കേടില്ലാത്ത വില ലഭ്യമാകുമെന്നതുകൊണ്ടും ചിപ്‌സിനും പഴത്തിനും എന്നും വിപണിയില്‍ പ്രിയമായതുകൊണ്ടും നേന്ത്രവാഴയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. നെല്ല് ഒഴിഞ്ഞ പാടങ്ങള്‍ പാട്ടത്തിനെടുത്താണ് കൃഷി.

പാടം നന്നായി കിളച്ച് മൂന്നുമീറ്റര്‍ ഇടയകലത്തില്‍ തട്ടുകള്‍ തയ്യാറാക്കി ഒരുമീറ്റര്‍ വീതിയില്‍ ചാലെടുത്തശേഷം തട്ട് നിരപ്പാക്കി രണ്ടുമീറ്റര്‍ അകലത്തിലും മുക്കാല്‍മീറ്റര്‍ ആഴത്തിലും ചതുരത്തിലും കുഴികളെടുത്ത് കന്നുകള്‍ നടും. അതിന് മുമ്പുതന്നെ സ്വന്തം തോട്ടത്തിലെ കുലവെട്ടിയശേഷം ഒരാഴ്ചയ്ക്കുള്ളില്‍ 3, 4 മാസം പ്രായമുള്ള ആരോഗ്യവും രോഗമുക്തവുമായ കന്നുകള്‍ മാണത്തിന് കേടുവരാതെ ഇളക്കി വേരുകള്‍ നീക്കംചെയ്ത് ചാരവും ചാണകവും കലര്‍ത്തിയ ലായനിയില്‍ മുക്കി അഞ്ചുദിവസം വെയിലിലും തുടര്‍ന്ന് തണലിലും സൂക്ഷിച്ചതിനുശേഷമാണ് നടുന്നത്. പ്രായംകൂടിയ കന്നുകള്‍ നട്ടാല്‍ കുലയില്‍ കായ്കളുടെ എണ്ണവും വലിപ്പവും കുറയും. ഒരുതവണ കൃഷിചെയ്ത സ്ഥലത്തെ കന്നുകള്‍ അതേസ്ഥലത്തുതന്നെ വീണ്ടും നടാതെ മറ്റൊരു കണ്ടത്തില്‍ മാറ്റിനടും.

വെറും മണ്ണില്‍ നേരത്തേ തയ്യാറാക്കിയ കുഴികളില്‍ വീണ്ടും കുഴിയെടുത്ത് വാഴക്കന്നുകള്‍ കുത്തനെ നട്ടശേഷം മേല്‍മണ്ണിട്ട് ചവിട്ടി ഉറപ്പിക്കുന്നതോടൊപ്പം ഓരോകുഴിയിലും 100 ഗ്രാം സ്യൂഡോമോണസും രണ്ടുപിടി കക്കയുമിടും. ഇലവന്നശേഷം ഓരോ ചുവട്ടിലും രണ്ടുകിലോ കോഴിവളവും 100 ഗ്രാം വീതം 18:18:18 രാസവളവുമിട്ട് ചാലുകളിലെ ചെളികോരി ചുവട്ടിലിടും. ഒരുമാസം കഴിഞ്ഞ് അഞ്ചുകിലോവീതം കോഴിവളവും 200 ഗ്രാം 18:18:18 മിശ്രിതവും തടത്തിന് ചുറ്റുമിട്ട് വീണ്ടും അതിനുമുകളില്‍ മണ്ണിടും. വീണ്ടും 30 നാള്‍ കഴിയുമ്പോള്‍ മൂന്നുകിലോ ചാണകപ്പൊടിയും200 ഗ്രാം 18:18:18 രാസവളവും നല്‍കും. ഇതേ ഇടവേളയില്‍ 250 ഗ്രാം കടലപ്പിണ്ണാക്കും 200 ഗ്രാം മിശ്രിതവും നല്‍കും. ഇങ്ങനെ നാലുതവണ മുഖ്യ വളപ്രയോഗം നടത്തുന്നതോടൊപ്പം അഞ്ചാംമാസം അവസാനഘട്ടമായി 100 ഗ്രാംവീതം യൂറിയയും പൊട്ടാഷും നല്‍കി വളമിടീല്‍ അവസാനിപ്പിക്കും. കന്നുനട്ട് ആറാംമാസം കുലവരും. നാലഞ്ചുമാസമാകുമ്പോള്‍ കുല വെട്ടാറാകും. ശരാശരി 6 മുതല്‍ 12 കിലോവരെ തൂക്കമുണ്ടാകും.

വാഴകളെ ആക്രമിക്കുന്ന പ്രധാനകീടങ്ങളായ പിണ്ടിപ്പുഴു, ഇലതീനിപ്പുഴു, നീര് ഊറ്റിക്കുടിക്കുന്ന മൂട്ടകള്‍, നിമാവിരകള്‍, കുറുനാമ്പുരോഗം ഇവയെ പ്രതിരോധിക്കാന്‍ വഴനട്ട് മൂന്നുമാസത്തില്‍ സ്യൂഡോമോണസ് കലക്കി ഇലയിലും ചുവട്ടിലും തടയിലും വീഴത്തക്കവിധം നന്നായി തളിക്കും. ഇതോടൊപ്പം കരിയിലകളെ അപ്പപ്പോള്‍ നീക്കംചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കുന്നതല്ലാതെ മറ്റ് മാരകമായ കീടനാശിനികള്‍ ഒന്നുംതന്നെ ഉപയോഗിക്കാറില്ല. വാഴകള്‍ ചെറുകാറ്റില്‍ ഒടിയാതിരിക്കാന്‍ കയറുകൊണ്ട് വാഴകളെ പരസ്പരം ബന്ധിച്ച് നിര്‍ത്തും. എന്നാലും മുന്നറിയിപ്പില്ലാത്ത മഴയുംകാറ്റും വന്നാല്‍ കൃഷിനശിക്കുകയും ചെയ്യും. കഴിഞ്ഞയാഴ്ചയുണ്ടായ കാറ്റില്‍ 5000 വാഴകള്‍ ഒടിഞ്ഞതായും വാമദേവന്‍നായര്‍ പറഞ്ഞു.

ഒരേക്കര്‍ സ്ഥലത്ത് 1000 വാഴയാണ് നടുന്നത്. ഏക്കറിന് 35,000 രൂപ പാട്ടക്കൂലിയായി നല്‍കും. വളത്തിന്റെ വിലയും കൃഷിപ്പണിക്കൂലിയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ചിലകാലങ്ങളില്‍ കൃഷിയെ സാരമായി ബാധിക്കാറുണ്ട്. 12 സ്ഥിരം തൊഴിലാളികളുണ്ട്. കുലയില്‍നിന്ന് പരമാവധി 15-20 രൂപയാണ് ലാഭം കിട്ടുന്നത്. കുലവന്നശേഷം വാഴയുടെ നാലുഭാഗത്തും വൈശാഖ് ഇനത്തില്‍പ്പെട്ട 6 മാസം മൂപ്പുള്ള മരച്ചീനിക്കമ്പുകള്‍ നടും. ഇതില്‍ ശരാശരി ഒരു വാഴച്ചുവട്ടില്‍നിന്നും 40 രൂപയോളം ആദായം ലഭിക്കും. ഇതിനുപുറമേ രണ്ടുവാഴനിരകള്‍ക്കിടക്ക് മാലിമുളകും കൃഷിചെയ്യുന്നുണ്ട്. ആഴ്ചതോറും ഒരു ചുവട്ടില്‍നിന്ന് 250 ഗ്രാം മുളക് ലഭിക്കും. ഇത് കിലോക്ക് 400 രൂപയ്ക്കാണ് വില്‍ക്കുന്നത്. 15 ലക്ഷം രൂപ ബാങ്ക്‌വായെ്പടുത്ത വാമദേവന്‍നായര്‍ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ട്. ഫോണ്‍: 9445405732.


Stories in this Section