സ്റ്റാലിന്റെ ലക്ഷ്യം വീട്ടുവളപ്പില്‍നിന്ന് ഒരുടണ്‍ പച്ചക്കറി

Posted on: 15 Nov 2012ആലപ്പുഴ: പട്ടണക്കാട് ഐശ്വര്യയില്‍ ഒരിക്കലും ഒഴിയാത്ത പച്ചക്കറി വിളവെടുപ്പാണ്. സ്വന്തം പുരയിടത്തില്‍നിന്ന് ഒരുടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണില്‍ പണിയെടുക്കുന്നത് ഗൃഹനാഥന്‍ സ്റ്റാലിന്‍. രണ്ട് പതിറ്റാണ്ട് നീണ്ട മണലാരണ്യവാസത്തിലെ ഊര്‍ജം കൈമുതല്‍. ഒന്‍പതുവര്‍ഷമായി സ്വന്തം വീട്ടുവളപ്പില്‍നിന്ന് വിഷമയമില്ലാത്ത പച്ചക്കറി ഉത്പാദിക്കുകയാണിദ്ദേഹം.

ജൈവരീതിയില്‍ ശാസ്ത്രീയ കൃഷിമാര്‍ഗങ്ങളുപയോഗിച്ചാണ് സ്റ്റാലിന്റെ കൃഷി. ചിങ്ങം ഒന്നിന് 250 ചുവട് പാവലും 300 ചുവട് പീച്ചിലും ഇറക്കി.ഇതിനായി ഇതുവരെ മൂന്ന് ലോഡ് ചാണകം 10 ചാക്ക് കോഴിക്കാഷ്ടം 50 കിലോ കപ്പലണ്ടിപിണ്ണാക്ക് 200 കിലോ വേപ്പിന്‍പിണ്ണാക്ക് പച്ചിലവളം എന്നിവയാണ് ഉപയോഗിച്ചത്. കൃഷി ഇറക്കി 50 ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ഉത്പാദനം ആരംഭിച്ചു. ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പത്തുകിലോ പാവലും 10 കിലോ പീച്ചിലും ലഭിക്കുന്നുണ്ട്. വിളവ് അടിക്കടി വര്‍ദ്ധിക്കുന്നുണ്ടന്ന് സ്റ്റാലിന്‍ പറയുന്നു. ആറുഘട്ടങ്ങളിലായുള്ള വിളവെടുപ്പിലൂടെ ഒരു ടണ്‍ ഉത്പാദനലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കര്‍ഷകന്റെ പ്രതീക്ഷ.

തടങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിച്ചും സൂര്യപ്രകാശം സാധ്യമാക്കിയുമാണ് പാവലും പടവലവും കൃഷിചെയ്തത്. കൃത്യമായ പരിചരണവും നല്‍കുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൃഷിയിടം ഒരുക്കുന്നതിന് പ്രയോജനപ്പെടുത്തിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വന്തമായാണ് ചെയ്യുന്നത്.

ഒരുടണ്‍ വിളവ് ലക്ഷ്യമിടുന്നുണ്ട്. കൃഷിക്കുപുറമെ എല്ലാവിധത്തിലുള്ള പച്ചക്കറികളും തോട്ടത്തിലുണ്ട്. തക്കാളി, കാരറ്റ്, പയര്‍, വെണ്ട, മുളക്, വാഴ, ചേമ്പ്, ചേന തുടങ്ങിയവരെല്ലാം ശാസ്ത്രീയമായി കൃഷിചെയ്യുന്നു.

ഇതിനൊപ്പം തന്നെ പ്രധാനമാണ് സ്റ്റാലിന്റെ കറിവേപ്പിലത്തോട്ടം. 250 ചുവട് വേപ്പിലമരണമാണ് തോട്ടത്തില്‍. കീടനാശിനി തളിക്കാതെയുള്ള വേപ്പില തേടി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ആളുകളെത്തുന്നു.

സ്വന്തം പുരയിടത്തിലെ ശാസ്ത്രീയ കൃഷിക്കുപുറമെ ഹരിതസമൃദ്ധി എന്ന കാര്‍ഷികസന്നദ്ധത സംഘടനയുടെ നേതൃസ്ഥാനത്തും 85 എക്കറുള്ള വെട്ടക്കല്‍ എ ബ്ലോക്ക് നെല്ലുത്പാദക സമിതിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട്.

ലക്ഷങ്ങള്‍ ചെലവിട്ടാണ് കൃഷിയിറക്കുന്നതെങ്കിലും അതിനനുസരിച്ച വരവ് ലഭിക്കുന്നില്ലെന്ന് സ്റ്റാലിന്‍. ഇടനിലക്കാരനെ ഒഴിവാക്കി ഉത്പാദകരില്‍നിന്ന് ഉപഭോക്താക്കളിലേക്ക് പച്ചക്കറി നേരിട്ട് എത്തിക്കാന്‍ സംവിധാനം ഒരുക്കാന്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്.

കെ.പി.ജയകുമാര്‍


Stories in this Section