അടപ്പന്‍ - കാലികളുടെ കാലന്‍

Posted on: 15 Nov 2012


മൃഗങ്ങളില്‍ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന ഒരു ബാക്ടീരിയ രോഗമാണ് അടപ്പന്‍ അഥവാ ആന്ത്രാക്‌സ്. മനുഷ്യരേയും ബാധിയ്ക്കുന്ന ഒരു ജന്തുജന്യരോഗമാണ് ഇത്. ബാസില്ലസ് ആന്ത്രാസിസ് (ആമരശഹഹൗ െമിവേൃമരശ)െ എന്ന ബാക്ടീരിയകളാണ് രോഗഹേതുക്കള്‍. പശു, ആട്, പന്നി, കുതിര എന്നീ മൃഗങ്ങളേയാണ് പ്രധാനമായും ബാധിക്കുന്നത്. തീറ്റയിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകളിലൂടെയും രോഗസംക്രമണം നടക്കാം.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ് രണ്ടു മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പനി, തീറ്റയെടുക്കാനുള്ള മടി, തൂങ്ങി നില്പ്, ശ്വാസ തടസ്സം, കഴുത്ത്, തൊണ്ട, നെഞ്ച്, വയര്‍ തുടങ്ങിയ ഇടങ്ങളില്‍ നീര് എന്നിവയാണ് രോഗലക്ഷണങ്ങള്‍. തീവ്രമായി രോഗം ബാധിച്ച മൃഗങ്ങള്‍ ലക്ഷണങ്ങളൊന്നും തന്നെ കാണിക്കാതെ പെട്ടെന്നു മരണത്തിനടിമപ്പെടുന്നു. രോഗം മൂലം ചത്ത കാലികളുടെ നാസാരന്ധ്രം, വായ്, മലദ്വാരം, ഈറ്റം എന്നിവിടങ്ങളില്‍ നിന്ന് ടാറുപോലെയുള്ള കട്ടപ്പിടിക്കാത്ത രക്തം സ്രവിക്കുന്നത് ഈ രോഗത്തിന്റെ പ്രത്യേകതയാണ്.

രക്ത പരിശോധയാണ് രോഗനിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗം. രോഗനിര്‍ണ്ണയം ആരംഭത്തില്‍ തന്നെ നടത്തുകയാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാകും.

അടപ്പന്‍ ബാധിച്ച ചത്ത മൃഗങ്ങളുടെ തോല് ഉരിഞ്ഞെടുക്കുകയോ ശവശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തുറക്കുകയോ അരുത്. ഇതു മൂലം രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുകയും സ്‌പോറുകളായി ദീര്‍ഘകാലം മണ്ണില്‍ നിലനില്ക്കുകയും ചെയ്യും. അങ്ങിനെ മറ്റു മൃഗങ്ങളില്‍ രോഗബാധയ്ക്ക് കാരണമാകും. രോഗം ബാധിച്ച് ചത്ത മൃഗങ്ങളെ ഒന്നുകില്‍ ദഹിപ്പിച്ച് കളയുകയോ അല്ലെങ്കില്‍ രണ്ടു മീറ്ററെങ്കിലും ആഴമുള്ള കുഴിയില്‍ മറവു ചെയുകയോ വേണം. കിണര്‍, കുളം, പുഴ തുടങ്ങിയ ജല സ്രോതസ്സുകളില്‍ നിന്ന് അകന്ന സ്ഥലത്തായിരിക്കണം മറവു ചെയ്യേത്. ജഡത്തിന് മുകളില്‍ ധാരാളം ചുണ്ണാമ്പുപൊടി വിതറിയ ശേഷമേ മണ്ണിടാവൂ. അണുബാധയുണ്ടായിട്ടുള്ള വസ്തുക്കള്‍ കത്തിച്ചുകളയുകയും തൊഴുത്ത്, ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവ 10% വീര്യമുള്ള കാസ്റ്റിക് സോഡയോ ഫോര്‍മലിനോ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യണം. അടപ്പനെതിരായ ഫലപ്രദമായ കുത്തി വെപ്പുകള്‍ ലഭ്യമാണ്. സാധാരണയായി രോഗബാധ കണ്ടിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമെ ഇത്തരം പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുകയുള്ളൂ. പിന്നീട് വര്‍ഷം തോറും ഓരോ കുത്തിവെപ്പുകള്‍ നടത്തുകയും വേണം.

ഡോ. പി.വി. ട്രീസാമോള്‍ & ഡോ. അനുമോള്‍ ജോസഫ്Stories in this Section