കൃഷിയെ പ്രണയിച്ച് ഗണപതി ഭട്ടും കുടുംബവും

Posted on: 12 Nov 2012

രാജന്‍ കൊടക്കാട്‌കാസര്‍കോട്: കൃഷിയെ പ്രണയിച്ച് ജീവിക്കുകയാണ് ഖണ്ടിഗെ ഗണപതി ഭട്ടും കുടുംബവും. മണ്ണില്‍ പണിയെടുക്കുന്നതും ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കുന്നതും അഭിമാനമാണിവര്‍ക്ക്. 30 പശുക്കളുള്ള വലിയ ഗോശാല. കറവയുള്ളതും ഇല്ലാത്തതും കുട്ടികളുമായി നിരന്നുകിടക്കുന്ന കാലിക്കൂട്ടം. അതിനിടയിലൂടെ കൈയില്‍ വടിയുമായി ഗണപതി ഭട്ട് . മുന്നിലുള്ള വിശാലമായ കളത്തില്‍ കുന്നോളം തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നു. ഇവയ്ക്കിടയിലൂടെ സൂക്ഷിച്ച് പൂമുഖത്തേക്ക് കയറുമ്പോള്‍ നാലഞ്ചുനായ്ക്കള്‍.

എണ്‍മകജെ പഞ്ചായത്തിലെ ബണ്‍പത്തടുക്കയിലാണ് കൃഷിയെ സ്‌നേഹിക്കുകയും അതുകൊണ്ടുമാത്രം ജീവിക്കുകയും ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ കൊടുക്കുകയും ചെയ്യുന്ന ഖണ്ടിഗെ ഗണപതി ഭട്ടിന്റെ കുടുംബം ഭാര്യ യശോദ ജി.ഭട്ടും മക്കളായ വിശ്വേശ്വര ഭട്ടും ജയറാമും ഉള്‍പ്പെടുന്നതാണ്.

1994ല്‍ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മാതൃകാ കര്‍ഷക അവാര്‍ഡ് നല്കി ഭട്ടി െന ആദരിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബി.എസ്‌സി. ജിയോളജി നല്ലനിലയില്‍ പാസായതിനുശേഷം ഭട്ട് തിരഞ്ഞെടുത്ത വഴിയായിരുന്നു കൃഷി. കൃഷിയിലേക്ക് നോക്കിയതല്ലാതെ മറ്റൈങ്ങും പോയില്ല. മക്കള്‍ എല്ലാവരും ബിരുദധാരികള്‍. പക്ഷേ, സര്‍ക്കാറുദ്യോഗത്തിന് ആരും പോയില്ല. എല്ലാവരും കൃഷിയെ പരിപാലിച്ച് പോരുന്നു. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന നെല്‍വയല്‍. അത് നോക്കിനില്‍ക്കാന്‍, അതിലൂടെ നടക്കാന്‍ , അതില്‍ പണിയെടുക്കാന്‍ അതിന്റെ വിളവെടുക്കാന്‍ എന്ത് സുഖമാണ് -ഈ കുടുംബം പറയുന്നു.

പത്തേക്കറില്‍ വ്യാപിച്ച് കിടക്കുന്ന നെല്‍കൃഷി 1500 തെങ്ങുകളുള്ള തോട്ടം, 10000ല്‍ അധികം കവുങ്ങുകള്‍ അത്ര വിശാലമാണ് കാസര്‍കോട്ടെ ഈ കര്‍ഷകന്റെ കൃഷിയിടം.

തെങ്ങിനും കവുങ്ങിനും ഇപ്പോള്‍ കുരുമുളകിനും രോഗം ബാധിച്ചുതുടങ്ങി. അങ്ങനെ വിളവില്‍ കാര്യമായ മാറ്റം വന്നു. പുതിയ ഇനം കുരുമുളകുവള്ളികളില്‍ നല്ല പ്രതീക്ഷയാണിവര്‍ക്ക് . നേന്ത്രവാഴയും മങ്കവാഴയും യഥേഷ്ടം കൃഷിചെയ്യുന്നു. ഗ്രാമത്തിലേയും പട്ടണത്തിലേയും പച്ചക്കായ ഏറിയ പങ്കും പോകുന്നത് ഈ പറമ്പില്‍നിന്നാണ്. കൂടാതെ പച്ചക്കറികളും കാസര്‍കോട്, ബദിയഡുക്ക മാര്‍ക്കറ്റുകളിലെത്തുന്നത് ഇവിടന്നുതന്നെ. നെല്ലുമുഴുവന്‍ അരിയാക്കി വീട്ടാവശ്യത്തിനുള്ളതുവെച്ച് ബാക്കിയെല്ലാം കടയിലേതിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് നാട്ടുകാര്‍ക്ക് വില്ക്കുന്നു.

കപ്പക്കൃഷി തുടങ്ങിയിരുന്നു. പക്ഷേ, വന്യമൃഗശല്യം കാരണം നിര്‍ത്തി.
84-ാംവയസ്സിലും കൃഷിയെ സ്‌നേഹിച്ച് മക്കള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി സക്രിയമാണ് ഗണപതി ഭട്ട്. കൃഷികാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് വരവുചെലവ് കൃത്യമായി നോക്കുന്നു. കശുമാവുകള്‍ കൂട്ടത്തോടെ നശിക്കാന്‍ തുടങ്ങിയപ്പോള്‍ മടിച്ചുമടിച്ച് ഒരു അഞ്ചേക്കറില്‍ റബ്ബര്‍ കൃഷിയും തുടങ്ങി.

പള്ളത്തടുക്ക പാടശേഖര കമ്മിറ്റി സെക്രട്ടറിയാണ് ഇദ്ദേഹത്തിന്റെ മകന്‍ വിശ്വേശ്വര ഭട്ട്. സ്വന്തം കൃഷിയിടത്തിന് പുറമെ നാട്ടുകാരുടെ കൃഷിയിടത്തിലും ട്രാക്ടര്‍ ഓടിക്കുന്നത് ഇദ്ദേഹമാണ്. എല്ലാത്തരം കാര്‍ഷികോപകരണങ്ങളും ഇവിടെയുണ്ട് . എപ്പോഴും ഒപ്പമുണ്ട് അനുജന്‍ ജയറാം. അമ്മ യശോദ ജി. ഭട്ട് എല്ലാത്തരം പഴങ്ങളില്‍നിന്നും അച്ചാറുകളും മറ്റു പലഹാരങ്ങളും യഥേഷ്ടമുണ്ടാക്കുന്നു.
കാസര്‍കോടിന്റെ സാംസ്‌കാരിക പുരോഗതിയില്‍ ഗണ്യമായ മാറ്റം വരുത്താന്‍ പ്രയത്‌നിച്ച ഖണ്ഡികെ ശ്യാംഭട്ടിന്റെ കുടുംബത്തിലെ കണ്ണിയാണ് ഗണപതി ഭട്ട്. ഇദ്ദേഹത്തിന്റെ പ്രയത്‌നഫലമായാണ് നീര്‍ച്ചാല്‍ സംസ്‌കൃതകോളേജ് സ്‌കൂള്‍ സ്ഥാപിതമായത്.
കൃഷികാര്യങ്ങളില്‍ ഇളംതലമുറയ്ക്ക് നല്ല പ്രോത്സാഹനം കൊടുക്കണം . നാളെ ഭക്ഷ്യക്ഷാമമില്ലാതാക്കാന്‍ ഓരോ വ്യക്തിയും അവരുടെ മക്കളെ കാര്‍ഷികമേഖലയില്‍ ശ്രദ്ധാലുക്കളാക്കണമെന്നാണ് ഈ കര്‍ഷകന്റെ അഭിപ്രായം.


Stories in this Section