കോര്‍പ്പറേറ്റ്ഹരിതഗാഥയുമായി വിപ്രോ ഇക്കോ-ഐ

Posted on: 12 Nov 2012പുത്തന്‍ സാങ്കേതിക വിദ്യാരംഗത്തെ ജോലിത്തിരക്കിനിടയിലും ക്യാമ്പസ് മുറ്റത്ത് ഹരിതോദ്യാനം നിര്‍മിച്ച് മാതൃകയാവുകയാണ് വിപ്രോയുടെ കൊച്ചി ക്യാമ്പസ്. ഇരുപത്തിയഞ്ച് ഏക്കറോളം വരുന്ന ക്യാമ്പസിന്റെ അമ്പത്ശതമാനം സ്ഥലവും ഹരിതോദ്യാനമാണ്. ഇതിനായി ഇക്കോ-ഐ എന്ന പരിസ്ഥിതി സംരക്ഷണ സംരംഭത്തിനാണ് വിപ്രോ തുടക്കമിട്ടിരിക്കുന്നത്. വിപ്രോ ലിമിറ്റിഡിന്റെ സോഷ്യല്‍ ഇനീഷ്യേറ്റീവ് വിഭാഗം വൈസ് പ്രസിഡന്റ് അനുരാഗ് ബെഹാറുള്‍പ്പെടെയുള്ള വിപ്രോയുടെ നേതൃത്വനിരയും പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള ജീവനക്കാരും ഇന്ന് ഇക്കോ-ഐയില്‍ പങ്കാളികളാണ്.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരു പാരിസ്ഥിതിക അവബോധം വളര്‍ത്തുക, അതുവഴി സമൂഹത്തിന് ഒരു മാതൃകയാവുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കോ-ഐ എന്ന സംരംഭത്തിന് വിപ്രോ തുടക്കമിട്ടത്. ഇതുവഴി മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമാണ് മൂന്ന് വര്‍ഷം കൊണ്ട് നിര്‍മിച്ചത്. തികച്ചും ഒരു ജൈവവളനിര്‍മിതിയാണ് എന്നതാണ് ഈ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത.

ക്യാമ്പസില്‍ ഉദ്യാനം ആരംഭിച്ചതുമുതല്‍ കൊച്ചിന്‍ ഫ്ലവര്‍ ഷോയില്‍ വിപ്രോ പങ്കെടുക്കാറുണ്ട്. നഗരത്തിലെ ഏറ്റവും വലിപ്പമേറിയ ഉദ്യാനങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരങ്ങളില്‍ വിപ്രോ തന്നെ മൂന്ന് തവണയും ഒന്നാം സ്ഥാനം നേടി. സ്ഥാപനത്തിന്റെ ഏഴരസെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയും ഈ ഐ. ടി. ക്യാമ്പസ് ഒരുക്കിയിട്ടുണ്ട്. അമ്പത്തിയഞ്ചോളം വാഴകള്‍, പപ്പായ, മുരിങ്ങ, പയര്‍ എന്നിവയും നിരവധി പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. അതോടൊപ്പം പേര, നെല്ലി, മാവ് തുടങ്ങിയ പഴവര്‍ഗങ്ങളും ഇക്കോ-ഐ ഒരുക്കിയിട്ടുണ്ട്. വിളവെടുക്കുന്ന പച്ചക്കറികള്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് തന്നെ സൗജന്യമായി നല്‍കുകയാണ് ചെയ്യുന്നത്.
ഹരിതോദ്യാനത്തിന്റെ സംരക്ഷണത്തിലും പരിസ്ഥിതിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള നടപടിയാണ് വിപ്രോ സ്വീകരിച്ചിരിക്കുന്നത്. മഴവെള്ളം സംഭരിക്കുകയും ആവശ്യത്തിന് ഉപയോഗിക്കുകയും ബാക്കി ഭൂമിയിലേക്ക് തന്നെ ഒഴുക്കിവിടുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം പരിസ്ഥിതി മലിനമാക്കാതി രിക്കാനായി ഒരു ബയോഗ്യാസ് പ്ലാന്റും ക്യാമ്പസില്‍ നിര്‍മിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് വിപ്രോയിലെ ഇക്കോ-ഐ പ്രവര്‍ത്തകര്‍ പറയുന്നു. പരിസ്ഥിതി പരിപാലനത്തില്‍ തങ്ങള്‍ക്കുള്ള അറിവുകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഇതിന്റെ ഭാഗമായി നഗരത്തിലുള്ള സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍ സന്ദര്‍ശിക്കുകയും പരിസ്ഥിതി ക്ലബ്ബുമായി ചേര്‍ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനുമാണ് ഇക്കോ-ഐ ലക്ഷ്യമിട്ടിരിക്കുന്നത്.


Stories in this Section