കാര്‍ഷികോത്‌പന്നങ്ങള്‍ ജനവരി മുതല്‍ സംഭരിക്കും - മന്ത്രി കെ.പി.മോഹനന്‍

Posted on: 12 Nov 2012


പൂക്കോട്: സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷികോത്പന്നങ്ങളും 2013 ജനവരിമുതല്‍ സംഭരിച്ചു തുടങ്ങുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ 'വയനാട്-2030' വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്പന്നങ്ങള്‍ കൃഷിഭവന്‍മുഖേനയാണ് ന്യായവില നല്കി സംഭരിക്കുക. ഇതിനുപുറമെ സംസ്‌കരണത്തിനും പ്രാധാന്യം നല്കും. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായാണ് സംഭരണം തുടങ്ങുന്നത്. കാര്‍ഷികമേഖലയ്ക്ക് പരമാവധി സഹായം നല്കുന്ന തരത്തിലാണ് പുതിയ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇഞ്ചികര്‍ഷകര്‍ക്ക് സഹായം നല്കുന്നത് വൈകാന്‍ കാരണം ബാങ്കുകളുമായുള്ള ചില സാങ്കേതികപ്രശ്‌നമാണ്. ഇത് പരിഹരിച്ച് സഹകരണബാങ്കുകള്‍ വഴിയും സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കര്‍ഷകര്‍ക്ക് ആനുകൂല്യം പണമായിത്തന്നെ നല്കും -മന്ത്രി പറഞ്ഞു.

എല്ലാ ഉത്പന്നങ്ങള്‍ക്കും കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. സംസ്ഥാനത്ത് 17 പുതിയ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങാനും 28 എണ്ണം നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ആസ്ഥാനം വയനാട്ടില്‍ത്തന്നെയാണ്. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വെറ്ററിനറി സര്‍വകലാശാലയിലൂടെ വയനാടിന്റെ വികസനത്തിന് ആക്കംകൂട്ടാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. കര്‍ഷകരുടെയും വിവിധ മേഖലകളിലുള്ളവരുടെയും സഹകരണത്തോടെയാണ് വെറ്ററിനറി സര്‍വകലാശാലാ പ്രവര്‍ത്തനം മുന്നോട്ടുപോവുകയെന്നും മന്ത്രി പറഞ്ഞു.


Stories in this Section