കാക്കിക്കുള്ളിലെ കര്‍ഷകമനസ്സുകള്‍

Posted on: 11 Nov 2012
തിരുവനന്തപുരം - നെയ്യാറ്റിന്‍കര ദേശീയപാതയിലെ ബാലരാമപുരത്തിന്റെ ഹൃദയഭാഗത്തെ പരിമിതമായ സ്ഥലത്താണ് ബാലരാമപുരം പോലീസ് സ്റ്റേഷന്‍. സ്റ്റേഷന്‍വളപ്പിലെ ഇടുങ്ങിയ ചുറ്റുമതിലിനുള്ളില്‍ പിടിക്കപ്പെട്ട പലതരം വാഹനങ്ങളുടെ വലിയൊരു കൂമ്പാരം. സ്റ്റേഷന്റെ ജനാലകള്‍ തുറന്നിട്ടാല്‍ സദാ ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദകോലാഹലം. അവ പുറന്തള്ളുന്ന വിഷവാതകങ്ങള്‍ അടങ്ങിയ വായുശ്വസിച്ച് വീര്‍പ്പുമുട്ടുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍.

കാറ്റില്‍പറന്നെത്തുന്ന ഇലകളും ആഹാരപദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങളും അവ പൊതിഞ്ഞുകൊണ്ടുവരുന്ന വാഴഇലകളും ചീഞ്ഞഴുകിനാറുന്ന സ്റ്റേഷന്‍ പരിസരം. മുറ്റമാകെ ഉഴുതുമറിച്ച് കുറെ മാളങ്ങള്‍ നിര്‍മിച്ച് ഒരു പറ്റം പെരുച്ചാഴികള്‍. ചപ്പുചവറിനുള്ളില്‍ മുട്ടിയിട്ട് വിരിഞ്ഞുപറക്കുന്ന കൊമ്പന്‍ചെല്ലികള്‍. ഇങ്ങനെയായിരുന്നു ഒരു വര്‍ഷം മുമ്പുവരെ സ്റ്റേഷന്‍ പരിസരം.
2011 ജൂലായില്‍ ഇവിടെ ചുമതലയേറ്റ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ സി.ജോണ്‍ ആദ്യദിനത്തില്‍ത്തന്നെ പരിസരം ശുചിയാക്കണമെന്ന് മനസ്സിലുറപ്പിച്ചു. ജോലിത്തിരക്കിനിടയില്‍പ്പോലും ഇതേപ്പറ്റി ആലോചിച്ച് ഒടുവില്‍ ഒരു പോംവഴി കണ്ടെത്തി. സ്വന്തം വീട്ടുപരിസരത്തെ മാതൃകതന്നെ ഇവിടെയും അദ്ദേഹം പകര്‍ത്തി.

ജോലിയിലെന്നപോലെ കൃഷിയിലും ഉത്സാഹിയായ അദ്ദേഹം ഒരു ദിവസം മണ്‍വെട്ടിയുമായി പണിതുടങ്ങി. പിന്നാലെ തന്റെ സഹപ്രവര്‍ത്തകരായ സിവില്‍ പോലീസ് ഓഫീസര്‍മാരും ഒത്തുകൂടി. അരമീറ്റര്‍ വീതിയിലും താഴ്ചയിലും 20 മീറ്ററോളം നീളംവരുന്ന ചാലുകള്‍ നിര്‍മിച്ചു. സ്റ്റേഷന്‍ പരിസരത്ത് കിടന്ന മാലിന്യങ്ങളെ രണ്ടായി തിരിച്ചു. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും.

ജൈവമാലിന്യങ്ങള്‍, ഉണങ്ങിപ്പൊടിഞ്ഞ കാലിവളം, മേല്‍മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി ചാലുനിറച്ചു. പിന്നെ ഏഴാം ദിവസം എട്ടടി അകലത്തില്‍ പടര്‍ത്തി വാഴക്കന്നുകള്‍ നട്ടു. ആദ്യം മന്ദഗതിയിലായ വളര്‍ച്ച പിന്നെ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. 5 തവണ 21 ദിവസം ഇടവിട്ട് 3 കിലോ കാലിവളം കുഴമ്പുപരുവത്തില്‍ ചുവട്ടില്‍നിന്ന് അല്പം മാറി ഒഴിച്ചതാണ് മേല്‍വളപ്രയോഗം.വിളവെടുത്ത 13 കുലകള്‍ക്കും 15 പടലകള്‍ 275 ലധികം കായ്കള്‍. ഇപ്പോഴും വിളവെടുപ്പ് തുടരുന്നു. വിളവെടുക്കുന്ന കുലകള്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷനില്‍ എത്തിച്ചേരുന്ന കക്ഷികളും ഭക്ഷണമാക്കിയിരുന്നു. കൂടം വരാന്‍ പ്രായമായ വാഴകളും കൂട്ടത്തിലുണ്ട്. വിളവെടുത്ത വാഴയുടെ ചുവടുഭാഗം വെട്ടിമാറ്റി അല്പം സ്ഥലംമാറ്റി വീണ്ടും വാഴനട്ടുപിടിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത്തവണത്തെ വാഴക്കന്നുകള്‍ മുഴുവനും മാതൃവാഴയില്‍ നിന്നും ഗുണമേന്മ കണ്ടെത്തി നട്ടവയാണ്. ബസ്‌യാത്രക്കാരെയും സ്റ്റേഷനിലെത്തിച്ചേരുന്ന കക്ഷികളെയും ആദ്യം ആകര്‍ഷിക്കുന്നത് ഇവിടത്തെ വാഴകൃഷിയാണ്.

കഴിഞ്ഞ പതിനൊന്നുമാസമായി ജനാലയിലൂടെ കടന്നെത്തുന്ന പൊടിയെ തടയാനും ഉഷ്ണക്കാറ്റിന് പകരം ഉച്ചസമയത്ത് വാഴകളില്‍ നടക്കുന്ന പ്രകാശസംശ്ലേഷണ പ്രക്രിയവഴി ജനാല വഴി മുറിക്കുള്ളില്‍ എത്തുന്ന കാറ്റിന്റെ താപനിലയില്‍ നേരിയ വ്യതിയാനം വരുത്തിയതായും സിവില്‍ പോലീസ് ഓഫീസര്‍മാര്‍ പറയുന്നു.

വാഴക്കന്ന് നട്ട് മൂന്നുമാസം കഴിഞ്ഞപ്പോള്‍ മറ്റ് സ്റ്റേഷനിലേക്ക് സ്ഥലംമാറിപ്പോയ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രകൃതി കനിഞ്ഞുനല്‍കിയ വരദാനം പോലെ വാഴക്കുലകള്‍ വിളവെടുപ്പിന് പാകമായപ്പോള്‍ വീണ്ടും ബാലരാമപുരം സ്റ്റേഷനിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. വിശാലമായ വീട്ടുമുറ്റങ്ങളിലും ഓഫീസ് പരിസരത്തും ക്ഷുദ്രജീവികള്‍ക്ക് ഇടം കൊടുക്കുന്നവര്‍ ബാലരാമപുരം പോലീസ് സ്റ്റേഷനിലെ കൃഷിപാഠങ്ങള്‍ മാതൃകയാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാലരാമപുരം പോലീസ് സ്റ്റേഷന്‍ 0471 2400366.

ഗ്രേഷ്യസ് ബെഞ്ചമിന്‍ :- 9495300079


Stories in this Section