മരച്ചീനിയുടെ മേന്മ

Posted on: 11 Nov 2012

വീണാറാണി ആര്‍, കൃഷിഓഫീസര്‍, കിനാനൂര്‍ കരിന്തളംചൗവ്വരി മുതല്‍ കീടനാശിനി വരെ ഉത്പ്പാദിപ്പിക്കുവാന്‍ കഴിയുന്ന ഏകവിള അതാണ് മരച്ചീനി. ഒരു കാലത്ത് നമ്മുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയിരുന്ന മരച്ചീനി ഇന്ന് ഭക്ഷ്യ വ്യവ്യസായരംഗത്തെ തന്നെ മിന്നും താരമാണ്. വറ്റലുകള്‍, ചൗവ്വരി, പശ, പേപ്പര്‍, തുണി, കോഴിത്തീറ്റ എന്നുവേണ്ട ആല്‍ക്കഹോള്‍ ഉത്പ്പാദനത്തില്‍ വരെ വ്യവസായിക അസംസ്‌കൃത വസ്തുവാണ് മരച്ചീനി. അതുകൊണ്ടുതന്നെ കാര്‍ഷികോത്പ്പന്നങ്ങളുടെ വിപണിയിലെ ചാഞ്ചാട്ടമൊന്നും കിഴങ്ങുവര്‍ഗവിളയിലെ ഈ സമ്രാട്ടിനെ ബാധിക്കുന്നില്ല.കാലവര്‍ഷത്തെ ഫലപ്രദമായരീതിയില്‍ പ്രയോജനപ്പെടുത്തി കൃഷിയിറക്കിയാല്‍ കുറഞ്ഞ ചെലവില്‍ മികച്ച വിളവ് ഉറപ്പുവരുത്താം. നന്നായി കിളച്ച് ഒരടി ആഴത്തില്‍ കുഴിയെടുത്തുവേണം മരച്ചീനിനടാന്‍. കുമ്മായം ചേര്‍ത്ത് മണ്ണിലെ പുളിരസം കുറയ്ക്കുന്നത് കിഴങ്ങിന്റെ ഗുണമേന്മ മെച്ചപ്പെടുത്തും. ചാണകവും ചാരവും അടിവളമായി നല്‍കണം. കീടരോഗബാധയില്ലാത്ത കമ്പുകള്‍ 20 സെന്റിമീറ്റര്‍ നീളത്തിലുള്ള കഷണങ്ങളാക്കി നടാം. മൂന്നടി അകലത്തിലാണ് കമ്പുകള്‍ നടേണ്ടത്.

നട്ട് ഒരു മാസത്തിനുശേഷം അഭിമുഖമായിവളരുന്ന രണ്ട് ശാഖകള്‍ എതിര്‍ ദിശകളിലായി നിര്‍ത്തുകയും മറ്റുള്ളവ മുറിച്ചുമാറ്റുകയും വേണം. കുറ്റിപ്പയറും തുവരയുമാണ് മരച്ചീനിക്കിണങ്ങുന്ന ഇടവിളകള്‍. തെങ്ങിന്‍ തൈകള്‍ നട്ട് 8 വര്‍ഷം വരെയും തെങ്ങ് വളര്‍ന്ന് 25 വര്‍ഷം ആയതിനുശേഷവും തെങ്ങിന്‍ തോപ്പില്‍ മരച്ചീനി ഇടവിളയായി കൃഷിചെയ്യാം. ലഭ്യമായ സ്ഥലത്തുനിന്നും കുറഞ്ഞ ചെലവില്‍ പരമാവധി വരുമാനമുണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനം മരച്ചീനിക്കു തന്നെ.

ഉണക്കകപ്പയും വാട്ടുകപ്പയും നമ്മുടെ പ്രിയ വിഭവങ്ങളുടെ അണിയറക്കാരാണെങ്കില്‍ മരച്ചീനി കര്‍ഷകന്റെ സുഹൃത്താണ്. 20 മുതല്‍ 30 ശതമാനം വരെ വിവിധങ്ങളായ അമിനോ അമ്ലങ്ങള്‍കൊണ്ട് സമൃദ്ധമായ പ്രോട്ടീനാണ് മരച്ചീനിയുടെ സമ്പത്ത്.

veena4ragharan@gmail.com


Stories in this Section