എം.എ. സുധീര്‍ബാബു, പട്ടാമ്പി
ശീതകാല പച്ചക്കറി വിളകളായ കാബേജും കോളിഫ്ലവറും കാരറ്റും നമ്മുടെ നാട്ടിലെ എല്ലാ ഭാഗങ്ങളിലും കൃഷിയിറക്കി നല്ല രുചികരമായ വിഷമില്ലാത്ത , കാബേജും കോളിഫ്ലവറും നമുക്ക് പറിച്ചെടുത്ത് ഉപയോഗിക്കാം. ഇത് വെറുംവാക്കല്ല. കഴിഞ്ഞ കുറച്ചുവര്‍ഷമായി നമ്മുടെ കേരളത്തില്‍ ഇവ വിജയകരമായി കൃഷിയിറക്കി ജനശ്രദ്ധ പിടിച്ചുപറ്റിയതുമാണല്ലോ.
കേരള കാര്‍ഷിക സര്‍വകലാശാല വി.എഫ്.പി.സി. കെ. കൃഷിവകുപ്പും എന്നിവയുടെ ഊര്‍ജിത ശ്രമഫലമായി ഇതിന്റെ കൃഷി ഏറെ പ്രചാരം നേടിയിട്ടുണ്ട്.
ശരിയായ കാലയളവില്‍ വിത്ത് പാകി, തൈ കിളിര്‍പ്പിച്ച് നട്ടാലെ ഈ വിളകള്‍ വിജയകരമാവൂ. ഇതിനിപ്പോള്‍ നല്ല സമയമാണ്. കാബേജില്‍ എന്‍.എസ്.-183, കോളി ഫ്ലവറില് ബസന്ത് എന്നീയിനങ്ങള്‍ ഇവിടെ നന്നായി പിടിച്ചുകിട്ടും.
സപ്തംബര്‍ - ഒക്ടോബര്‍ മുതല്‍ ജനവരി -ഫിബ്രവരി വരെയാണ് ഏറ്റവും യോജിച്ച സമയം. സങ്കരയിനങ്ങളുടെ വിത്താണെങ്കില്‍ ഒരു ഹെക്ടറിന് 250 ഗ്രാം വിത്തുവേണം. ഒരു സെന്ററില്‍ നടുന്നയവസരത്തില്‍ രണ്ട് മൂന്ന് ഗ്രാം വിത്താവശ്യമാണ്. ചെറിയ കടുകുമണിമാതിരിയാണ് കാബേജ്, കോളിഫ്ലവര്‍ എന്നിവയുടെ വിത്തുകള്‍. കാരറ്റില്‍, സൂപ്പര്‍ കുറോഡ എന്ന ഇനമാണിവിടേക്കിണങ്ങിയതായി കണ്ടത്.
വിത്ത് വളരെ ശ്രദ്ധ നല്കി പാകിയാലെ കിളിര്‍ക്കൂ. മാത്രമല്ല തൈകള്‍ നല്ലശ്രദ്ധ നല്കി പരിചരിച്ച് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുന്നതിലും ശ്രദ്ധവേണം. കാരറ്റില്‍, തൈകള്‍ പറിച്ചുനടാറില്ല. നല്ല വൃത്തിയുള്ള ഭാഗത്ത് തവാരണയുണ്ടാക്കണം. തുറസ്സായ സ്ഥലത്തോ, ഷെയ്ഡ് നെറ്റിലോ തൈകള്‍ ശരിയാക്കാം. വിത്ത് പാകിയാല്‍ നാലഞ്ചുദിവസം കൊണ്ട് തൈമുളച്ചുവരും. എട്ട് - പത്ത് സെന്റിമീറ്റര്‍ ഉയരം വരുന്ന തൈകള്‍ 25 ദിവസമായാല്‍ പിഴുത് നീക്കി നടാം. മണ്ണ്, മണല്‍, ചാണകപ്പൊടി ഇവയാവശ്യത്തിന് ചേര്‍ത്തിയ തവാരണയില്‍ ട്രൈക്കോഡെര്‍മ മിശ്രിതം കൂടി ചേര്‍ത്താല്‍ നല്ലതാണ്. സൂഡോമോണസ് മിശ്രിതം തവാരണയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ഇവ ലഭിച്ചില്ലെങ്കില്‍ ഫൈറ്റോലാന്റ് എന്ന കുമിള്‍നാശിനി നാല് ഗ്രാമെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, തവാരണയില്‍ ഒഴിച്ചുളക്കിയിടണം. ഇങ്ങനെയുള്ള ഭാഗത്ത് 10 ദിവസശേഷം മാത്രമേ വിത്തിടാവൂ. പോളിട്രേകളിലും ചെടിച്ചട്ടികളിലും മിശ്രിതം നിറച്ചും
വിത്ത് പാകാം.