അട്ടപ്പാടിയിലെ കൃഷിയിടങ്ങളില്‍ അംഗീകാരമില്ലാത്ത വിത്തുകളും നിരോധിക്കപ്പെട്ട കീടനാശിനികളും

Posted on: 07 Nov 2012അഗളി: അട്ടപ്പാടിയില്‍ സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത വിത്തിനങ്ങളും നിരോധിക്കപ്പെട്ട മാരക കീടനാശിനികളും വ്യാപകമായി ഉപയോഗിക്കുന്നു. തിങ്കളാഴ്ച അട്ടപ്പാടിയിലെ കൃഷിയിടങ്ങളില്‍ കൃഷിവകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.

തമിഴ്‌നാട്ടില്‍നിന്നുള്ള ഏജന്റുമാരാണ് ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകരെ കബളിപ്പിച്ച് അംഗീകാരമില്ലാത്ത വിത്തുകള്‍ വാങ്ങിപ്പിക്കുന്നത്.

അത്യുത്പാദനശേഷിയുള്ളതെന്ന് ഏജന്റുമാര്‍ പറയുന്ന വിത്തുകള്‍ക്ക് ഒരുകിലോയ്ക്ക് 45,000 രൂപവരെയാണ് വില. 10 ഗ്രാം പായ്ക്കറ്റുകള്‍ 450 രൂപയ്ക്കാണ് ഏജന്റുമാര്‍ നല്‍കുന്നത്. സാധാരണ വിത്തുപയോഗിച്ചാല്‍ ലഭിക്കുന്നതിന്റെ 10 ഇരട്ടിയിലധികം വിളവ് ലഭിക്കുമെന്നാണ് വാഗ്ദാനം.

ഡി.സി.എച്ച്. 32 ഇനത്തില്‍പ്പെട്ട പരുത്തിവിത്തുകള്‍, 5005 മീര ഇനത്തില്‍പ്പെട്ട തക്കാളിവിത്തുകള്‍, എഫ്. 1 മുളകുവിത്ത്, സൂസി ഹൈബ്രിഡ് വഴുതനവിത്ത് തുടങ്ങിയവയൊക്കെയാണ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. തമിഴ് ആദിവാസി കര്‍ഷകര്‍ക്കിടയിലാണ് ഇവ ഏറ്റവുമധികം കൃഷി ചെയ്യുന്നത്. എന്നാല്‍, ഈ വിത്തുകള്‍ക്കൊന്നും സര്‍ക്കാരിന്റെയോ സര്‍വകലാശാലകളുടെയോ അംഗീകാരമില്ലെന്നും കൃഷി വകുപ്പ് ജോയന്റ് ഡയറക്ടര്‍ പി.എ. എല്‍സ അറിയിച്ചു.

കേരളത്തില്‍ നിരോധിച്ചിട്ടുള്ള മോണോ ക്രോട്ടോസോം അടക്കമുള്ള മാരക കീടനാശിനികളും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവയില്‍ പലതും ജനിതകവൈകല്യങ്ങള്‍പോലും ഉണ്ടാക്കുന്നതാണ്.

അതേസമയം, അട്ടപ്പാടിയില്‍ അന്തകവിത്തുകള്‍ കൃഷിചെയ്യുന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശില്‍നിന്നുമുള്ള ഹൈബ്രിഡ് വിത്തുകളും വിതരണം ചെയ്യുന്നുണ്ട്.

എട്ടുവര്‍ഷംമുമ്പ് പുതൂര്‍ പഞ്ചായത്തിലെ തമിഴ് കര്‍ഷകര്‍ അന്തകവിത്തുകള്‍ കൃഷിചെയ്ത് കബളിപ്പിക്കപ്പെട്ടിരുന്നു. അമേരിക്കന്‍ കമ്പനിയായ മോണ്‍സാന്റോയുടെ പരുത്തിവിത്തുകളാണ് തമിഴ്‌നാട്ടിലെ കീടനാശിനികടകളില്‍നിന്ന് 10 ഇരട്ടിയിലേറെ വില നല്‍കി കര്‍ഷകര്‍ വാങ്ങി കൃഷിചെയ്തത്. എന്നാല്‍, വിളവ് ലഭിക്കാതെ കൃഷി ഉണങ്ങുകയായിരുന്നു.

തിങ്കളാഴ്ച സ്വര്‍ണഗദ്ദ, ചീരക്കടവ്, തേക്കുവട്ട തുടങ്ങിയയിടങ്ങളിലെ കൃഷിത്തോട്ടങ്ങളാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഇവര്‍ കൃഷിക്കാരുമായി സംസാരിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൃഷിവകുപ്പ് ജോയന്റ് ഡയറക്ടര്‍ പി.എ. എല്‍സ, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ബി. ഉഷ, സീഡ് അതോറിട്ടി ഡെപ്യൂട്ടി ഡയറക്ടര്‍ രഞ്ജനദാമോദരന്‍, വെള്ളാനിക്കര ഹോര്‍ട്ടി കള്‍ച്ചര്‍ അസി. പ്രൊഫസര്‍ എ. പ്രദീപ്, കൃഷിവകുപ്പ് അസി. ഡയറക്ടര്‍ സുരേഷ്, കൃഷിഓഫീസര്‍ ജാനറ്റ് ഡാനിയല്‍ എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.


Stories in this Section