ഇറച്ചിക്കാളകളെയും ആടുകളെയും വിപണിയിലെത്തിച്ച് തിരുവിഴാംകുന്ന് ഫാം

Posted on: 07 Nov 2012അലനല്ലൂര്‍(പാലക്കാട്): പാലിനും പാലുത്പന്നങ്ങള്‍ക്കും പുറമെ നല്ലയിനം ഇറച്ചിക്കാളകളെയും ആടുകളെയും വളര്‍ത്തി വിപണിയിലെത്തിച്ച് ശ്രദ്ധേയമാവുകയാണ് തിരുവിഴാംകുന്ന് കന്നുകാലിഗവേഷണകേന്ദ്രം.

ഗവേഷണകേന്ദ്രത്തിന്റെ ചരിത്രത്തിലാദ്യമായി കഴിഞ്ഞവര്‍ഷത്തിലാണ് നല്ലയിനം കാളകളെ ഉത്പാദിപ്പിച്ച് വളര്‍ത്തി വിപണിയിലെത്തിച്ചത്. ഇറച്ചിക്കായി പ്രത്യേകം തയ്യാറാക്കിയവയായിരുന്നു അവ.

തിരുവിഴാംകുന്ന്ഫാമില്‍ തയ്യാറാക്കിയ കാളക്കുട്ടന്‍മാര്‍ക്ക് ആവശ്യക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് അധികൃതര്‍ ഈവര്‍ഷവും മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. അട്ടപ്പാടി ബ്ലാക്ക് വിഭാഗത്തില്‍പ്പെടുന്ന ആടുകളെയും ബക്രീദ്‌പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയെടുത്തിരുന്നു.

കഴിഞ്ഞവര്‍ഷം രണ്ടുവയസ്സുള്ള 15 കാളക്കുട്ടന്മാരെയാണ് ലേലത്തിലൂടെ വില്പനനടത്തിയത്. ഇതിലൂടെ മൂന്നുലക്ഷത്തോളം രൂപ ഫാമിന് ലഭിച്ചു. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്നായി ധാരാളം ആവശ്യക്കാരെത്തിയതോടെ വില്പന നന്നായി.

ഇത്തവണയും രണ്ടുവര്‍ഷം പ്രായവും നല്ലതൂക്കവുമുള്ള ഇനം കാളക്കുട്ടന്മാരെയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.തിരുവിഴാംകുന്ന് കന്നുകാലിഗവേഷണകേന്ദ്രം തീറ്റപ്പുല്‍കൃഷി, മാതൃകാഡയറിഫാം തുടങ്ങി വിവിധ മേഖലകളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്ന് ഡോ. കെ.എസ്. അജിത്, ഡോ. ആര്‍.എസ്. അഭിലാഷ് എന്നിവര്‍ അറിയിച്ചു.


Stories in this Section