'സ്വദേശിമണ്ണിലെ വിദേശകൃഷി'

Posted on: 07 Nov 2012ആലപ്പുഴ: 25സെന്റില്‍ നിറഞ്ഞുനില്‍ക്കുന്ന പോളിഹൗസ് എന്ന കൂടാരം. ഈച്ചപോലും കടക്കാത്ത ഈ കൂടാരത്തിനുതാഴെ 3800 ചുവട് പയര്‍ച്ചെടികള്‍. അതിലാവട്ടെ നിറയെ നീളന്‍ പയറും. കിലോക്കണക്കിന് പയര്‍ നിത്യേന വിളവെടുക്കുമ്പോള്‍ അനില്‍കുമാര്‍ എന്ന യുവാവിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി. കാരണം കൃഷി തുടങ്ങാനായി 25 സെന്റിലെ തെങ്ങും മാവും ഉള്‍പ്പെടെ വൃക്ഷലതാദികള്‍ മുഴുവനായും വെട്ടിമാറ്റിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞത് അനില്‍കുമാറിന് ഭ്രാന്താണെന്ന്!

ആലപ്പുഴ തത്തംപള്ളി ഹൗസിങ് സൊസൈറ്റിക്ക് സമീപമുള്ള അനുപമയില്‍ അനില്‍കുമാര്‍ കൃഷിയിലേക്കെത്തിയത് യാദൃച്ഛികമായി. കുട്ടിക്കാലം മുതല്‍ കൃഷിയെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും വിദേശത്തെ മണലാര്യണ്യത്തില്‍ വിയര്‍പ്പൊഴുക്കാനായിരുന്നു നിയോഗം. 13 കൊല്ലത്തെ ജോലിക്കിടെ ലീവിന് നാട്ടിലെത്തി. അപ്പോഴാണ് അച്ഛന്‍ രാജപ്പപ്പണിക്കര്‍ക്ക് സുഖമില്ലാതായത്. അച്ഛനെ പരിചരിക്കുന്നതിനിടെ കൃഷിചെയ്യാനുള്ള ആശയം അപ്പോഴാണ് ഉണ്ടായത്. അങ്ങനെ 2010ല്‍ നാട്ടിലെത്തിയ അനില്‍കുമാര്‍ കൃഷിക്ക് പേരുകേട്ട തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ 27.5 ഏക്കര്‍ സ്ഥലം വാങ്ങി. നെല്ലി, മാവ്, പുളി എന്നിവ കൃഷിചെയ്തുകൊണ്ടായിരുന്നു
തുടക്കം.

അച്ഛന്റെ പരിചരണത്തിനായി പൂര്‍ണമായും നാട്ടില്‍നിന്നപ്പോഴാണ് കൃഷി ഇവിടേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ-മുഹമ്മ റോഡരികില്‍ തലവടി ജങ്ഷന് സമീപത്തെ 30 സെന്റ് സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. ആധുനികരീതിയില്‍ കൃഷി ചെയ്ത് വിഷമുക്തമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാനായിരുന്നു മനസ്സ് കൊതിച്ചത്. കെല്‍ട്രോണിലെ ഉദ്യോഗസ്ഥന്‍ അരൂക്കുറ്റി സ്വദേശി നാസര്‍ വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കി. കൃഷിക്കായി ബാങ്കില്‍നിന്ന് 12 ലക്ഷം രൂപ വായ്പ കിട്ടിയതോടെ എല്ലാം വേഗത്തിലായി. ഉടമയുടെ മുതല്‍മുടക്ക് എന്ന നിലയില്‍ 4 ലക്ഷം രൂപ അനില്‍കുമാറും എടുത്തു.25 സെന്റില്‍ നിറഞ്ഞുനില്‍ക്കുന്ന പോളിഹൗസ് ഒരുക്കി.

അതില്‍ താപനില ക്രമീകരിക്കുന്നതിനായി കൃത്രിമമായി വെള്ളത്തുള്ളികള്‍ വീഴുന്ന (ഫോഗര്‍) സംവിധാനം ഏര്‍പ്പെടുത്തി. പൂഴിമണ്ണിറക്കി അതില്‍ ചാണകം, എല്ലുപൊടി, ഉമി, വേപ്പിന്‍പിണ്ണാക്ക് എന്നിവ കൂട്ടിച്ചേര്‍ത്ത് 48 മീറ്റര്‍ നീളത്തില്‍ 15 വരമ്പുകള്‍ തീര്‍ത്തു. ഇസ്രായേലില്‍നിന്നുള്ള മേല്‍ക്കൂരയ്ക്ക് കീഴെ തായ്‌ലന്‍ഡില്‍നിന്നുള്ള വിത്ത് നട്ടു. മുളച്ചപ്പോള്‍ പടര്‍ന്ന്കയറാനുള്ള വല 5 മീറ്റര്‍ ഉയരത്തില്‍ പാകി. 2012 ജൂലായ് 23ന് നട്ട പയര്‍വിത്തുകള്‍ ഇന്ന് പടര്‍ന്നുപന്തലിച്ച് നിറയെ കായ്ച്ചുകിടക്കുകയാണ്.ദിവസവും 90 കിലോയ്ക്കടുത്ത് പയര്‍ വിളവെടുക്കുന്നു. പ്രാദേശിക വിപണിക്കൊപ്പം നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയുമാണ് വില്പന. വരമ്പുകളില്‍ തുള്ളിതുള്ളിയായി (ഡ്രിപ്പ് ഇറിഗേഷന്‍) നനയ്ക്കുകയാണ് പതിവ്. ഇതിനൊപ്പം നാടന്‍പശുവിന്റെ മൂത്രം, ചാണകം, പയറുപൊടി, ശര്‍ക്കര, പഴം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ജീവാമൃതം എന്ന വളവും ആഴ്ചയിലൊരിക്കല്‍ ചുവട്ടിലിടും. മണ്ണിലെ സൂക്ഷ്മ ജീവികളെ വളര്‍ത്താന്‍ ജീവാമൃതത്തിന് കഴിയുമെന്ന് അനില്‍കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു

മൂന്നരമാസം വരെ പയറിന്റെ വിളവെടുപ്പ് തുടരുമെന്ന് അനില്‍ പറയുന്നു. പോളിഹൗസിന്റെ കാലാവധി ഏഴ് വര്‍ഷമാണെന്നതിനാല്‍ പയറിന് പിന്നാലെ മറ്റ് കൃഷികള്‍ ചെയ്യാനാകും. കൃഷി വിജയിക്കുന്നതിനിടെ അച്ഛന്‍ രാജപ്പപ്പണിക്കര്‍ വിടപറഞ്ഞു. ഇപ്പോള്‍ അമ്മ പത്മജം, മുംബൈക്കാരിയായ ഭാര്യ മീര, സഹോദരി അനിത എന്നിവരാണ് 'നന്ദനം' എന്ന് പേരുള്ള കൃഷിയിടത്തിലെ സജീവസാന്നിധ്യം.

കുടുംബാംഗങ്ങള്‍ ഒന്നടങ്കം എത്തുന്ന ഈ കൃഷിയിടത്തില്‍ ഭാവിയില്‍ ഇതര പച്ചക്കറികള്‍ നടാനാണ് പദ്ധതി. 16 ലക്ഷം രൂപ മുതല്‍മുടക്കിലാരംഭിച്ച കൃഷി മൂന്ന് വര്‍ഷത്തിനുള്ളില്‍ ലാഭത്തിലാകുമെന്നാണ് അനില്‍കുമാര്‍ പറയുന്നത്. അതോടെ കൂടുതല്‍ പ്രദേശത്തേക്ക് ഈ കൃഷിരീതി വ്യാപിപ്പിക്കാനും അനിലും കുടുംബവും ഒരുങ്ങുകയാണ്.

കെ.ആര്‍. സേതുരാമന്‍
Stories in this Section