വയലൊരുക്കി, ഞാറുനട്ട് പുതുപാഠം തേടി കുരുന്നുകള്‍

Posted on: 07 Nov 2012മാനന്തവാടി: മുപ്പത്തിനാലിലെ മെയിന്‍ റോഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പേര്യ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ വിദ്യാലയത്തിലാണെത്തുക. മൂന്നു ഭാഗവും റിസര്‍വ് വനങ്ങളാല്‍ ചുറ്റപ്പെട്ട ഈ വിദ്യാലയം ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ഗതുല്യമാണ്.

പ്രകൃതിയും ആദിമസംഗീതവും ഒന്നിക്കുന്ന പേര്യയില്‍ ഗാന്ധിയന്‍ ചിന്താഗതിയുടെ നിഴല്‍പറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. കാട്ടുനായ്ക്കര്‍, കുറിച്യ, കുറുമ, അടിയ, പണിയ, ഊരാളി വിഭാഗങ്ങളില്‍പ്പെട്ട 250 വിദ്യാര്‍ഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. ഇതില്‍ 109 വിദ്യാര്‍ഥികള്‍ പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ്. ആറ് ആണ്‍കുട്ടികളും ഏഴു പെണ്‍കുട്ടികളും. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ അധ്യാപകനായിരുന്ന ഡോ. എം.പി. അപ്പനു നമ്പ്യാരുടെ ഒറ്റയാള്‍ പ്രയത്‌നത്തിലാണ് 1997-ല്‍ പേര്യയില്‍ പഴശ്ശിരാജ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ വിദ്യാലയം 41 കുട്ടികളുമായി തുടങ്ങിയത്. ആദിവാസികളുടെ തനത് സംസ്‌കാരത്തില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് ചേര്‍ന്നുപോകുന്ന രീതിയിലാണ് സിലബസ് ക്രമീകരിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ പഠനത്തിന് പുറമേ കാര്‍ഷിക മേഖലയിലും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കുന്നു.

കാര്‍ഷിക സംസ്‌കാരത്തിന്റെ വേരുകള്‍ തേടി വിദ്യാലയം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് 15 വര്‍ഷമായി. സ്‌കൂളിന്റെ ആറ് ഏക്കറോളം വരുന്ന ഭൂമിയില്‍ വിദ്യാര്‍ഥികള്‍ നെല്ല്, ചേമ്പ്, വാഴ മുതലായ കാര്‍ഷിക വിളകളും കൃഷി ചെയ്യുന്നു. അന്യം നിന്നുപോകുന്ന കാര്‍ഷിക സംസ്‌കാരത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഡോ. എം.പി. അപ്പനു നമ്പ്യാര്‍ പറയുന്നു.

തങ്ങള്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കി വിളയിച്ചെടുത്ത ധാന്യങ്ങളും പച്ചക്കറികളും പാകം ചെയ്ത് കഴിക്കുമ്പോള്‍ അതിന് പ്രത്യേക രുചിയാണെന്ന് വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു. വയലൊരുക്കാനും ഞാറു നടാനും അവര്‍ക്ക് ഏറെ ഉത്സാഹമാണ്. വനവാസി ആശ്രമംട്രസ്റ്റിന്റെ കീഴിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നാല് ആദിവാസിവിഭാഗത്തില്‍പ്പെട്ടവരും മൂന്ന് ജനറല്‍വിഭാഗത്തില്‍പെട്ടവരുമുള്‍പ്പെടെ ഏഴുപേരാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

കേരളസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ട്രൈബല്‍ മന്ത്രാലയം നല്കുന്ന തുച്ഛമായ ഗ്രാന്റുപയോഗിച്ചാണ് ജോലിചെയ്യുന്നവര്‍ക്ക് ശമ്പളം നല്കുന്നതും വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്കുന്നതും. 2011-12 വര്‍ഷത്തെ ഗ്രാന്റ് ഇതുവരെ ലഭിച്ചിട്ടുമില്ല.

വയനാട്, കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം. ദോശ, ഇഡ്ഡ്‌ലി, ഉപ്പുമാവ്, കഞ്ഞി എന്നിങ്ങനെയുള്ള പലഹാരങ്ങളാണ് രാവിലെ നല്കുന്നത്. ഉച്ചയ്ക്കും രാത്രിയും ചോറും കറിയും. വൈകുന്നേരങ്ങളില്‍ ചായയും ലഘുപലഹാരവും. ഇവിടെനിന്ന് ലഭിക്കുന്ന പരിചരണത്തിലും ഭക്ഷണമെനുവിലും കുട്ടികള്‍ പൂര്‍ണതൃപ്തരാണ്. പരസ്പര ഐക്യത്തോടും സ്‌നേഹത്തോടുംകൂടി ജീവിക്കുന്ന കുട്ടികള്‍ക്ക് ഇത് ശരിക്കും ഒരു ഗുരുകുലവിദ്യാലയംതന്നെ.

സേവന മനോഭാവത്തോടെ ജോലി ചെയ്യുന്ന അധ്യാപകരും മറ്റു ജീവനക്കാരും ശമ്പളത്തിനായി അടിപിടികൂടാറുമില്ല. 15 അധ്യാപകരുണ്ട്. ഇതേ സ്‌കൂളില്‍നിന്നും പഠിച്ചിറങ്ങിയ അയനിക്കല്‍ മണലിമൂലയിലെ എന്‍.എ. ഗീതയും കല്പറ്റയിലെ ഉഷയും ചോയിമൂലയിലെ ഗീതയും ഇപ്പോള്‍ സ്‌കൂളിലെ അധ്യാപികമാരാണ്. വാര്‍ഡന്മാരായ എ.കെ. സുരേഷും റിന്യയും ഈ സ്‌കൂളില്‍ പഠിച്ചവര്‍തന്നെ.

ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പത്തുമണിമുതല്‍ നാലുമണിവരെയാണ് ക്ലാസ്സ് സമയം. അഞ്ചുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കാവട്ടെ 8.30 മുതല്‍ 1.30 വരെയും. കേരളസര്‍ക്കാറിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ വരുന്ന വര്‍ഷം പത്താംതരം വിദ്യാര്‍ഥികളെ ഓപ്പണ്‍സ്‌കൂള്‍ പരീക്ഷയെഴുതിക്കാനാണ് നമ്പ്യാര്‍ ശ്രമിക്കുന്നത്.

പഠനത്തിനുപുറമെ കൃഷി, കമ്പ്യൂട്ടര്‍, ബുക്ക് ബൈന്‍ഡിങ്, തുന്നല്‍ എന്നിവയിലും മറ്റു വിവിധ ഇനങ്ങളിലും കുട്ടികള്‍ക്ക് പരിശീലനം നല്കുന്നുണ്ട്. ലൈബ്രറി, ലബോറട്ടി കളിസ്ഥലം എന്നിവയുള്‍പ്പെടുന്ന എല്ലാ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെങ്കില്‍ വിദ്യാലയത്തിന്റെ നില ഒന്നുകൂടി മെച്ചപ്പെടുമെന്നാണ് നമ്പ്യാരുടെ അഭിപ്രായം.

താന്‍ ആദ്യമായി ഈ സംരംഭം തുടങ്ങുമ്പോള്‍ പരിഹസിച്ചുതള്ളിയവരൊക്കെ പിന്നീട് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ടെന്ന് നമ്പ്യാര്‍ പറയുന്നു. കുടുംബത്തെ പിരിഞ്ഞിരിക്കുകയാണെങ്കിലും കുടുംബബന്ധത്തിന്റെ ഊഷ്മളത വിദ്യാലയത്തിനുമുണ്ടെന്ന് നമ്പ്യാര്‍ സമ്മതിക്കുന്നു. സാമ്പത്തികമായും മാനസികമായുന്‍ കുടുംബം അദ്ദേഹത്തെ സഹായിക്കുന്നുണ്ട്.

പഠനത്തിനൊപ്പം പരമ്പരാഗത കൃഷിരീതികളും നാട്ടറിവുകളുമെല്ലാം പങ്കുവെച്ച് മുന്നേറുകയാണ് പേര്യ പഴശ്ശിരാജ ട്രൈബല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയത്തിലെ കുട്ടികള്‍.

വി.ഒ. വിജയകുമാര്‍Stories in this Section