വീട്ടുവളപ്പില്‍ വിസ്മയം

Posted on: 07 Nov 2012


കോഴിക്കോട്: പുഷ്പ-ഔഷധ കൃഷികളും വര്‍ണമത്സ്യ-അലങ്കാരപ്പക്ഷി വളര്‍ത്തലും ആഭരണനിര്‍മാണവുമായി വിസ്മയംതീര്‍ക്കുകയാണ് കോഴിക്കോട് കരുവന്‍തിരുത്തി പുളിക്കത്താഴം മുഹൈസ് മന്‍സിലില്‍ എം.പി. സുലൈഖ.

ഭര്‍ത്താവും രണ്ടുമക്കളുമടങ്ങിയ കുടുംബത്തിലെ ജോലിത്തിരക്കിനിടെയാണ് ഇവര്‍ ഇതിനെല്ലാം സമയംകണ്ടെത്തുന്നത്.
ഏഴുവര്‍ഷംമുമ്പുവരെ സാധാരണക്കാരിയായ വീട്ടമ്മയായിരുന്നു താനെന്ന് സുലൈഖ പറഞ്ഞു. ഇക്കാലത്ത് ഹോബിക്കായി നിര്‍മിച്ച ചെറിയൊരു തോട്ടമാണിന്ന് ഇവരുടെ വീടിന്റെ നാലതിരുകളിലായി പരന്നുകിടക്കുന്ന പുഷ്പ-ഔഷധ-ഫലവൃക്ഷ തോട്ടമായി വികസിച്ചിരിക്കുന്നത്. കഠിനാധ്വാനവും സമയത്തെ കൃത്യമായി ഓരോ പ്രവൃത്തികള്‍ക്കുമായി വീതിച്ച് ചെലവഴിച്ചതുമാണ് തന്റെ നേട്ടത്തിന് സഹായകമായതെന്ന് ഈ വീട്ടമ്മ സാക്ഷ്യപ്പെടുത്തുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പുഷ്പ-ഫലപ്രദര്‍ശനങ്ങളിലെ സജീവസാന്നിധ്യമാണിന്ന് ഇവര്‍. വീടിനോടുചേര്‍ന്ന് 'മെഹര്‍ ഗാര്‍ഡന്‍' എന്നൊരു നഴ്‌സറികൂടി നടത്തിയാണ് ഇവര്‍ വീട്ടമ്മമാര്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കുന്നതിനുള്ള മാതൃകയായി മാറുന്നത്. യൂഫോബിയ, വിവിധയിനം ഓര്‍ക്കിഡുകള്‍, ഹെലിക്കോണിയ, അല്ലോണിമ, അഡീനിയ, ആഫ്രിക്കല്‍ വയലറ്റ്, ജര്‍സാറ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുഷ്പ-അലങ്കാരച്ചെടികളുടെ ശേഖരത്തിനുപുറമേ വിവിധയിനം ഔഷധച്ചെടികളും ഇവര്‍ സ്വന്തം മക്കളെപ്പോലെ തോട്ടത്തില്‍ പരിപാലിക്കുന്നു.

പുഷ്പ-ഫല പ്രദര്‍ശനങ്ങളില്‍നിന്ന് ചെടികള്‍ വാങ്ങി തോട്ടമൊരുക്കിയ ഇവര്‍ ഇന്ന് മെഹര്‍നഴ്‌സറിയിലൂടെ ആവശ്യക്കാര്‍ക്കെല്ലാം വിവിധയിനം പുഷ്പാലങ്കാരച്ചെടികളും ഔഷധ-ഫലവൃക്ഷത്തൈകളും വിതരണം ചെയ്യുന്നു. മാവ്, സപ്പോട്ട, റാംബുട്ടന്‍, മാംഗോസ്റ്റിന്‍, ചെറി, ബുഷ്ഓറഞ്ച്, മുന്തിരി, ആപ്പിള്‍, ആപ്പിള്‍ പേര തുടങ്ങിയവയാണ് ഇവരുടെ തോട്ടത്തിന് അലങ്കാരമാവുന്ന ഫലവൃക്ഷങ്ങള്‍.

ആന്ധ്രയില്‍നിന്നുള്ള സണ്‍ജി തെങ്ങിന്‍തൈകള്‍ക്കാണ് നഴ്‌സറിയില്‍ എത്തുന്നവരില്‍ ആവശ്യക്കാരേറെ. മൂന്നുവര്‍ഷംകൊണ്ട് നൂറുമേനി വിളവ് ലഭിക്കുമെന്നതാണ് ഈ തെങ്ങിന്‍തൈയുടെ പ്രത്യേകത.
വീടിനുചുറ്റുമുള്ള ഓരോ ഇഞ്ചും പരമാവധി പ്രയോജനപ്പെടുത്തി ചെടികളുടെ വളര്‍ച്ചാസ്വഭാവത്തിന് അനുസരിച്ചാണ് ഇവര്‍ തോട്ടമൊരുക്കിയിരിക്കുന്നത്. തോട്ടത്തിലെയും വീട്ടുജോലിക്കും ശേഷം ലഭിക്കുന്ന ഒഴിവുവേളകള്‍ ഫാന്‍സി ആഭരണനിര്‍മാണത്തിനാണ് മാറ്റിവെച്ചിരിക്കുന്നത്. മാല, വള, പാദസരം എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. ഇതിനുപുറമെ ആവശ്യക്കാര്‍ നിര്‍ദേശിക്കുന്ന ഫാഷനുകളിലും ആഭരണങ്ങള്‍ നിര്‍മിക്കും. പുഷ്പ-ഔഷധ-ഫലവൃക്ഷത്തോട്ട നിര്‍മാണത്തിലും ആഭരണ രൂപകല്പനയിലും പ്രത്യേക പരിശീലനമൊന്നും ലഭിക്കാതെയാണ് സുലൈഖ തന്റെ നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നത്. ഭര്‍ത്താവ് കമ്മുക്കുട്ടിയും എട്ടിലും രണ്ടിലും പഠിക്കുന്ന മക്കളായ മുഹൈസിനും മെഹ്‌റിയക്കുമാണ് സുലൈഖ തന്റെ വിജയങ്ങള്‍ സമര്‍പ്പിക്കുന്നത്. ഒപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനവും സഹായവുമായി എത്തുന്ന ഫറോക്ക് പഞ്ചായത്തംഗം ടി. ജമീലയ്ക്കും സുലൈഖ നന്ദി പറയുന്നു.


Stories in this Section