കാബേജും കോളിഫ്ലവറും വളര്‍ത്താം വീട്ടുവളപ്പിലും

Posted on: 07 Nov 2012ആലത്തൂര്‍ (പാലക്കാട്) : മഞ്ഞില്‍വിടര്‍ന്നും കൊടുംതണുപ്പില്‍ വളര്‍ന്നും നമ്മുടെ അടുക്കളകളിലേക്ക് വിരുന്നെത്തിയ ശീതപ്രദേശവിളകള്‍ പാലക്കാടിന്റെ വരണ്ടകാലാവസ്ഥയിലും സ്ഥാനമുറപ്പിക്കുന്നു. കാബേജും കാരറ്റും കോളിഫ്ലവറും ബീറ്റ്‌റൂട്ടും കാപ്‌സിക്കവും റാഡിഷുമൊക്കെ ഇനി നമ്മുടെ വീട്ടുവളപ്പിലും വളര്‍ത്താം.

നവംബര്‍, ഡിസംബര്‍, ജനവരി മാസങ്ങളിലാണ് ശീതകാല വിളകളുടെ നല്ലകാലം.
അഞ്ചുവര്‍ഷംമുമ്പ് ആലത്തൂര്‍ വി.എഫ്.പി.സി.കെ. നടത്തിയ പരീക്ഷണമാണ് ശീതകാലവിളകള്‍ ഉഷ്ണപ്രദേശങ്ങളിലും വിജയകരമായി കൃഷിചെയ്യാമെന്ന കണ്ടെത്തല്‍ നടത്തിയത്. ഊട്ടിയിലെയും കൊടൈക്കനാലിലെയും മൂന്നാറിലെയും മണ്ണില്‍ വിളയുന്ന കോളിഫ്ലവറും കാബേജുമൊക്കെ നെല്ലറയ്ക്ക് പരിചയപ്പെടുത്തുകയാണിവര്‍.

കാബേജ്, കോളിഫ്ലവര്‍, പാഷന്‍ഫ്രൂട്ട്, കാപ്‌സിക്കം എന്നിവയുടെ അഞ്ചുലക്ഷം തൈകളാണ് ആലത്തൂര്‍ വി.എഫ്.പി.സി.കെ.യുടെ അത്യാധുനിക നഴ്‌സറിയിലെ ഗ്രീന്‍ഹൗസുകളിലും പോളിഹൗസുകളിലും വില്പനയ്ക്കായി ഒരുങ്ങുന്നത്. കാരറ്റ്, റാഡിഷ്, ബീറ്റ്‌റൂട്ട് എന്നിവയുടെ വിത്തും എത്തിയിട്ടുണ്ട്.

'റെഡ്‌ലേഡി' എന്ന തായ്‌വാന്‍ ഇനമായ പപ്പായയുടെയും തമിഴ്‌നാട് ഇനമായ മുരിങ്ങയുടെയും സപ്പോട്ട, നെല്ലി, മാവ്, പേര, മാതളനാരകം തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകളും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ടെന്ന് മാനേജര്‍ തോമസ്‌ചെറിയാന്‍ പറഞ്ഞു. വിവിധയിനം പച്ചക്കറിത്തൈകളും വിത്തും ലഭ്യമാണ്.

ഒരുമാസം പ്രായമായ, നടാന്‍പാകമായ തൈകളാണ് കര്‍ഷകര്‍ക്ക് നല്‍കുക. രണ്ടുമാസത്തിനുള്ളില്‍ വിളവെടുക്കാനാകും.
ശക്തമായ വിപണനശൃംഖലയും വി.എച്ച്.പി.സി.കെ. ഉറപ്പാക്കുന്നു. സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടും.
വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കുന്ന അടുക്കളത്തോട്ടങ്ങളിലും ശീതകാലവിളകള്‍ കൃഷിചെയ്യാം. രാസവളവും കീടനാശിനിയും പ്രയോഗിക്കാത്ത പുതുമയുള്ള പച്ചക്കറി കിട്ടുകയുംചെയ്യും. ഫോണ്‍: 04922-222706.


Stories in this Section