വെളിച്ചെണ്ണയുടെ ഉപയോഗവും പ്രചാരണവും വര്‍ധിപ്പിക്കണമെന്ന് നാളികേര സംരംഭക സമ്മേളനം

Posted on: 03 Nov 2012കൊച്ചി: നാളികേര മേഖലയെ രക്ഷിക്കാന്‍ വെളിച്ചെണ്ണയുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും ഉപയോഗവും പ്രചാരണവും കൂട്ടാന്‍ നാളികേര സംരംഭക സംഗമത്തില്‍ ആഹ്വാനം. ഉത്പന്നനിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ക്ക് പരിഹാരം കാണാനും ധാരണ. സംരംഭകരെയും കര്‍ഷകരെയും ബാങ്ക് പ്രതിനിധികളെയും നാളികേര മേഖലയിലെ വിദഗ്ധരെയും ഒരു കുടക്കീഴില്‍ അണിനിരത്തി സംഘടിപ്പിച്ച പരിപാടി നാളികേരമേഖലയില്‍ പുത്തന്‍ പ്രതീക്ഷകള്‍ പകരുന്നതായിരുന്നു.

കൃഷിവകുപ്പ്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി), കേരള കാര്‍ഷിക സര്‍വകലാശാല, കിന്‍ഫ്ര എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

നാളികേരോത്പാദനത്തില്‍ പിന്നിലായ അയല്‍ സംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും പോലും വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുമായി കേരകൃഷിയില്‍ മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. നാളികേര വിലയിടിവ് കൊണ്ട് കര്‍ഷകര്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ വെളിച്ചെണ്ണയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും ശ്രദ്ധചെലുത്തണമെന്നും അഭിപ്രായമുയര്‍ന്നു. സംരംഭകര്‍ക്കായി വിവിധ ഗവേഷണസ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കേരവ്യവസായ പാര്‍ക്കുകള്‍, ബയോപാര്‍ക്കുകള്‍ എന്നിവ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

വെളിച്ചെണ്ണയുടെ ഉപയോഗം കൂട്ടാന്‍ പ്രചാരണം നടത്തണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. വെളിച്ചെണ്ണയ്ക്ക് പുറമെ മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും പ്രചാരണം നല്‍കണം. ഭക്ഷ്യരംഗത്തെ സുരക്ഷയ്ക്ക് കര്‍ഷകരുടെ രക്ഷ അനിവാര്യമാണ്. ഫിബ്രവരിയോടെ സംസ്ഥാനത്തെ മുഴുവന്‍ പച്ചത്തേങ്ങയും സര്‍ക്കാര്‍ നേരിട്ട് എടുക്കുന്ന സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. നാളികേര വികസന ബോര്‍ഡ് തെങ്ങുകയറ്റത്തിലും മറ്റും പരിശീലനം നല്‍കിയവരെയും കൃഷിവകുപ്പിന്റെ തൊഴില്‍ സേനയെയും ഉപയോഗപ്പെടുത്തി കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ നീര പദ്ധതി മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടുണ്ട്. ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ താമസിയാതെ നീങ്ങുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂല്യവര്‍ധിത നാളികേര ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും നാളികേരമേഖലയുടെ വികസനത്തിന് ബജറ്റില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷത വഹിച്ച കാര്‍ഷികോത്പാദന കമ്മീഷണര്‍ സുബ്രതോ ബിശ്വാസ് പറഞ്ഞു.

സംസ്ഥാനത്ത് 25000 ഹെക്ടറിലധികം കേരകൃഷിയുള്ള 10 ജില്ലകളില്‍ നാളികേര അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നാളികേര പാര്‍ക്കുകള്‍ വരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് പറഞ്ഞു. വെളിച്ചെണ്ണയുടെ കയറ്റുമതിയിലുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ നടപടികളെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി (കൃഷി) കെ.ആര്‍. ജ്യോതിലാല്‍ പറഞ്ഞു. ഈരാറ്റുപേട്ടയില്‍ സ്വകാര്യമേഖലയില്‍ നാളികേരപാര്‍ക്ക് സ്ഥാപിക്കാന്‍ തയ്യാറായി സംരംഭകന്‍ രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 53 കോടി രൂപയുടെ മുതല്‍മുടക്കാണ് ഇതിനുള്ളത്.

എറണാകുളം, പാലക്കാട് ജില്ലകളില്‍ ഫുഡ് പ്രോസസിങ്ങ് യൂണറ്റുകളാരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് വ്യവസായ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. ടി. തോമസ്‌കുട്ടി പറഞ്ഞു.

നാളികേര സംരംഭക യൂണിറ്റുകളാരംഭിക്കാനുള്ള വായ്പയും മറ്റും വേഗത്തില്‍ അനുവദിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് സംഗമത്തില്‍ പങ്കെടുത്ത ബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. രണ്ടായിരത്തിയഞ്ഞൂറോളം സംരംഭകര്‍ സംഗമത്തില്‍ പങ്കെടുത്തു.

നാളികേര വികസനബോര്‍ഡ് ചീഫ് കോക്കനട്ട് ഡവലപ്പ്‌മെന്‍റ് ഓഫീസര്‍ സുഗത ഘോഷ് സ്വാഗതവും കെ. എസ്.ഐ.ഡി.സി അസി. ജനറല്‍ മാനേജര്‍ ആര്‍. പ്രശാന്ത് നന്ദിയും പറഞ്ഞു. തുടര്‍ന്നുനടന്ന സെമിനാറില്‍ വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Stories in this Section