'കള' കളയാനുള്ളതല്ല

Posted on: 03 Nov 2012

വീണാറാണി ആര്‍. കൃഷി ഓഫീസര്‍, കിനാനൂര്‍-കരിന്തളം.
മഴ കഴിയുമ്പോഴേക്കും ഭീമാകാരന്മാരാകുന്ന കളകള്‍ നമുക്കുമുന്നിലെ പ്രധാന പ്രശ്‌നമാണ്. സൂര്യപ്രകാശം വലിച്ചെടുത്ത് വളരാന്‍ കളകളുള്‍പ്പെടെയുള്ള സസ്യങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. വളര്‍ന്നുവരുന്ന കളകളെ തിരികെ മണ്ണിലിട്ടുകൊടുത്ത് ജൈവാംശംകൂട്ടി പ്രശ്‌നക്കാരനെ വരുതിയിലാക്കാം. കളകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളക്കൂട്ടുകള്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനും സൂക്ഷ്മമൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും മുന്നില്‍ തന്നെ. പച്ചക്കറികൃഷിയില്‍ സുരക്ഷിതമായി പ്രയോഗിക്കാവുന്ന ജൈവകീടനാശിനികളും കളകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാം.

'കളവളം' തയ്യാറാക്കുന്നതിനായി ആദ്യം രണ്ടര കിലോഗ്രാം കളകള്‍ പറിച്ചെടുത്ത് ബക്കറ്റില്‍ ഇടുക. 10 ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം വീതം ശര്‍ക്കരയും പുളിയും ഉപ്പും ലയിപ്പിച്ച് കളകള്‍ നിക്ഷേപിച്ച ബക്കറ്റില്‍ ഒഴിച്ചുവെക്കണം. മൂന്നുദിവസത്തിലൊരിക്കല്‍ ഈ മിശ്രിതം ഇളക്കിക്കൊടുക്കേണ്ടതാണ്. രണ്ടാഴ്ചയ്ക്കുശേഷം ലായനി അരിച്ചെടുത്ത് വളമായി ഒഴിച്ചുകൊടുക്കാം. ചെടികള്‍ തഴച്ചുവളരുന്നതിനും കായ്ഫലമുണ്ടാകുന്നതിനും ഈ കളവളം ഒന്നാന്തരം തന്നെ.

ആടുമാടുകള്‍ തിന്നാത്തതും ഇലകള്‍ പൊട്ടിക്കുമ്പോള്‍ പാല്‍ വരുന്നതും ആര്യവേപ്പുപോലെ കയ്പുള്ളതുമായ പല ഇനത്തില്‍പ്പെട്ട അഞ്ചുതരം കളകളുടെ ഇലകള്‍ ഓരോ കിലോ വീതം ചണച്ചാക്കിലെടുക്കുക. 100 ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുകിലോഗ്രാം പച്ചച്ചാണകവും 100 ഗ്രാം ശര്‍ക്കരയും 10 ഗ്രാം യീസ്റ്റും ഒരു വീപ്പയിലോ ബക്കറ്റിലോ കലക്കി നന്നായി യോജിപ്പിച്ചുവെക്കണം. കളകളടങ്ങിയ ചണച്ചാക്ക് ബക്കറ്റില്‍മുക്കി തണലത്ത് മൂടിവെക്കാം. ദിവസവും രാവിലെയും വൈകുന്നേരവും ഇളക്കാന്‍ മറക്കരുത്. മൂന്നാഴ്ച കഴിഞ്ഞ് ചാക്ക് നന്നായി പിഴിഞ്ഞ് ചണ്ടിയില്ലാതെ ലായനി അരിച്ചെടുത്ത് ചെടികളില്‍ തളിക്കാം. 'കളയിലച്ചാര്‍' പച്ചക്കറികൃഷിയിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു.

ജൈവവളം മാത്രമല്ല എണ്ണംപറഞ്ഞ ജൈവകീടനാശിനിയും കളകള്‍ ഉപയോഗിച്ച് തയ്യാറാക്കാം. കീടരോഗ പ്രതിരോധശേഷി കൂടിയ ഇനത്തില്‍പ്പെട്ടവയാണ് കളകള്‍. അതുകൊണ്ടുതന്നെ കളകളുടെ ഒരിലപോലും കേടുപിടിക്കാറില്ല. ഈ ഇനമാണ് ജൈവകീടനാശിനിയില്‍ പ്രയോജനപ്പെടുത്തുന്നത്. മണത്തിലും രുചിയിലും വ്യത്യാസമുള്ള അഞ്ചുതരം കളകള്‍ 200 ഗ്രാം വീതം കൊത്തിയരിഞ്ഞ് 10 ലിറ്റര്‍ ഗോമൂത്രവുംചേര്‍ത്ത് കലത്തിലാക്കി മണ്ണില്‍ കുഴിച്ചിടുക. ഒരാഴ്ചയ്ക്കുശേഷം ഇത് പുറത്തെടുത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് ഒരു ലിറ്ററിന് 10 ലിറ്റര്‍ വെള്ളംചേര്‍ത്ത് നേര്‍പ്പിച്ച് ഒരാഴ്ച ഇടവിട്ട് തളിച്ചാല്‍ കീടങ്ങള്‍ പച്ചക്കറികൃഷിയുടെ ഏഴയലത്ത് അടുക്കില്ല. പറമ്പില്‍ കളകളുണ്ടെങ്കില്‍ കടയില്‍പ്പോയി വളം വാങ്ങാതെ തന്നെ ജൈവ പച്ചക്കറി കൃഷിയിലിറങ്ങാം.

Stories in this Section