പാര്‍വോ രോഗപ്രതിരോധം കുത്തിവെപ്പിലൂടെ

Posted on: 31 Oct 2012


നായ്ക്കളെ, പ്രത്യേകിച്ച് നായ്ക്കുട്ടികളെ ബാധിക്കുന്ന ഒരു മാരകമായ വൈറസ് രോഗമാണ് പാര്‍വോ രോഗം അഥവാ രക്താതിസാരം. അതിസൂക്ഷ്മങ്ങളായ പാര്‍വോ വൈറസ്സുകളാണ് രോഗഹേതുക്കള്‍. സാധാരണയായി വര്‍ഷക്കാലത്താണ് നമ്മുടെ നാട്ടില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. എല്ലാ പ്രായത്തിലുമുള്ള നായ്ക്കളെ ബാധിക്കുമെങ്കിലും നായ്ക്കുട്ടികളില്‍ തീവ്രരൂപത്തിലുള്ള രോഗബാധ മൂലം മരണനിരക്ക് കൂടുതലായി കാണപ്പെടുന്നു. എല്ലാ ശ്വാനവര്‍ഗ്ഗങ്ങളെയും ബാധിയ്ക്കുമെങ്കിലും ബര്‍മാന്‍, റോട്ട് വീലര്‍, ജര്‍മ്മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍ എന്നീ വര്‍ഗ്ഗങ്ങളിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. തീരെ ചെറിയ നായ്ക്കുട്ടികളില്‍ യാതൊരു രോഗലക്ഷണവും കാണിക്കാതെ തന്നെ പെട്ടെന്നുള്ള മരണം സംഭിവിക്കുന്നു. ആറ് ആഴ്ചവരെ പ്രായമുള്ളവയില്‍ പ്രധാനമായി ഹൃദയകോശങ്ങളെ ബാധിക്കുന്നതുകൊണ്ട് പെട്ടെന്നുള്ള മരണം സംഭവിക്കാം. മുതിര്‍ന്ന നായ്ക്കുട്ടികളില്‍ ദഹനേന്ദ്രിയത്തെ ബാധിയ്ക്കുന്നതുമൂലം വയറിളക്കം ഛര്‍ദ്ദി എന്നിവ കാണുന്നു.രോഗബാധയുള്ള മൃഗങ്ങളുടെ വിസര്‍ജ്യങ്ങളില്‍ രോഗാണുക്കള്‍ ധാരാളമായി കാണപ്പെടുന്നു. ഇവ മൂലം മലിനമാക്കപ്പെട്ട തീറ്റ, വെള്ളം എന്നിവയിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്.

രോഗലക്ഷണങ്ങള്‍

രോഗാണൂക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ് മൂന്നു മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കുതുടങ്ങും. ആരംഭത്തില്‍ ശക്തിയായ പനിയും വിശപ്പില്ലായ്മയും ആണ് ലക്ഷണങ്ങള്‍. അധികം വൈകാതെ ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങുന്നു. മലത്തിലും ഛര്‍ദ്ദിലിലും രക്തവും കഫവും കലര്‍ന്നിരിക്കും. ചിലപ്പോള്‍ ദുര്‍ഗന്ധത്തോടുകൂടി രക്തം മാത്രമായി വിസര്‍ജിക്കപ്പെടുന്നു. ഛര്‍ദ്ദിയും വയറിളക്കവും മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുകൊണ്ട് നിര്‍ജ്ജലീകരണം സംഭവിയ്ക്കുന്നു. ഈ വൈറസുകള്‍ എല്ലിന്റെ മജ്ജയിലും നാശം വരുത്തുന്നതിനാല്‍ രക്തത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം കുറയുകയും അങ്ങിനെ രോഗപ്രതിരോധശക്തി കുറയ്ക്കുകയും ചെയ്യും.

രോഗനിര്‍ണ്ണയം

രോഗലക്ഷണങ്ങളെ ആസ്പദമാക്കിയും രക്തം, മലം എന്നിവയുടെ ലബോറട്ടറി പരിശോധന വഴിയും രോഗനിര്‍ണ്ണയം നടത്താവുന്നതാണ്. അടുത്തകാലത്തായി പാര്‍വോ രോഗനിര്‍ണ്ണയം എളുപ്പത്തില്‍ നടത്താവുന്ന ലാറ്ററല്‍ ഫ്ലോ ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ചികിത്സ

വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സയില്ല. എങ്കിലും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ ഞരമ്പിലൂടെ ഗ്ലൂക്കോസും ലവണങ്ങളും അടങ്ങിയ ലായനികള്‍ നല്കുന്നത് പ്രയോജനം ചെയ്യും. കൂടാതെ പാര്‍ശ്വ അണുബാധ തടയാന്‍ ആന്റിബയോട്ടിക്കുകളും നല്കണം. അതോടൊപ്പം തന്നെ ഛര്‍ദ്ദി, വയറിളക്കം, രക്തം പോക്ക് എന്നിവ നിയന്ത്രിക്കാനുതകുന്ന അനുബന്ധമരുന്നുകളും ഗുണം ചെയ്യും. തുടക്കത്തില്‍ തന്നെ ശരിയായ രീതിയില്‍ ചികിത്സ നല്കുകയാണെങ്കില്‍ ഒരു പരിധിവരെ നായ്ക്കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിക്കും.

രോഗപ്രതിരോധം

രോഗപ്രതിരോധം പ്രധാനമായും കുത്തിവെപ്പുകളിലൂടെയാണ്. അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ പ്രധാനമാണ് രോഗം വരാതെ നോക്കുന്നത്. ഇന്ന് നമ്മുടെ നാട്ടില്‍ വിവിധതരം വാക്‌സിനുകള്‍ പാര്‍വോ രോഗത്തിന് തനിയെയും മറ്റ് രോഗത്തിനുള്ള കുത്തിവെപ്പുകളോടുകൂടിയും ലഭ്യമാണ്. സാധാരണയായി ആദ്യകുത്തിവെപ്പ് 2 മാസം പ്രായമാകുമ്പോള്‍ നല്കാം. ഒരു മാസത്തിന്‌ശേഷം ഒരു അധികഡോസ് (ബൂസ്റ്റര്‍) നല്കണം. പിന്നീട് വര്‍ഷം തോറും ഓരോ കുത്തിവെപ്പ് വീതം നല്കണം.

രോഗബാധയ്ക്കുള്ള സാധ്യത കൂടുതലായുള്ള സന്ദര്‍ഭങ്ങളില്‍ 4 ആഴ്ച പ്രായമാകുമ്പോള്‍ തന്നെ ആദ്യഡോസ് നല്കാം. എന്നാല്‍ പീന്നീട് 16 ആഴ്ച പ്രായംവരെ 4 ആഴ്ച ഇടവിട്ട് ഓരോ ബൂസ്റ്റര്‍ ഡോസ് വീതം നല്കണം. പെണ്‍പട്ടിയെ കൃത്യമായി കുത്തി വെപ്പുകള്‍ക്ക് വിധേയമാക്കുകയാണെങ്കില്‍ അവയ്ക്ക് ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിലൂടെ ആദ്യത്തെ ര മാസംവരെ രോഗപ്രതിരോധശക്തി ലഭിക്കും. ഗര്‍ഭാവസ്ഥയുടെ അവസാനഘട്ടത്തില്‍ കുത്തിവെപ്പ് നല്കുന്നതുവഴി കുഞ്ഞുങ്ങളില്‍ ഈ രോഗം ഫലപ്രദമായി തടയാവുന്നതാണ്. എന്നാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിയ്ക്കണം ഇത്തരം കുത്തിവെപ്പുകള്‍ നല്‌കേണ്ടത്. രോഗബാധയുള്ള സന്ദര്‍ഭങ്ങളില്‍ രോഗം വന്ന നായ്ക്കളെ മാറ്റി പാര്‍പ്പിക്കുകയും കൂടും പരിസരവും ബ്ലീച്ചിംഗ് പൗഡര്‍ (2%) അഥവാ കാസ്റ്റിക് സോഡ (2%) ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതുവഴി മറ്റു നായ്ക്കളിലേക്ക് രോഗം പകരുന്നത് തടയാന്‍ സാധിക്കും.

ഡോ. പി.വി. ട്രീസാമോള്‍ & ഡോ. അനുമോള്‍ ജോസഫ ്

വെറ്ററിനറി കോളേജ്, മണ്ണുത്തി
Stories in this Section