ആട്ടിന്‍ കുട്ടികളുടെ പരിചരണം

Posted on: 01 Nov 2012


ആടുകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആദായം ലഭിക്കണമെങ്കില്‍ ആട്ടിന്‍ കുട്ടികളുടെ പരിചരണം ശാസ്ത്രീയമായിരിക്കണം.സ്ഥലപരിമിതി അനുസരിച്ച് ആട്ടിന്‍ കുട്ടികളെ തുറന്ന സ്ഥലത്ത് അഴിച്ചുവിട്ടും (രാത്രി കൂടുകളില്‍ പാര്‍പ്പിക്കാം) കൂടുകളില്‍ മാത്രമായും കൂട്ടിലും പുറത്തുമായും മൂന്ന് തരത്തില്‍ വളര്‍ത്താം.

1. കുട്ടി ജനിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ കന്നിപ്പാല്‍ കുടിപ്പിക്കണം. ഇത് 4-5 ദിവസം തുടരണം.
2. തള്ള ആട് ചാകുകയോ, അസുഖമോ വന്നാല്‍ അതേ കാലയളവില്‍ പ്രസവിച്ച മറ്റു ആടുകളുടെ പാല്‍ നല്‍കാം.
3. ഇതും സാധിച്ചില്ലെങ്കില്‍ കൃത്രിമകന്നിപ്പാല്‍ ഉണ്ടാക്കി നല്‍കാം.

കൃത്രിമ കന്നിപ്പാല്‍ ഉണ്ടാക്കുന്ന വിധം


ഒരു മുട്ട 300 മില്ലി.ഇളം ചൂടുവെള്ളത്തില്‍ കലക്കുക.
1/2 ടീസ്പൂണ്‍ ആവണക്കണ്ണ
1 ടീസ്പൂണ്‍ മീനെണ്ണ
500 മില്ലി ചൂടാക്കിയ പാല്‍ (പശുവിന്‍ പാലും ആകാം).

ഇവ നന്നായി ഇളക്കി കുടിക്കാന്‍ പാകത്തിലുള്ള ചൂടില്‍ നല്‍കാം. കുടിപ്പിക്കുമ്പോള്‍ ശ്വാസനാളത്തില്‍ പാല് പോകാതെ ശ്രദ്ധിക്കണം. 4 തവണയായി ഇത് നല്‍കാം.

കന്നിപ്പാല്‍ കൊടുത്തു കഴിഞ്ഞാല്‍ 5-ാം ദിവസം മുതല്‍ സാധാരണ ആട്ടിന്‍പാല്‍ 6 കിഗ്രാം ഇനത്തിന് ഒരു ലിറ്റര്‍ പാല്‍ എന്ന തോതില്‍ ദിവസം 4 തവണയായി നല്‍കാം. 30 ദിവസം വരെ ഇത് തുടരണം.പിന്നീട് 8 കി.ഗ്രാം ഭാരത്തിന് ഒരു ലിറ്റര്‍ എന്ന തോതില്‍ 30 ദിവസം വരെ നല്‍കണം. 3 മാസമാകുമ്പോഴേക്കും 10-15 കിഗ്രാം ഭാരത്തിന് ഒരു ലിറ്റര്‍ എന്ന അളവിലായി ചുരുക്കാം. 2 ആഴ്ചമുതല്‍ എളുപ്പത്തില്‍ ദഹിക്കുന്ന കിഡ്സ്റ്റാര്‍ട്ടര്‍ തീറ്റ കുറേശ്ശെ നല്‍കാം. പച്ചപ്പുല്ലും ആവശ്യത്തിന് കൊടുക്കാം. 3 മാസമാകുമ്പോഴേക്കും പാല്‍ മുഴുവനായും നിര്‍ത്താം.

പ്രസവിച്ചു കഴിഞ്ഞാല്‍ കുട്ടിയെ നന്നായി തുടച്ച് വൃത്തിയാക്കണം. പൊക്കിള്‍ കൊടിയില്‍ പോവിഡിന്‍ അയഡിന്‍ വിഭാഗത്തില്‍പെട്ട മരുന്ന് പുരട്ടണം.ആട്ടിന്‍ കുട്ടികളെ ഒരു കാരണവശാലും മഴ നനയ്ക്കരുത്. കൂടാതെ തണുപ്പ് അധികം ഏല്‍ക്കാതെയും നോക്കണം. കാരണം ആടുകള്‍ക്ക് ന്യൂമോണിയ അസുഖം വരാന്‍ സാധ്യത കൂടുതലാണ്. തറയില്‍ നിന്ന് അല്പം പൊക്കി (ഒന്നോ-രണ്ടോ അടി)പ്ലാറ്റുഫോമില്‍ വേണം രാത്രി കാലങ്ങളില്‍ താമസിപ്പിക്കേണ്ടത്.പ്രസവിച്ച് മൂന്നാമത്തെ ആഴ്ച വിരമരുന്ന് നല്‍കണം. ചുരുങ്ങിയത് 6 മാസം വരെ എല്ലാ മാസവും ഇത് തുടരണം. ഇടയ്ക്ക് ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മരുന്ന് നല്‍കണം.

ആട്ടിന്‍ കുട്ടികള്‍ക്ക് നല്‍കുന്ന മാതൃക കിഡ്സ്റ്റാര്‍ട്ടര്‍ ഉണ്ടാക്കുന്ന വിധം


കടലപ്പിണ്ണാക്ക് (കേക്ക് രൂപത്തില്‍ എണ്ണയില്ലാത്തത്) - 12 ഭാഗം
മുതിര - 30 ഭാഗം
ഗോതമ്പ് / ചോളം - 30 ഭാഗം
അരി തവിട് / ഗോതമ്പ് തവിട് - 15 ഭാഗം
ഉണക്കിയ ഉപ്പില്ലാത്ത മത്സ്യം - 10 ഭാഗം
ധാതു ലവണം - 1.5 ഭാഗം
ഉപ്പ് - 1.5 ഭാഗം

വിറ്റമിന്‍ AB2D3 25 ഗ്രാം/100 കിഗ്രാം മിക്‌സ്ചറില്‍

ഡോ.എം.ഗംഗാധരന്‍ നായര്‍
മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍
മൃഗസംരക്ഷണവകുപ്പ്



Stories in this Section