കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഇനി കാക്കത്തുരുത്തിലെ കര്‍ഷകന്‍

Posted on: 30 Oct 2012ചേര്‍ത്തല: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മൈക്കിള്‍ തരകന്‍ ഇനി കായലിന് നടുവിലെ കാക്കത്തുരുത്തില്‍ കര്‍ഷകനായി ജീവിക്കും. ഇതിനായി 'കാസര്‍കോട്ട് കുള്ളന്‍' വിഭാഗത്തില്‍പ്പെട്ട ഒരുജോടി പശുവിനെയും കാളയെയും അദ്ദേഹം ബുധനാഴ്ച തുരുത്തിലെത്തിച്ചു.

ജൈവകൃഷി ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് കാസര്‍കോട്ടുനിന്ന് നാടന്‍ കന്നുകാലികളെത്തന്നെ കൊണ്ടുവന്നതെന്ന് മൈക്കിള്‍ തരകന്‍ പറയുന്നു. കൃഷിയിലേക്ക് തിരിയാനുള്ള പ്രേരണ ഭാര്യ സോഫി ജോസാണ്. ഫിബ്രവരിയില്‍ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നൊഴിയും. പിന്നീടെന്ത് എന്ന ചോദ്യത്തിന് സ്വയം കണ്ട ഉത്തരമാണ് കൃഷി.

110 ഏക്കര്‍ വിസ്തൃതിയുള്ള കാക്കത്തുരുത്തില്‍ കുടുംബസ്വത്തായി ലഭിച്ച 12 ഏക്കറില്‍ വീടുവച്ചു. 2004 മുതല്‍ ഇവിടെ കൃഷിയുണ്ടെങ്കിലും അത് വിപുലീകരിക്കണമെന്നാണ് ഉദ്ദേശ്യം. നെല്ല്, വാഴ, കപ്പ, പച്ചക്കറി എന്നിവയ്ക്ക് പുറമെ പശു, കോഴി, താറാവുവളര്‍ത്തലും മത്സ്യക്കൃഷിയും നടത്തും.

അന്യം നിന്നുകൊണ്ടിരിക്കുന്ന ഇനം എന്ന നിലയ്ക്കാണ് കാസര്‍കോട് കുള്ളന്‍ വിഭാഗത്തിലെ പശുവിനെയും മൂരിയെയും കൊണ്ടുവന്നത്. കണ്ണൂരില്‍ കൃഷിവിദഗ്ധര്‍ വികസിപ്പിച്ച ഓരിനെ ചെറുക്കുന്ന 'ഏഴോം' നെല്‍വിത്ത് ഇക്കുറി നാലേക്കറില്‍ പരീക്ഷിച്ചു. ഓര് ഭീഷണിയുള്ള ചേര്‍ത്തലക്കിത് അനുയോജ്യമെന്നാണ് കണ്ടെത്തല്‍. നല്ല വിളവുകിട്ടി.

തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച ഭാര്യ സോഫി ജോസിനാണ് ഇപ്പോള്‍ കൃഷിയുടെ മേല്‍നോട്ടം. മൂലമറ്റത്തെ കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന സോഫിക്ക് കൃഷി പുതുമയല്ല. മക്കള്‍ രോഹിണി, ജോസ് എബ്രഹാം എന്നിവരുടെ പിന്തുണയുമുണ്ട് ഈ കര്‍ഷകദമ്പതിമാര്‍ക്ക്.Stories in this Section