'കൊച്ചുജാതി'യുടെ പിതൃത്വം കൊച്ചേട്ടന് വേണം

Posted on: 30 Oct 2012


കോഴിക്കോട്: 'ജാതി'യാണ് കടുകന്‍മാക്കല്‍ കൊച്ചേട്ടന്‍ എന്ന എബ്രഹാം മാത്യുവിനെ കല്ലാനോട്‌നിന്ന് ഐക്യരാഷ്ട്ര സംഘടനവരെ എത്തിച്ചത്. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍വരെ തന്റെ പേര് എഴുതിച്ചേര്‍ത്ത 'കടുകന്‍മാക്കല്‍ ജാതിത്തൈ'യുടെ പിതൃത്വം മറ്റൊരാള്‍ തട്ടിയെടുക്കുന്നതും അതിനു തനിക്ക് അംഗീകാരം നല്‍കിയ അതേ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനംതന്നെ കൂട്ടുനില്‍ക്കുന്നതുംകണ്ട് അമ്പരക്കുകയാണ് ഈ കര്‍ഷകന്‍.

ലോകത്തിലെ ഏറ്റവും മികച്ച ഈ ജാതി 30 വര്‍ഷത്തെ നീണ്ട പരിശ്രമത്തിലൂടെയാണ് എബ്രഹാം വികസിപ്പിച്ചെടുത്തത്. എന്നാല്‍ എബ്രഹാം നല്‍കിയ 'കടുകന്‍മാക്കല്‍ കൊച്ചുജാതി' യുടെ തൈനട്ട് പേരു മാറ്റി 'നോവ'യാക്കി അധികൃതരുടെ മുന്നില്‍ അവതരിപ്പിച്ച് എബ്രഹാമിന്റെ സഹോദരന്‍ മികച്ച ജാതിയുടെ ഉല്‍പാദകന്‍ എന്ന അംഗീകാരം നേടിയിരിക്കയാണ്. 'കടുകന്‍മാക്കല്‍ ജാതി'ക്ക് മികച്ച ജാതിത്തൈയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്‌പൈസസ് റിസര്‍ച്ച് സെന്റര്‍ തന്നെയാണ് ഇതിന് കൂട്ടുനില്‍ക്കുന്നത്. 'നോവ'യാണ് മികച്ചയിനമെന്നു അവരുടെ ഔദ്യോഗിക മാസികയിലൂടെ പ്രചാരണം നടത്തുകയും ചെയ്യുന്നു. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഈ കര്‍ഷകന്‍.

2002-ല്‍ കോഴിക്കോട്ടെ സ്‌പൈസസ് റിസര്‍ച്ച് സെന്റര്‍ ആണ് 'കടുകന്‍മാക്കല്‍ കൊച്ചു ജാതി'യെയും മികച്ച ഇനമായി അംഗീകരിച്ചത്. രാജ്യത്തെ മികച്ച ജാതിഇനമായി അംഗീകരിച്ച് 'നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനും' 2003-ല്‍ ദേശീയപുരസ്‌കാരം നല്‍കി. രാഷ്ട്രപതിയില്‍ നിന്ന് നേരിട്ടാണ് എബ്രഹാം മാത്യു പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2010-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പോഷകഘടകമായ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും (എഫ്.എ.ഒ.) കല്ലാനോട്ടെ ഈ നാടന്‍ കര്‍ഷകന്റെ നേട്ടത്തെ അംഗീകരിച്ചു. 40 വര്‍ഷം പഴക്കമുള്ളതാണ് എന്റെ തോട്ടത്തിലെ ജാതിമരങ്ങള്‍. എന്നാല്‍ 14 വര്‍ഷത്തെ പഴക്കമേ നോവയ്ക്കുള്ളു. കടുകന്‍മാക്കല്‍ ജാതിയേക്കാള്‍ മേന്‍മ നോവയ്ക്ക് എടുത്തു പറയാനുമില്ല. ഇതിനെതിരെ എബ്രഹാം സ്‌പൈസസ് റിസര്‍ച്ച് സെന്ററിന് പരാതി നല്‍കിയെങ്കിലും കുടുംബവഴക്കാണെന്നും ഇടപെടാനാവില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അവര്‍ചെയ്തത്'' -എബ്രഹാം പറയുന്നു.

1971-ലാണ് എബ്രഹാം ജാതിക്കൃഷി തുടങ്ങിയത്. സാധാരണ ജാതിയുടെ 100 തൈകള്‍നട്ടു. എബ്രഹാമിന്റെ അമ്മാവന്‍ ശ്രീലങ്കയില്‍ നിന്നുകൊണ്ടുവന്ന ജാതിയുടെ ഇനത്തില്‍പ്പെട്ടവയായിരുന്നു എല്ലാം. നൂറില്‍ ഒന്ന് മാത്രം മികച്ച തൈയായിരുന്നു. ഇതില്‍ നിന്നാണ് കൊച്ചുജാതി ഉണ്ടാകുന്നത്. എബ്രഹാം മറ്റ് 99 തൈകളിലും ഈ മികച്ച തൈയുടെ ഭാഗം ഗ്രാഫ്റ്റ് ചെയ്തു. ഒരു തൈയില്‍ത്തന്നെ പലതവണ ഗ്രാഫ്റ്റ് ചെയ്യേണ്ടതായി വന്നിട്ടുണ്ട്. 60 തവണ ഗ്രാഫ്റ്റ് ചെയ്തിട്ടും വിജയിക്കാതിരുന്ന തൈയില്‍ 61-ാം തവണ വിജയം കണ്ടു. 19 വര്‍ഷംകൊണ്ടാണ് കൊച്ചുജാതിയുടെ 100 തൈകള്‍ കൃഷിയിടത്തില്‍ കരുപ്പിടിപ്പിച്ചത്. തന്റെ വീട്ടുപേരും വിളിപ്പേരും ചേര്‍ത്ത് പുതിയ ഇനത്തിന് പേരും ഇട്ടു. 'കടുകന്‍മാക്കല്‍ കൊച്ചു ജാതി'. മരത്തിന് വലുപ്പം കുറവ്, വിളവ് കൂടുതല്‍, ജാതിക്കായയ്ക്ക് ഇരട്ടി വലിപ്പം. ജാതിപത്രിക്ക് ചുവപ്പും കട്ടിയും കൂടുതല്‍. സാധാരണ ഇനത്തിന്റെ ആയിരം പത്രി ഒരു കിലോ ആണെങ്കില്‍ കടുകന്‍മാക്കല്‍ കൊച്ചുജാതിപത്രി ആയിരം എണ്ണം മൂന്നരക്കിലോ വരും. 90 കായ ഉണങ്ങിയാല്‍ ഒരു കിലോ ജാതിക്കായ കിട്ടും. ഈ പ്രത്യേകതയാണ് ഈ ജാതിയെ അന്താരാഷ്ട്രതലത്തില്‍ ഒന്നാമതാക്കിയത് ''-എബ്രഹാം വിശദീകരിക്കുന്നു.

ജാതി മാത്രമല്ല എബ്രഹാം മാത്യു കൈവെക്കാത്ത വിളകള്‍ ഇല്ലെന്നുതന്നെ പറയാം. കടുകന്‍മാക്കല്‍ ജാതി, കടുകന്‍മാക്കല്‍ കുരുമുളക് എന്നിവ എബ്രഹാം മാത്യുവിന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ മികച്ച കര്‍ഷകശാസ്ത്രജ്ഞന്‍ എന്ന ബഹുമതിയും നേടിക്കൊടുത്തു. 1994-ല്‍ കൃഷിവകുപ്പും കൂരാച്ചുണ്ട് ജേസീസും ചേര്‍ന്ന് നല്‍കിയ കാര്‍ഷിക തിലകം, 1995-ല്‍ സംസ്ഥാന സര്‍ക്കാറിന്റെ കേരകേസരി, 1996-ല്‍ കാംഡ കര്‍ഷക അവാര്‍ഡ്, 1997- ല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മികച്ച ജാതി ഉല്‍പ്പാദകന്‍ എന്ന ബഹുമതി, 1999-ല്‍ മികച്ച കുരുമുളക് തോട്ടത്തിനുള്ള കോയമ്പത്തൂര്‍ മധുജയന്തി എക്‌സ്‌പോട്ടിങ്ങ് കമ്പനിയുടെ അവാര്‍ഡ്, 2005-ല്‍ ഇസ്രയേല്‍ സന്ദര്‍ശനവേളയില്‍ അംഗീകാര സാക്ഷ്യപത്രം, 2005-ല്‍ നാലു ബാങ്കുകളുടെ മികച്ച ഉപഭോക്താവിനുള്ള പുരസ്‌കാരം... മികച്ച പ്രവര്‍ത്തനത്തിന് എബ്രാഹമിന് ലഭിച്ച അംഗീകാരങ്ങള്‍ ഏറെ.സമീപ പ്രദേശത്തുള്ളവര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം എബ്രഹാം തന്റെ കൊച്ചു ജാതി നല്‍കിയിട്ടുണ്ട്. പലര്‍ക്കും കൃഷിചെയ്തും നല്കി. ആര്‍ക്കും ഈ ജാതി കൃഷി ചെയ്യാം. പക്ഷെ കടുകന്‍മാക്കല്‍ ജാതിയിലൂടെ നേടിയ ലോകത്തിലെ മികച്ച ജാതിയുടെ പിതൃത്വം തനിക്കുവേണമെന്ന ആവശ്യമേ എബ്രഹാമിനുള്ളു. അല്ലെങ്കില്‍ കടുകന്‍മാക്കല്‍ ജാതിയെക്കാള്‍ മികച്ച ജാതിയെ ആരെങ്കിലും വികസിപ്പിച്ചെടുക്കണം അദ്ദേഹം പറയുന്നു.Stories in this Section