ചെങ്ങാലൂരില്‍ ചെണ്ടു മല്ലി വസന്തം

Posted on: 30 Oct 2012തൃശ്ശൂര്‍: വസന്തം പടിയിറങ്ങുമ്പോള്‍ ചെങ്ങാലൂര്‍ ഗ്രാമം വരവേല്‍ക്കുന്നത് മറ്റൊരു പൂക്കാലത്തെയാണ്. പുതുക്കാട് പഞ്ചായത്തിലെ മാട്ടുമലയിലെ പെണ്‍കര്‍ഷക കൂട്ടായ്മയില്‍ വിതച്ച ചെണ്ടുമല്ലിപ്പാടം പൂത്തു കഴിഞ്ഞിരിക്കുന്നു. ചുരം കടന്നെത്തി നമ്മുടെ നാട്ടില്‍ ഒഴുകിനിറയുന്ന തമിഴ് ചെണ്ടുമല്ലിപ്പൂക്കള്‍ കണ്ട് മനംമടുത്ത നാട്ടുകാര്‍ക്ക് ചെങ്ങാലൂരിലെ ചെണ്ടുമല്ലിപ്പാടം കൗതുകമാവുകയാണ്. മാട്ടുമലയിലെ ചെന്താമര സ്ത്രീസംഘമാണ് ചെങ്ങാലൂരിലെ ഈ പൂക്കാലത്തിനു പിന്നില്‍. കുറഞ്ഞ ചെലവില്‍ കുറഞ്ഞ കാലംകൊണ്ട് ഫലപ്രാപ്തിയിലെത്തുന്ന പുഷ്പകൃഷി ഏതെന്ന ചിന്തയാണ് ഇവരെ ചെണ്ടുമല്ലികൃഷി എന്ന ആശയത്തില്‍ എത്തിച്ചത്. ചെണ്ടുമല്ലി കൃഷി കേരളത്തില്‍ ഏറെ പ്രചാരമില്ലെന്നതും തമിഴ്‌നാട്ടില്‍നിന്ന് മലവെള്ളം പോലെ ചെണ്ടുമല്ലിയെത്തുന്നുണ്ടെന്നും അറിയാതെയല്ല. എന്നാലും ഒരു ഭാഗ്യപരീക്ഷണത്തിനു തന്നെയായിരുന്നു ചെന്താമരക്കാരുടെ തീരുമാനം.

കാര്‍ഷികവൃത്തിയിലൂടെ സ്ത്രീകള്‍ സ്വയംപര്യാപ്തരാവുക എന്ന ലക്ഷ്യത്തോടെയായിരുന്നു 5 സ്ത്രീകള്‍ അംഗങ്ങളായി ചെന്താമര സംഘത്തിന് രൂപംകൊടുത്തത്. മാട്ടുമല നിവാസികളായ പ്രീതി ബാലകൃഷ്ണന്‍, ഷിജി രാജു, സുലേഖ ദാസന്‍, ബിന്ദു വിശ്വംഭരന്‍, ഷീല രാമകൃഷ്ണന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.

പുഷ്പകൃഷിയായിരുന്നു ഉദ്ദേശ്യം. ചെണ്ടുമല്ലിയാവട്ടെ എന്നുപദേശിച്ചത് പുതുക്കാട് കൃഷി ഓഫീസര്‍ അപ്‌സര മാധവായിരുന്നു. ആദ്യഘട്ടത്തിലെ ആശങ്കകള്‍ക്കൊടുവില്‍ കൃഷിയിറക്കാന്‍ ഉറച്ചു. ബ്ലോക്ക് ഫണ്ടില്‍നിന്ന് ഏഴര ലക്ഷം രൂപ അനുവദിച്ചു. പൂവത്തൂക്കാരന്‍ ജോസ് പ്രതിഫലമൊന്നും ഇടാക്കാതെ കൃഷിക്കു സ്ഥലം നല്‍കാന്‍ തയ്യാറായതോടെ കാര്യങ്ങള്‍ സുഗമമായി. കൃഷി ഓഫീസറുടെ ശ്രമഫലമായി 1500 ചെണ്ടുമല്ലി തൈകള്‍ ചെങ്ങാലൂരിലെത്തിച്ചു. ചാണകവും പൊട്ടാഷും ചേര്‍ന്ന വളമാണ് കൃഷിക്ക് ഉപയോഗിച്ചത്.

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ഹരി, ബ്ലോക്ക് പഞ്ചായത്തംഗം സിജി ബാബു, പഞ്ചായത്തംഗം ഡോളി ജയന്‍ എന്നിവരുടെ പിന്തുണയും ചെണ്ടുമല്ലി കൃഷിക്ക് ഏറെ തുണയായെന്ന് കര്‍ഷകര്‍ പറയുന്നു.

കൃഷിയിറക്കി മൂന്നുമാസത്തിനകം തന്നെ വിപണി കണ്ടെത്തണമെന്നതാണ് ചെണ്ടുമല്ലി കൃഷിയിലെ പ്രധാന വെല്ലുവിളി. സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന ഗുണംകുറഞ്ഞ പൂക്കള്‍ക്കു പകരം ഗുണവും നിറവുമുള്ള സ്വദേശി ചെണ്ടുമല്ലി വിരിയിച്ചെടുക്കാമെന്ന ആത്മവിശ്വാസം വളര്‍ത്താന്‍ ഈ ആദ്യവട്ട പരീക്ഷണംകൊണ്ട് കഴിഞ്ഞുവെന്ന് കര്‍ഷകര്‍ പറയുന്നു.

തൈകള്‍ കിട്ടുന്നതിനുണ്ടായ കാലതാമസമാണ് ഇത്തവണ സംഭവിച്ച പാളിച്ച. എന്നാല്‍ പിഴവുകള്‍ പരിഹരിച്ച് കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാനാണ് ഈ പെണ്‍കര്‍ഷക കൂട്ടായ്മയുടെ തീരുമാനം. വേനല്‍ക്കാലത്തുതന്നെ കൃഷിയിറക്കിയാല്‍ വിപണി കണ്ടെത്തുന്നതിനും ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ഇവരുടെ പ്രതീക്ഷ.

ശ്രീശോഭ്‌


Stories in this Section