കശുമാവ് കൃഷിയില്‍ പുതുപരീക്ഷണവുമായി ബേബി ജേക്കബ്‌

Posted on: 27 Oct 2012പയ്യാവൂര്‍ (കണ്ണൂര്‍): ആല്‍മരങ്ങളെപ്പോലെ കശുമാവും ചില്ലയില്‍നിന്ന് വേരുകള്‍ മണ്ണിലിറക്കി വളര്‍ത്തിയാല്‍ വിളവും കീടപ്രതിരോധശേഷിയും വര്‍ധിക്കുമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ച് പയ്യാവൂര്‍ വണ്ണായിക്കടവ് സ്വദേശി വാഴയ്ക്കാമലയില്‍ ബേബി ജേക്കബ്. പത്തുവര്‍ഷം മുമ്പ് സ്വന്തം കൃഷിയിടത്തിലെ ഒരു കശുമാവിലെ ചില്ലയില്‍നിന്ന് വേര് വളര്‍ന്നപ്പോള്‍ അതില്‍ ധാരാളം കശുവണ്ടിയുണ്ടായതാണ് ബേബി ജേക്കബിനെ പുതിയ പരീക്ഷണത്തിലേക്ക് തിരിച്ചുവിട്ടത്. തന്റെ ഒരേക്കര്‍ കശുമാവിന്‍തോപ്പിലെ 45 മരത്തില്‍ നിന്ന് 1300 കിലോ കശുവണ്ടി ഉത്പാദിപ്പിക്കാന്‍ ബേബിക്ക് സാധിച്ചു.

പയ്യാവൂര്‍ കൃഷിഓഫീസര്‍ ജോര്‍ജ്കുട്ടി മാത്യുവിന്റെ സഹായത്തോടെ പുതിയ കൃഷിരീതി പൂത്തൂരിലെ ദേശീയ കശുമാവ് ഗവേഷണകേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കശുമാവുകള്‍ക്ക് കാറ്റില്‍നിന്ന് സംരക്ഷണം, അത്യുത്പാദനശേഷി, രോഗപ്രതിരോധ ശേഷി എന്നിവ നേടാന്‍ ഉത്തമമാണ് ഈ കൃഷിരീതിയെന്നാണ് നിഗമനം. തന്റെ കൃഷി രീതിയെപ്പറ്റി നവംബര്‍ ഒമ്പതിന് കാസര്‍ക്കോട് തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ബേബി ജേക്കബ്.

ബേബിയുടെ കൃഷിയിടം കേരളത്തിലെ ആദ്യത്തെ കശുമാവ് ഫാം സ്‌കൂളാക്കി മാറ്റാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ ആദ്യവാരം മുതല്‍ എല്ലാ ശനിയാഴ്ചയും കൃഷിത്തോട്ടത്തില്‍ കര്‍ഷകര്‍ക്ക് ക്ലാസ് നടത്തും. ആത്മ പ്രോജക്ടില്‍നിന്ന് സാമ്പത്തികസഹായം ലഭ്യമാക്കാമെന്നും വാഗ്ദാനം ലഭിച്ചിട്ടുണ്ട്. തന്റെ കൃഷി രീതിയിലൂടെ കശുമാവ് കൃഷി രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് ഈ കര്‍ഷകന്‍. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 9400539606ല്‍ ബന്ധപ്പെടണം.


Stories in this Section