ഷക്കീനയുടെ 'പാറു'വിന് വീണ്ടും ഇരട്ടക്കിടാവുകള്‍

Posted on: 24 Oct 2012കൊച്ചി: ഏഴിക്കര കുഴിപ്പനം ആട്ടച്ചിറ റഹിമിന്റെ ഭാര്യ ഷക്കീന വളര്‍ത്തുന്ന അഞ്ച് പശുക്കളില്‍ 'പാറു'വിന് രണ്ടാമത്തെ പ്രസവത്തിലും ഇരട്ടക്കിടാവുകള്‍. പശുക്കള്‍ രണ്ടുതവണ ഇരട്ട പ്രസവിക്കുന്നത് അത്യപൂര്‍വമാണ്.

എട്ട് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തി ഉപജീവനം നടത്തുകയാണ് ഷക്കീന. റഹിമിന് ഗള്‍ഫിലായിരുന്നു ജോലി. അഞ്ചുവര്‍ഷമായി നാട്ടിലുണ്ട്. ഇപ്പോള്‍ ഭാര്യയോടൊപ്പം പശു പരിപാലനത്തില്‍ റഹിമും സഹായിയാണ്.

ഏഴിക്കര ഗ്രാമത്തിലെ പച്ചപ്പുല്ലിന്റെ സമൃദ്ധിയിലാണ് ഷക്കീനയുടെ പശുക്കള്‍ അഞ്ചും വളരുന്നത്. പാറുവിനെ കൂടാതെ കുല്‍സു, മാളു, കിങ്ങിണി, മണി എന്നിവയാണ് മറ്റ് തള്ളപ്പശുക്കള്‍. ഇവയുടെ കിടാവുകളും കിടാരികളും വേറെയുണ്ട്.

സങ്കരയിനത്തില്‍പ്പെട്ട പാറുവിന്റെ ആദ്യപ്രസവത്തിലും ഇരട്ടകളായിരുന്നു. ഇത്തവണത്തെ പ്രസവം ജൂലായ് 31നാണു നടന്നത്. തവിട്ടുനിറത്തിലുള്ള രണ്ട് സുന്ദരിക്കിടാവുകള്‍.

പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ക്ഷീരകര്‍ഷക സ്വയം സഹായസംഘത്തില്‍ അംഗങ്ങളാണ് റഹിമും ഷക്കീനയും. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചുപോന്ന റഹിം പശുവളര്‍ത്തലില്‍ ഏറെ സംതൃപ്തനാണ്.


Stories in this Section