അലങ്കാര മത്സ്യങ്ങള്‍ ആദിവാസിക്കുടികളിലേക്ക്

Posted on: 24 Oct 2012

ബി. രാജേഷ്‌കുമാര്‍
പശ്ചിമഘട്ട മലനിരകളിലെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് അലങ്കാരമത്സ്യങ്ങളെ ഉത്പാദിപ്പിച്ച് വിപണനം നടത്താനും കയറ്റുമതി ചെയ്യാനും പദ്ധതി. കേരള ഫിഷറീസ്, സമുദ്രപഠന സര്‍വകലാശാലയുടെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആദിവാസി മേഖലകളില്‍ അലങ്കാരമത്സ്യ ഉത്പാദനം ലക്ഷ്യമിട്ട് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. അലങ്കാരമത്സ്യ വിപണിയിലെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിച്ച് ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ചുവടുവയ്പാണിത്.

നബാര്‍ഡ്, പശ്ചിമഘട്ട സെല്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു.

ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് അലങ്കാരമത്സ്യ ഉത്പാദനത്തിന് ആദിവാസികളെ പ്രാപ്തരാക്കുന്നത്. ഇതിന് മുന്നോടിയായി പരിശീലന പരിപാടി സര്‍വകലാശാലയുടെ പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനില്‍ തുടങ്ങി. കാസര്‍കോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ആദിവാസികളാണ് ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ കയറ്റുമതി തുടങ്ങാനാണ് ലക്ഷ്യം. മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണവും ഉപയോഗപ്പെടുത്തി പദ്ധതി വിപുലമായി നടപ്പാക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

അഞ്ചരക്കോടിയോളം രൂപയുടെ അലങ്കാരമത്സ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം കയറ്റി അയയ്ക്കുന്നത്. എന്നാല്‍, കേരളത്തിന്റെ വിഹിതം 20 ശതമാനത്തില്‍ താഴെ മാത്രമാണ്. ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ പശ്ചിമഘട്ട മേഖലകളിലെ നദികളുടെ ഉത്ഭവസ്ഥാനങ്ങള്‍ അലങ്കാരമത്സ്യങ്ങളാല്‍ സമ്പന്നമാണ്. ശുദ്ധമായ വെള്ളവും നല്ല കാലാവസ്ഥയും ഇവയുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ ശുദ്ധജലാശയങ്ങളില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച നൂറോളം ഇനങ്ങളിലുള്ള അലങ്കാരമത്സ്യങ്ങള്‍ ഉണ്ട്. ഈ മേഖലകളിലുള്ള സാധ്യത ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍ മേധാവിയുമായ ഡോ. കെ. ദിനേശ് പറഞ്ഞു. പശ്ചിമഘട്ട സെല്‍ 11 ലക്ഷം രൂപയും നബാര്‍ഡ് 8.98 ലക്ഷവും അനുവദിച്ചുകഴിഞ്ഞു. ഇതിന് പുറമെ, സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ ഒരുലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നല്‍കി.

ആദിവാസി മേഖലകളില്‍ അലങ്കാരമത്സ്യങ്ങള്‍ പിടിച്ച് ഉപജീവന മാര്‍ഗം തേടുന്നവരുണ്ടെങ്കിലും ശാസ്ത്രീയമായ മത്സ്യബന്ധനത്തിന് പരിശീലനം കിട്ടിയവര്‍ തീരെ കുറവാണ്. അതുകൊണ്ടുതന്നെ, കയറ്റുമതി മേഖലയില്‍ അന്താരാഷ്ട്ര ഗുണനിലവാരം കാത്തുസൂക്ഷിക്കാനും കഴിയുന്നില്ല. മികച്ച വില നല്‍കാതെ ഇടനിലക്കാര്‍ ആദിവാസികളെ ചൂഷണം ചെയ്യുന്ന സ്ഥിതിയുമുണ്ട്. പുഴകളില്‍ നിന്നുള്ള അലങ്കാരമത്സ്യ ബന്ധനം പരമാവധി കുറച്ച് ജൈവവൈവിധ്യം നിലനിര്‍ത്തുകയെന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
13 ജില്ലകളിലും ആദിവാസികളുടെ ഗ്രൂപ്പുകളുണ്ടാക്കി അലങ്കാര മത്സ്യോത്പാദനത്തിനും പരിപാലനത്തിനും വിപണനത്തിനും പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. തുടക്കത്തില്‍ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിനാണ് പരിശീലനം. ഓരോ ജില്ലയിലെയും ട്രൈബല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് ആദിവാസികളെ തിരഞ്ഞെടുത്തിരിക്കുന്നത്.
അക്വേറിയം ടാങ്ക് നിര്‍മാണം, കുഞ്ഞുങ്ങളുടെ ഉത്പാദനം, അവയുടെ ആരോഗ്യസംരക്ഷണം തുടങ്ങിയവയെല്ലാം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മീന്‍ വളര്‍ത്തുന്നതിനുള്ള വിവിധയിനം ടാങ്കുകള്‍, വായു സംക്രമണത്തിനുള്ള എയര്‍ പമ്പ്, വിത്തുത്പാദനത്തിനുള്ള തള്ളമത്സ്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ നടപടിയുണ്ടാകും.

തൃശ്ശൂര്‍ ജില്ലയിലെ ആദിവാസി മേഖലയായ പുകലപ്പാറയില്‍ ഉത്പാദക-പരിശീലന കേന്ദ്രം തുടങ്ങാനും നടപടികളായിട്ടുണ്ട്. വനം വകുപ്പിന്റെ സഹകരണത്തോടെയാണിത്. നബാര്‍ഡ് ഫണ്ടിന്റെ വിഹിതമുപയോഗിച്ചാണ് കേന്ദ്രം സജ്ജമാക്കുന്നത്.
വനമേഖലകളിലുള്ള റിസര്‍വോയറുകളിലും കൂടുകള്‍ ഉപയോഗിച്ചുള്ള അലങ്കാരമത്സ്യ കൃഷിക്ക് അനന്ത സാധ്യതകളാണുള്ളതെന്ന് ഡോ. ദിനേശ് പറയുന്നു. പെരിങ്ങല്‍കുത്ത് റിസര്‍വോയറില്‍ ഉന്നത നിലവാരമുള്ള അലങ്കാരമത്സ്യങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഫിഷറീസ്, സമുദ്രപഠന സര്‍വകലാശാലാ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഡെയ്‌സി സി. കാപ്പന്‍, അട്ടപ്പാടി പ്രോജക്ട് നോഡല്‍ ഓഫീസര്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍ , ഡോ. ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് ആദിവാസി മേഖലകളിലെ അലങ്കാരമത്സ്യോത്പാദനത്തിനുള്ള പദ്ധതി നടത്തിപ്പിന് ചുമതല വഹിക്കുന്നത്.


Stories in this Section