കാര്‍ഷിക വിളകളുടെ വിലയിടിവ് കര്‍ഷകര്‍ എണ്ണപ്പന കൃഷിയിലേക്ക്

Posted on: 20 Oct 2012കോഴിക്കോട്: പരമ്പരാഗത കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവില്‍ മനം മടുത്ത കര്‍ഷകര്‍ എണ്ണപ്പനകൃഷിയിലേക്ക് വഴിമാറുന്നു. ജില്ലയുടെ ഗ്രാമീണമേഖലയില്‍ നാളികേരവും വാഴയും നെല്ലും മറ്റ് ഇടവിളകൃഷികളും ചെയ്തിരുന്ന കര്‍ഷകര്‍ പരീക്ഷണാടിസ്ഥാനത്തില്‍ എണ്ണപ്പന കൃഷിയിലേക്ക് നീങ്ങുകയാണ്. മുന്‍പ് വാനില കൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞതിനു സമാനമായാണ് എണ്ണപ്പന കൃഷിയും ജില്ലയില്‍ വ്യാപിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ എണ്ണപ്പന കൃഷി വികസന പദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡാണ് എണ്ണപ്പന കൃഷിക്ക് സംസ്ഥാനത്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നാലുവര്‍ഷം മുന്‍പാണ് ജില്ലയില്‍ എണ്ണപ്പനകൃഷി ആരംഭിച്ചത്. വര്‍ഷംതോറും മുപ്പതുശതമാനത്തോളം വളര്‍ച്ചയാണ് എണ്ണപ്പന കൃഷിക്കുണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 80 ഹെക്ടര്‍ സ്ഥലത്ത് ജില്ലയില്‍ എണ്ണപ്പന കൃഷി ചെയ്യുന്നുണ്ട്. തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, ചാത്തമംഗലം, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിലാണ് എണ്ണപ്പന കൃഷി കൂടുതലായും ചെയ്യുന്നത്. അത്യുത്പാദന ശേഷിയുള്ള സങ്കരയിനം തൈകള്‍ ഓയില്‍ പാം ലിമിറ്റഡില്‍ നിന്നുതന്നെ ലഭിക്കും. കൃഷി വ്യാപിപ്പിക്കുന്നതിനായി ഒരു ഹെക്ടറിന് 23,000 രൂപ എന്ന നിരക്കില്‍ സബ്‌സിഡിയും ഇവര്‍ നല്‍കുന്നുണ്ട്. നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്താല്‍ മികച്ച വിളവ് ലഭിക്കുമെന്നും അധികൃതര്‍ പറയുന്നു. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി നല്ലരീതിയില്‍ എണ്ണപ്പനകള്‍ കൃഷി ചെയ്തു വരുന്നതായും അധികൃതര്‍ അറിയിച്ചു.

മുന്‍പ് വാനില കൃഷിക്ക് സംഭവിച്ചതുപോലെ ചെലവിനനുസരിച്ചുള്ള കമ്പോളവില ലഭിക്കാതെ കൃഷി പരാജയപ്പെടുമോ എന്ന ഭീതിയും ഒരു വിഭാഗം കര്‍ഷകരിലുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വിളവെടുത്ത പഴങ്ങള്‍ മുഴുവനായും സംഭരിക്കുമെന്നാണ് ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ ഒരു കിലോയ്ക്ക് ആറു രൂപ നിരക്കിലാണ് പഴങ്ങള്‍ സംഭരിക്കുന്നത്. മൂന്നു മാസം കൂടുമ്പോള്‍ ചേരുന്ന പ്രത്യേക സമിതിയാണ് വിലനിര്‍ണയം നടത്തുന്നത്. ഡിസംബറോടു കൂടി ഇനിയും വില വര്‍ധിക്കാന്‍ ഇടയുണ്ട്.

കര്‍ഷകര്‍ പരമ്പരാഗത വിളകളില്‍ നിന്നും പിന്മാറുന്നത് വിപണിയേയും കാര്യമായി ബാധിക്കുന്നുണ്ട്. നാളികേരം, അടയ്ക്ക, വാഴപ്പഴം എന്നിവയ്ക്കുപോലും ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വാഴപ്പഴത്തിന് ഈ മാസം നല്ല വില ലഭിച്ചപ്പോഴും കൃഷി കുറഞ്ഞുപോയത് കര്‍ഷകര്‍ക്കുതന്നെ വിനയായി.


Stories in this Section