
ഹൈറേഞ്ചുകളിലെ മാത്രം കൃഷിയായിരുന്ന കാബേജും കോളിഫ്ലവറും ഇന്ന് കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന്‍ സാധിക്കും. ചൂടുകൂടിയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രോപ്പിക്കല്‍ ഇനങ്ങളുടെ ലഭ്യതയാണ് ഇത് സാധ്യമാക്കിയത്. താരതമ്യേന തണുപ്പ് കൂടുതല്‍ ലഭിക്കുന്ന നവംബര്‍ മുതല്‍ ഫിബ്രവരിവരെയുള്ള സമയത്ത് കൃഷി ചെയ്യണമെന്നതാണ് പരമപ്രധാനം.
ഒരു സെന്റില്‍ കൃഷിചെയ്യാന്‍ രണ്ടു ഗ്രാം വിത്ത് മതിയാകും. കടുക് മണിപോലുള്ള ചെറിയ വിത്തുകള്‍ പാകി, 20 -25 ദിവസം പ്രായമായ തൈകള്‍ പറിച്ചുനട്ടാണ് കൃഷി. പ്രോട്രേകളിലും പ്ലാസ്റ്റിക് കുപ്പികളിലും മറ്റും വളര്‍ത്തിയ നടാന്പാകമായ തൈകള്‍ കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ., കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഗവേഷണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നവംബര്‍ മുതല്‍ ലഭിക്കും.
നല്ല വെയിലും നീര്‍വാര്‍ച്ചയുമുള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. രണ്ടടി അകലത്തിലും ഒരടി വീതിയിലും ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകളെടുക്കണം. ജൈവവളം മേല്മണ്ണുമായിച്ചേര്ത്ത് ചാലുകള്‍ മുക്കാല്‍ഭാഗത്തോളം മൂടണം. ഒരു സെന്റിന് 100 കിലോ ജൈവവളം ചേര്‍ക്കണം. ചാലുകളില്‍ ഒന്നരയടി അകലത്തില്‍ തൈകള്‍ നടാം. രണ്ടു മൂന്നു ദിവസത്തേക്ക് തണല്‍ കുത്തണം. നന്നായി നനയ്ക്കുകയും വേണം.
ചാക്കുകളിലും ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും നടീല്‍മിശ്രിതം നിറച്ച് തൈകള്‍ നടാം. മണ്ണും ആറ്റുമണലും കമ്പോസ്റ്റും തുല്യഅനുപാതത്തില് കലര്‍ത്തിയ മിശ്രിതം വേണം നടാനായി ഉപയോഗിക്കാന്‍.