മീന്‍കൊത്തികള്‍ ശല്യമാകുന്നു പരിഹാരമുണ്ടോ?

Posted on: 20 Oct 2012

സുരേഷ് മുതുകുളംബാങ്ക് വായ്പയെടുത്ത് വീട്ടുപുരയിടത്തില്‍ ശാസ്ത്രീയ മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകനാണ് ഞാന്‍. മീന്‍ കുളങ്ങളില്‍ പൊന്‍മാന്‍ ശല്യം രൂക്ഷമാകുന്നു. നിയന്ത്രണമാര്‍ഗം പറഞ്ഞുതരാമോ.
-വര്‍ക്കി തോമസ്, ഈങ്ങാപ്പുഴ.


മത്സ്യഫാമുകളിലെ സ്ഥിരം ശല്യക്കാരാണ് മീന്‍കൊത്തികള്‍. ഇവയെ തടയാന്‍ പലരും പല വഴികളാണ് ചെയ്യുക. ഇവ പറയാം.

*കുളത്തിനുമീതെ മെഷ് നെറ്റുകള്‍ വിരിക്കുക.
*'പക്ഷിവിരട്ടി' തയ്യാറാക്കി കുളത്തിനരികെ വെക്കുക. ഓരോ 5-10 മിനിറ്റ് കൂടുമ്പോഴും ഇത് സ്വയം വലിയ ശബ്ദത്തില്‍ പൊട്ടുന്ന ശബ്ദമുണ്ടാക്കി പക്ഷികളെ അകറ്റിനിര്‍ത്തും.
*കൃത്യസമയത്ത് പ്രവര്‍ത്തിക്കുന്ന 'വാട്ടര്‍ ജെറ്റുകള്‍' ചില ഫാമുകളില്‍ വെക്കാറുണ്ട്. ഓരോ 10 മിനിറ്റ് കൂടുമ്പോഴും അതിശക്തമായ ഫൗണ്ടന്‍പോലെ ഒരു വെള്ളച്ചാട്ടം ഇത് കുളത്തിനുമീതേയുണ്ടാക്കും. ഇത് മീന്‍കൊത്തികള്‍ക്ക് അരോചകമാണ്.
*തമിഴ്‌നാട്ടില്‍ മേട്ടുപ്പാളയത്ത് നവനീത കൃഷ്ണന്‍ എന്നുപേരായ ഒരു കര്‍ഷകന്‍ ഫ്യൂസായ ട്യൂബ്‌ലൈറ്റുകള്‍ ജലപ്പരപ്പില്‍ പൊങ്ങിക്കിടക്കാനായി ഇടുന്നു. ഇത് കണ്ടാല്‍ മീന്‍കൊത്തികള്‍ മീന്‍കുളത്തിലേക്ക് വരാറില്ലത്രെ.
*മറ്റു ശല്യങ്ങളില്ലെങ്കില്‍ കുളത്തില്‍ ഒരു ജോഡി അരയന്നങ്ങളെ വളര്‍ത്തിനോക്കുകയുമാവാം.


വെള്ളരിവള്ളി മുരടിക്കുന്നു പ്രതിവിധി എന്ത്?

? പാടവരമ്പില്‍ നട്ട വെള്ളരിവള്ളികള്‍ വളര്‍ച്ച മുരടിച്ച് ഇല കരിയുന്നു. വള്ളി പിഴുതുനോക്കിയപ്പോള്‍ വേരിലാകെ കറുത്തപാടുകളും മുറിവുകളും. ഇത് രോഗമാണോ? പ്രതിവിധി എന്ത്?
- ദേവരാജന്‍, ഹരിഹരപുരം.

4വേരില്‍ കാണുന്ന കറുത്തപാടുകളും സൂക്ഷ്മമായ മുറിവുകളും വേരുകെട്ടി നിമവിരയുടെ ഉപദ്രവലക്ഷണങ്ങളാണ് എന്ന് കരുതാം. ഇതിന്റെ തുടര്‍ലക്ഷണങ്ങളാണ് ചെടിമുരടിപ്പും ഇലകരിച്ചിലും. നിമവിരബാധയായതിനാല്‍ പരിഹാരം മണ്ണില്‍ത്തന്നെ ചെയ്യണം. വേനല്‍ക്കാലത്ത് മണ്ണിളക്കി വെയില്‍ കൊള്ളിക്കുക; ജൈവവളങ്ങള്‍ പ്രയോഗിച്ച് നിമവിരകളെ നശിപ്പിക്കാന്‍ കഴിവുള്ള സൂക്ഷ്മാണുക്കള്‍ പെറ്റുപെരുകാന്‍ അനുവദിക്കുക, വിളകള്‍ മാറിമാറി വളര്‍ത്തി വിളപരിവര്‍ത്തനം നടപ്പാക്കുക, ആഴത്തില്‍ ഉഴുതുമറിക്കുക, വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക, വെള്ളരിപ്പാടത്തിന് ചുറ്റുവട്ടത്തുനിന്ന് വേരുകെട്ടി നിമവിരക്ക് താവളമൊരുക്കുന്ന വഴുതന, പപ്പായ, മധുരക്കിഴങ്ങ്, കാച്ചില്‍, ബീന്‍സ്, പയര്‍ തുടങ്ങിയ വിളകള്‍ ഒഴിവാക്കുക. ഇങ്ങനെ ബഹുമുഖതന്ത്രങ്ങളിലൂടെ രാസമരുന്നുകള്‍ പ്രയോഗിക്കാതെ തന്നെ നിമവിരകളെ ഒഴിവാക്കാം.


Stories in this Section