നെല്ലിലെ വിളവ് കൂട്ടാം

Posted on: 20 Oct 2012

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ഹൈദരാബാദിലെ ഡയറക്ടറേറ്റ് ഓഫ് റൈസ് റിസര്‍ച്ച്, നെല്ലിന്റെ വിളവ് കൂട്ടാനുള്ള പൊടിക്കൈകള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചു.

കര്‍ഷകര്‍ അനുവര്‍ത്തിക്കുന്ന പൊടിക്കൈകളില്‍ ഫലപ്രദമായതും ശാസ്ത്രീയമായ അടിത്തറയുള്ളതുമായവയാണ് ഗവേഷണകേന്ദ്രം പുറത്തിറക്കിയത്.

പൊടിക്കൈകളില്‍ പ്രധാനപ്പെട്ടവ ഇവയാണ്. 10 കോഴിമുട്ടകള്‍ ഒരു പാത്രത്തിലിട്ട് അവ മുങ്ങാന്‍ പാകത്തില്‍ നാരങ്ങ നീരൊഴിക്കണം. ഇതില്‍ 250 ഗ്രാം ശര്‍ക്കര ചേര്‍ത്ത് 10 ദിവസം പുളിക്കാന്‍വെക്കുക. തുടര്‍ന്ന് മിശ്രിതം നന്നായി ഇളക്കി അരിച്ച് 100 മില്ലിലിറ്റര്‍, 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നെല്‍പ്പാടത്ത് തളിക്കാം. ഞാറ് പറിച്ചുനട്ട് ഒരു ദിവസത്തിനുശേഷം 30 കിലോഗ്രാം പുളിങ്കുരു പാടത്തുചേര്‍ക്കുക. പറിച്ചുനട്ട് 10 ദിവസം കഴിഞ്ഞ് ഏക്കറിന് 100 കിലോഗ്രാമെന്ന തോതില്‍ പന്നിക്കാഷ്ഠം ചേര്‍ക്കുന്നതും പ്രയോഗത്തിലുണ്ട്. ഉമ്മം, ആടലോടകം, ആത്ത, വേപ്പ് എന്നിവയുടെ ഇല കൊത്തിയരിഞ്ഞ് ഏക്കറിന് 250 കിലോഗ്രാമെന്ന തോതില്‍ ചേര്‍ക്കുന്നതായും കണ്ടുവരുന്നു. നെല്‍പ്പാടം കിളച്ച് പരുവപ്പെടുത്തി, അടിവളം ചേര്‍ക്കുമ്പോള്‍, 30 മുതല്‍ 40 ദിവസം കുഴിയിലിട്ട് അഴുക്കിയ കുളവാഴ ചേര്‍ക്കുന്നതും പ്രചാരത്തിലുണ്ട്. നെല്ലില്‍ കൂടുതല്‍ പൂക്കളുണ്ടാകാനും നാട്ടറിവുകള്‍ പ്രയോഗിക്കുന്നു. തേങ്ങാവെള്ളം, മോര് എന്നിവ 5 ലിറ്റര്‍ വീതമെടുത്ത് ഒരു മണ്‍കുടത്തില്‍ ഒരാഴ്ച വെച്ചശേഷം അരിച്ച ഒരു ലിറ്റര്‍ മിശ്രിതം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വയലില്‍ തളിക്കുന്നു.

വയലിലെ മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിലൂടെയും പ്രധാന മൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും ഉള്‍പ്പെടെയുള്ളവയുടെ തോത് വര്‍ധിപ്പിക്കുന്നതിലൂടെയുമാണ് ഈ പൊടിക്കൈകള്‍ വിളവ് പതിന്മടങ്ങാക്കുന്നത്.
Stories in this Section