തിരുവനന്തപുരം: നേന്ത്രക്കായിലെ രുചിയുടെ രാജാവ്, തോപ്രാംകുടി നേന്ത്രക്കായ ഡല്‍ഹിക്ക് യാത്ര തിരിച്ചു. ചൊവ്വാഴ്ച രാവിലെ 11.15 ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേരള എക്‌സ്പ്രസില്‍ കയറിയ തോപ്രാംകുടി നേന്ത്രക്കായയെ യാത്ര അയയ്ക്കാന്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും എത്തിയിരുന്നു. കേരളത്തിന്റെ പരമ്പരാഗത കാര്‍ഷിക വിഭവങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനായി ഹോര്‍ട്ടികോര്‍പ്പും കൃഷിവകുപ്പും റെയില്‍വേയും സംയുക്തമായിട്ടാണ് കാര്‍ഷിക വിഭവങ്ങള്‍ ഡല്‍ഹിക്ക് അയച്ചത്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാന്‍ ഇത് സഹായകരമാകുന്നുണ്ട്.
മന്ത്രി കെ.പി. മോഹനന്‍ ഫ്ലാഗ് ഓഫ് ചെയ്തു. 1000 ടണ്‍ നേന്ത്രക്കായയാണ് കഴിഞ്ഞ ദിവസം പ്രത്യേക വാഗണില്‍ കയറ്റി അയച്ചത്. ഹരിതകലവറ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈനാപ്പിള്‍, തേങ്ങ, മരച്ചീനി എന്നിവയും ഇനി അയയ്ക്കും.
ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ ലാല്‍വര്‍ഗീസ് കല്‍പ്പകവാടി, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.