
തെങ്ങിന്റെ വിടരാത്ത പൂങ്കുലയില്‍ നിന്നൂറിവരുന്ന പാനീയത്തെ പുളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് ഔഷധ ഗുണവും രുചിയുമുള്ള നീരയാകും. നല്ല ശുദ്ധമായ മധുരക്കള്ള്. നീര പുളിച്ചാല്‍ കള്ളായി മാറുന്നു. പലര്‍ക്കും മധുരക്കള്ള് കേട്ടറിവ് മാത്രമാണ്. എന്നാല്‍, ഇത് പായ്ക്കറ്റുകളില്‍ വന്നാല്‍ ചരിത്രം സൃഷ്ടിക്കുമെന്നുറപ്പ്. കര്‍ണാടക പൈലറ്റടിസ്ഥാനത്തില്‍ നീരയുത്പാദിപ്പിക്കുന്ന സംരംഭത്തിലേക്ക് കടന്നുകഴിഞ്ഞു. ദക്ഷിണ കര്‍ണാടകയിലെ തുമ്പെയിലുള്ള ഹോര്‍ട്ടിക്കള്‍ച്ചര്‍ ഫാമില്‍ നീര ഡെമോണ്സ്ട്രേഷന് യൂണിറ്റ് സ്ഥാപിക്കുന്നതിന് കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് സമര്‍പ്പിച്ച 115 ലക്ഷം രൂപയുടെ പദ്ധതിക്കാണ് നാളികേര വികസനബോര്‍ഡ് അനുമതി നല്‍കിയത്. ഇതില്‍ നാളികേര വികസന ബോര്‍ഡിന്റെ പദ്ധതിവിഹിതം 28.75 ലക്ഷം രൂപയാണ് (പദ്ധതി വിഹിതത്തിന്റെ 25 ശതമാനം). ഈ യൂണിറ്റ് ഒരു ഡെമോണ്സ്ട്രേഷന്പ്ലാന്റായി പ്രവര്‍ത്തിക്കും. തെങ്ങുകൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ പര്യാപ്തമാണ് നീര.
ഒട്ടും തന്നെ മദ്യാംശം (ആല്‍ക്കഹോള്‍) ഇല്ലാത്തതും ഏറേക്കാലം കേടുകൂടാതെ സംസ്കരിച്ച് സൂക്ഷിക്കാവുന്നതുമാണ് നീര. പ്രകൃതിദത്ത പാനീയങ്ങളില്‍ ഏറ്റവുമധികം ഔഷധഗുണമുള്ളതും പോഷക സമ്പന്നമായതും രുചിയേറിയതുമായ ഒരു പാനീയം.
മധുരക്കള്ള് പുളിക്കുമ്പോള്‍ പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം നഷ്ടപ്പെട്ട് എട്ടു ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയ കള്ളായി മാറും. എന്നാല്‍, മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ മൈസൂരിലെ ഡി.എഫ്.ആര്.എല്ലും സി.എഫ്.ടി.ആര്.ഐ.യും കൂടി വികസിപ്പിച്ചെടുത്തിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള പിലിക്കോട്ടെ റീജ്യണല്‍ അഗ്രികള്‍ച്ചര്‍ സ്റ്റേഷനും നീര സംസ്കരിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം മുതല്‍ ആറുമാസം വരെ നീര പുളിക്കാതെ സൂക്ഷിക്കാം. ലിറ്ററിന് 45 രൂപ വരെ വില ലഭിക്കുമെന്നതിനാല്‍ കേര കര്‍ഷകര്‍ക്ക് വളരെ ലാഭകരം. ഒരു തെങ്ങ് രാവിലെയും വൈകുന്നേരവും ചെത്തിയാല് ഏകദേശം നാലു ലിറ്റര്‍ വരെ നീര ലഭിക്കും. ഒരു തെങ്ങ് വര്‍ഷത്തില്‍ ആറുമാസം വരെ ചെത്താന്‍ സാധിക്കും. ചെത്തു തൊളിലാളികളുടെ തൊഴിലിന് കോട്ടംതട്ടാതെ ഇപ്പോള്‍ കേരളത്തില്‍ ഉള്ള തെങ്ങുകളുടെ ഒരുശതമാനമെങ്കിലും മധുരക്കള്ള് ഉത്പാദനത്തിന് നീക്കി വെക്കുകയാണെങ്കില്‍ നീരയിലൂടെ വര്‍ഷം 2,000 കോടി രൂപയുടെ വരുമാനമാണ് കേരളത്തിന് ലഭിക്കുക. ഒട്ടനവധി തൊഴിലവസരങ്ങളും ലഭിക്കും. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും അത് മുതല്‍ക്കൂട്ടാകും. ഇത്തരത്തില്‍ വ്യാവസായികമായി നീരയുത്പാദനം ആരംഭിക്കുന്നതിനെ നാളികേര വികസന ബോര്‍ഡും പ്രോത്സാഹിപ്പിക്കുന്നുണ്ട്. നീരയുത്പാദനം സംബന്ധിച്ച് സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് നാളികേര ടെക്നോളജി മിഷന് പദ്ധതി പ്രകാരം ചെലവിന്റെ 25 ശതമാനം സബ്സിഡിയായി ബോര്‍ഡ് നല്‍കും.

നീരയില്‍ നിന്നുണ്ടാക്കാവുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ ഒന്നാണ് ചക്കര. പുരാതനമായ മധുരങ്ങളില്‍ ഒന്നാണിത്. ഇതിന്റെ ഔഷധമൂല്യം വളരെ പ്രശസ്തമാണ്. നീരയില്‍ നിന്നുണ്ടാക്കുന്ന ചക്കര കരിമ്പിന് ചക്കരയേക്കാള് മികച്ചതാണെന്നു മാത്രമല്ല ധാതുക്കളാല്‍ സമ്പുഷ്ടവുമാണ്. കുടില്‍വ്യവസായമായി ചക്കര ഉണ്ടാക്കാം.
തെങ്ങിന് ചക്കരയ്ക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്. അതിനാല്‍ തന്നെ ഒട്ടുമിക്ക തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളും ഇന്ത്യയില്‍ത്തന്നെ കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളും ചക്കര വ്യാവസായികമായി ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്തുവരുന്നു. ഇന്‍ഡൊനീഷ്യ പോലുള്ള രാജ്യങ്ങളില്‍ ഒരു പടികൂടി കടന്ന് ചക്കര അനുദിന ആവശ്യത്തിനുള്ള പഞ്ചസാരയായി മാറ്റുന്നുണ്ട്. നൂറു ശതമാനം ജൈവോത്പന്നമായ ഈ പഞ്ചസാരയ്ക്ക് ലോകമാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്. ഇതിനാല്‍ പഞ്ചസാര സിറപ്പ് രൂപത്തിലാക്കി കയറ്റുമതി രംഗത്ത് കുതിക്കുകയാണ് ഇന്‍ഡൊനീഷ്യ. ഇതുകൂടാതെ നീരയില്‍നിന്ന് തേന്‍, തരി രൂപത്തിലാക്കിയ മധുരക്കള്ള്, സോഫ്റ്റ് ഡ്രിങ്ക്സ്, ജാം, മിഠായി, കേക്ക്, വൈന്‍, പാനി തുടങ്ങി നിരവധി പോഷകമൂല്യങ്ങളുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്താന്‍ സാധിക്കും. നീരയില്‍ നിന്നുണ്ടാക്കുന്ന തേന്‍ പലഹാരങ്ങളില്‍ ഉപയോഗിക്കാവുന്നതാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയിട്ടുണ്ട്. തരി രൂപത്തിലാക്കിയ മധുരക്കള്ള് ആറു മാസം കേടാകാതിരിക്കുന്നതിനാല് പാക്കറ്റിലാക്കി വിപണനം ചെയ്യാം.