'പേ വിഷബാധ'-അറിയുക, തടയുക

Posted on: 15 Oct 2012


ക്രിസ്തുവിന് 2500 വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ മനുഷ്യരാശിക്ക് പേവിഷബാധയെ കുറിച്ച് അറിവുണ്ടായിരുന്നു. അതിനുശേഷം രോഗാണുവിനെകുറിച്ചും അതിന്റെ സംക്രമണം, രോഗനിര്‍ണ്ണയം, പ്രതിരോധം എന്നീ തലങ്ങളിലും വളരെയധികം പുരോഗതി ഉണ്ടായെങ്കിലും ഇന്നും പൊതുജനാരോഗ്യരംഗത്ത് സൃഷ്ടിക്കുന്ന ഭീഷണിയുടെ കാര്യത്തില്‍ പ്രധാനപ്പെട്ടത് പേവിഷബാധ അഥവാ റാബീസ് ആണ്. മാരകമായ ഈ രോഗം പിടിപെട്ടുകഴിഞ്ഞാല്‍ ചികിത്സയൊന്നും തന്നെ ഫലപ്രദമല്ല എന്നതുകൊണ്ട് ഇത് ഇന്നും മനുഷ്യന് പേടിസ്വപ്നമായി തുടരുന്നു. നമ്മുടെ നാട്ടില്‍ പ്രധാനമായും പേവിഷബാധയുള്ള നായ്ക്കളുടെ കടിമൂലമാണ് രോഗബാധയുാകുന്നത്. മറ്റു മൃഗങ്ങളായ പൂച്ച, കുറുക്കന്‍, കീരി മുതലായവയും രോഗം പരത്തുന്നു. വര്‍ഷംതോറും ഏകദേശം 30,000 ആളുകള്‍ ഇന്ത്യയില്‍ പേവിഷ ബാധമൂലം മരണമടയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഗനിദാനം

റാബ്‌ഡോ ഗ്രൂപ്പില്‍പ്പെട്ട വൈറസുകളാണ് രോഗഹേതുക്കള്‍. രോഗബാധയുള്ള മൃഗങ്ങളുടെ ഉമിനീരില്‍ ഈ വൈറസുകള്‍ ധാരാളമായി ഉണ്ടാകും. രോഗലക്ഷണങ്ങള്‍ കാണുന്നതിന് 3-4 ദിവസം മുന്‍പേതന്നെ രോഗാണുക്കള്‍ ഉമിനീരില്‍ കാണപ്പെടുന്നു. രോഗബാധയുള്ള മൃഗങ്ങളുടെ കടിയേല്‍ക്കുമ്പോള്‍ വൈറസുകള്‍ മുറിവിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഉമിനീരില്‍ മാത്രമല്ല മറ്റു ശരീരസ്രവങ്ങളായ കണ്ണുനീര്‍, മൂത്രം, രക്തം, പാല്‍ എന്നിവയിലും അണുക്കള്‍ ഉണ്ടാകുവാനിടയുണ്ട്. കണ്ണിലെ ശ്ലേഷ്മ ചര്‍മ്മങ്ങളില്‍ ഉമിനീര്‍ പതിച്ചാലും രോഗസംക്രമണം നടക്കാം.

രോഗലക്ഷണങ്ങള്‍

രോഗാണു ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 10 ദിവസത്തിനും 2 മാസത്തിനും ഇടയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. മനുഷ്യരില്‍ 30 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കും. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും ലക്ഷണങ്ങള്‍ കാണുന്നത്. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം. തല, മുഖം, കഴുത്ത്, ചെവി, കൈവിരല്‍തുമ്പുകള്‍ എന്നിവിടങ്ങളില്‍ ഏല്‍ക്കുന്ന കടി കൂടുതല്‍ അപകടകരമാണ്.

നായ്ക്കളില്‍ രണ്ടു തരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും, ശാന്തരൂപവും. ക്രൂദ്ധരൂപത്തില്‍ കൂടുതലായി ആക്രമണ പ്രവണത കാണിക്കും. അനുസരണക്കേട്, സ്പര്‍ശനം, ശബ്ദം എന്നിവയോടുള്ള അമിത പ്രതികരണം, കണ്ണില്‍ കാണുന്നതെല്ലാം കടിക്കുവാനുള്ള പ്രവണത, കുരയ്ക്കുമ്പോള്‍ ശബ്ദവ്യത്യാസം എന്നീ ലക്ഷണങ്ങളും കാണിക്കും. അവസാനഘട്ടത്തില്‍ നാവ് പുറത്തേക്ക് വീണുകിടക്കുകയും ഉമിനീര്‍ ധാരാളമായി പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുകയും ചെയ്യും. ചിലപ്പോള്‍ പറക്കുന്ന പ്രാണികളെ പിടിയ്ക്കാനെന്ന മട്ടില്‍ ചാടിക്കടിയ്ക്കുന്നതുകാണാം. തൊണ്ടയില്‍ എല്ലു തടഞ്ഞതുപോലെയുള്ള ലക്ഷണങ്ങളും കാണിയ്ക്കാം. ശാന്തരൂപത്തില്‍ ശരീരത്തിന്റെ തളര്‍ച്ചയാണ് പ്രധാനമായും കാണുന്നത്. തുടക്കത്തില്‍ ഇരുണ്ട മൂലയിലോ കട്ടിലിനടിയിലോ പോയി കിടക്കും പിന്നീട് ശരീരം പൂര്‍ണ്ണമായി തളര്‍ന്നു പോകുകയും ചെയ്യുന്നു. രണ്ട് രൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ട്് 5-6 ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും.

രോഗം ബാധിച്ച പൂച്ചകള്‍ കൂടുതല്‍ അക്രമാസക്തമാകുകയും അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.

മനുഷ്യരില്‍ ജലത്തോടുള്ള ഭീതിയാണ് ഏറ്റവും പ്രധാന ലക്ഷണം. എന്നാല്‍ ജലഭീതി മൃഗങ്ങളില്‍ പ്രകടമാകാറില്ല. നാഡികളുടെ തളര്‍ച്ചമൂലം വെള്ളം തൊണ്ടയിലൂടെ ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുകൊണ്ടാണ് ജലഭീതി പ്രകടമാക്കുന്നത്. അവസാനഘട്ടത്തില്‍ കാറ്റ്, വെളിച്ചം എന്നിവയോടും ഭീതി ഉണ്ടാകും. കൂടാതെ തളര്‍ച്ച, മരവിപ്പ് എന്നിവയും ഉണ്ടാകും. 3-4 ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്നു.

രോഗനിര്‍ണ്ണയം

രോഗബാധ സംശയിക്കുന്ന മൃഗങ്ങളെ സുരക്ഷിതമായി എവിടെയെങ്കിലും കെട്ടിയിട്ട് 10 ദിവസത്തേക്ക് നിരീക്ഷിക്കുക. 10 ദിവസത്തിനുള്ളില്‍ ചാവുകയാണെങ്കില്‍ അതിന്റെ തല വെട്ടിയെടുത്ത് പരിശോധനക്ക് വിധേയമാക്കണം. പറ്റുമെങ്കില്‍ ശരീരം മുഴുവനായി കൊണ്ടുവന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യിക്കണം. രോഗം ബാധിച്ച മൃഗങ്ങളുടെ തലച്ചോറിന്റെ ഭാഗമെടുത്ത് പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. ഫ്ലൂറസന്‍റ് ആന്‍റിബോഡി സങ്കേതം ഉപയോഗിച്ച് മരണത്തിന് മുമ്പുതന്നെ ഉമിനീര്‍, കോര്‍ണിയ, രോമകൂപങ്ങള്‍ എന്നിവയില്‍ വൈറസുകള്‍ ഉണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ സാധിക്കും.

ചികിത്സ

നായ്ക്കളുടെ കടിയേറ്റാല്‍ ഉടന്‍തന്നെ ആ ഭാഗം ധാരാളം ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകണം. ഇതുമൂലം രോഗബാധ ഒരു പരിധിവരെ തടയാം എന്നു കണ്ടെത്തിയിട്ടുണ്ട്. അതിനുശേഷം ഡെറ്റോള്‍, സ്പിരിറ്റ്, ടിങ്ച്ചര്‍ അയോഡിന്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനി മുറിവില്‍ പുരട്ടുക. മുറിവ് യാതൊരു കാരണവശാലും കെട്ടിവയ്ക്കരുത്. പ്രഥമശുശ്രൂഷ നല്കിയതിനുശേഷം എത്രയും വേഗം ഒരു ഡോക്ടറെ സമീപിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രതിരോധ കുത്തിവെപ്പുകളും ആവശ്യമെങ്കില്‍ സീറം ചികിത്സയും നടത്തേതാണ്.

രോഗപ്രതിരോധമാര്‍ഗ്ഗങ്ങള്‍

രോഗം ബാധിച്ചാല്‍ ചികിത്സയില്ലാത്ത മാരകരോഗമായതുകൊണ്ട് രോഗബാധ തടയുക എന്നതാണ് പേവിഷനിര്‍മാര്‍ജനത്തിനുള്ള പ്രധാനമാര്‍ഗ്ഗം. പ്രതിരോധകുത്തിവെപ്പുകളാണ് ഇതില്‍ ഏറ്റവും പ്രധാനം. വളര്‍ത്തു നായ്ക്കളേയും പൂച്ചകളേയും നിര്‍ബന്ധമായി പ്രതിരോധകുത്തിവെപ്പുകള്‍ക്ക് വിധേയമാക്കുന്നതുവഴി രോഗം ഒരു പരിധിവരെ തടയാന്‍ കഴിയും. അതോടൊപ്പം തന്നെ തെരുവു നായ്ക്കള്‍, വന്യമൃഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ഉടമസ്ഥരില്ലാതെ അലഞ്ഞുനിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി നശിപ്പിക്കുന്നത് പ്രായോഗികമായി ഫലപ്രദമല്ല എന്നതുകൊണ്ട് ഇത്തരം നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധകുത്തിവെപ്പുകള്‍ക്കും വിധേയമാക്കി തിരികെ വിടുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പുവഴി നടപ്പിലാക്കുന്നു്. പ്രതിരോധകുത്തിവെപ്പുകള്‍ 3-ാം മാസത്തില്‍ ആദ്യത്തേയും പിന്നീട് വര്‍ഷം തോറും ഓരോന്നുവീതവും നല്‌കേതാണ്. കൂടാതെ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സും ഏര്‍പ്പെടുത്തേതാണ്. അതോടൊപ്പം തന്നെ പൊതുജനങ്ങളിലെ ബോധവല്ക്കരണവും രോഗ പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. മൃഗസംരക്ഷണവകുപ്പ്, ആരോഗ്യവകുപ്പ് തദ്ദേശസ്വയംഭരണ സര്‍ക്കാരുകള്‍ എന്നിവരുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പേവിഷനിയന്ത്രണം ഒരു ജനകീയ സംരഭമാക്കുക. അതാണ് പേവിഷനിര്‍മ്മാര്‍ജിത കേരളത്തിനായുള്ള ഏക പോംവഴി.

ഡോ. പി.വി. ട്രീസാമോള്‍, ഡോ. അനുമോള്‍ ജോസഫ ്. വെറ്ററിനറി കോളേജ്, മണ്ണുത്തി


Stories in this Section