ഗ്യാസിന് വില കൂടിയാലും ബിനിക്ക് ബയോഗ്യാസുണ്ട്

Posted on: 06 Oct 2012

ലേബി സജീന്ദ്രന്‍കൊച്ചി: പാചകവാതക ക്ഷാമം നാടിനെ പിടിച്ചുകുലുക്കുമ്പോള്‍ കൊച്ചി പനമ്പിള്ളിനഗര്‍ സ്വദേശിനി ബിനി ജോസഫിന് ആശങ്കയൊട്ടുമില്ല. വീട്ടിലെ ജൈവ മാലിന്യത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് ആവശ്യങ്ങളത്രയും നിറവേറുന്നു. അതാത് ദിവസത്തെ അടുക്കളമാലിന്യമാണ് ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിക്കുക. തുടര്‍ച്ചയായി രണ്ടര മണിക്കൂര്‍ പാചകം ചെയ്യാനുള്ള ഗ്യാസ് ഒറ്റയടിക്ക് ലഭിക്കും.

ബാക്കിവരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മീനിന്റെയും ഇറച്ചിയുടേയും അവശിഷ്്്ടങ്ങള്‍, ചീഞ്ഞ പച്ചക്കറി തുടങ്ങി അടുക്കള മാലിന്യങ്ങള്‍ മുഴുവനായും ഇതില്‍ നിക്ഷേപിക്കാം. മുട്ടയുടെ തോടും ഉള്ളിത്തൊലിയും മാത്രമാണ് ഒഴിവാക്കേണ്ടത്. കോര്‍പ്പറേഷന്റെ മാലിന്യനീക്കം നിലച്ചാലും ഇവര്‍ക്ക് അത് ബാധകമല്ല. വേര്‍തിരിച്ച് വയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് ഒഴിവാക്കാനുള്ളത്.

എടുത്തുപറയേണ്ടപ്രധാന കാര്യം സെപ്റ്റിക് ടാങ്ക്് മാലിന്യം മുഴുവന്‍ നിക്ഷേപിക്കുന്നതും ഈ പ്ലാന്റിലാണ് എന്നതാണ്. പനമ്പിള്ളിനഗര്‍ പോലുള്ള താഴ്ന്ന പ്രദേശത്ത് മഴക്കാലമായാല്‍ സെപ്റ്റിക് ടാങ്ക് മാലിന്യം വലിയ തലവേദനയാണ്. ആ പ്രശ്‌നങ്ങളും ഇവരെ അലട്ടുന്നില്ല.

അര്‍ബന്‍ ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ എം.ഡിയായിരുന്ന ജോസഫ് അലക്‌സാണ്ടര്‍ അഞ്ചു വര്‍ഷം മുമ്പാണ് ഭാര്യ ബിനി ജോസഫിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്. ജി.സി.ഡി.എ. മുന്‍ ടൗണ്‍ പ്ലാനര്‍ കൂടിയായിരുന്ന അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ ചെയ്ത പ്ലാന്റ് അദ്ദേഹം മരിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ്. പ്ലാന്റ് സ്ഥാപിക്കാന്‍് 45000 രൂപയാണ് ചെലവായത്. അതിലും എത്രയോ ഇരട്ടി പണം ബയോ ഗ്യാസിലൂടെ ലാഭിക്കാന്‍ കഴിഞ്ഞു എന്നത് വാസ്തവം.

മൂന്നാഴ്ച കൂടുമ്പോള്‍ പാചക വാതക സിലിണ്ടര്‍ റീഫില്ല് ചെയ്തിരുന്ന ബിനി ജോസഫ് ഇപ്പോള്‍ മൂന്നു മാസത്തിലൊരിക്കലാണ് സിലിണ്ടര്‍ മാറ്റുന്നത്. ബയോ ഗ്യാസ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത മുട്ടത്തോട്, ഉള്ളിത്തൊലി, പുളി തുടങ്ങിയവയെല്ലാം അടുക്കള വശത്ത് ഒരു റിങ്ങിനുള്ളില്‍ നിക്ഷേപിച്ച് ജൈവവളമാക്കി മാറ്റുന്നു. അടുക്കളഭാഗത്ത് മാലിന്യത്തിന്റെ ഗന്ധം ഒട്ടുമില്ല എന്നതും ശ്രദ്ധേയമാണ്. ഇവിടെ ബയോ ഗ്യാസ് പ്ലാന്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് അറിയാമെങ്കിലും അയല്‍വാസികളാരും ഈ രംഗത്തേക്ക് തിരിയാത്തതിലാണ് ഇവരുടെ പരിഭവം.

മകനും കൊച്ചിയിലെ ആര്‍കിടെക്ടുമായ ജോസഫ് ചാണ്ടി ഈ ഉദ്യമത്തിന് പ്രോത്സാഹനം നല്‍കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്‌കൂളുകളില്‍ സര്‍ക്കാര്‍ ബയോഗ്യാസ് പദ്ധതി നടപ്പിലാക്കിയാല്‍ അത് ഏറെ ഗുണം ചെയ്യും എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പാചകം ചെയ്യാനുള്ള ബയോഗ്യാസ് ലഭിയ്ക്കുന്നതിനു പുറമേ കുട്ടികള്‍ മിച്ചംവയ്ക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടം മാത്രം മതി പ്ലാന്റ് പ്രവര്‍ത്തിക്കാന്‍. ഒപ്പം മാലിന്യ സംസ്‌കരണം സ്വയം നടത്താനുള്ള ശീലം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യാമെന്ന് ജോസഫ് അഭിപ്രായപ്പെടുന്നു.Stories in this Section