ബയോഗ്യാസ് അടുക്കളയുടെ അഭിമാനം

Posted on: 06 Oct 2012

വീണാ റാണി ആര്‍.

പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയതോടെ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ ആശ്രയിച്ചേ മതിയാകൂ എന്ന സ്ഥിതിയാണുള്ളത്. ഇന്നത്തെ പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴിയാണ് ബയോഗ്യാസ്. അടുക്കള മാലിന്യങ്ങള്‍ ഒന്നാംതരം ബയോഗ്യാസായി അടുക്കളയിലേക്ക് തിരിച്ചുവരുമ്പോള്‍ മാലിന്യസംസ്‌കരണത്തിനുള്ള ഒന്നാംതരം ഉപാധിയാണ് മുന്നില്‍ തുറക്കുന്നത്.

വളരെക്കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിനാണ് ഇന്ന് കൂടുതല്‍ ഡിമാന്റ്. തൊഴിലാളികളോ, കൂലിച്ചെലവോ ഇതിനാവശ്യമില്ലായെന്നത് ഇത്തരം പ്ലാന്റുകളുടെ മാത്രം പ്രത്യേകത. പെട്ടെന്ന് അഴുകുന്ന എല്ലാ ജൈവാവശിഷ്ടങ്ങളും പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന് പഥ്യംതന്നെ. നല്ലസൂര്യപ്രകാശം കിട്ടുന്നതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാം. കിണറില്‍ നിന്നും പരമാവധി അകലം നല്‍കണം. പൈപ്പിന്റെ വളവുകള്‍ ഒഴിവാക്കാനും ബയോഗ്യാസിന്റെ കാര്യക്ഷമത കൂട്ടാനും അടുക്കളയുടെ അടുത്തുതന്നെ പ്ലാന്റ് സ്ഥാപിക്കുന്നത് അഭികാമ്യം.

ഒരു ദിവസം എത്രഗ്യാസ് ഉത്പാദിപ്പിക്കപ്പെടുന്നുവെന്നതാണ് ബയോഗ്യാസ് പ്ലാന്റിന്റെ ശേഷി നിര്‍ണയിക്കുന്നത്. സാധാരണയായി ജൈവാവശിഷ്ടങ്ങളുടെ അളവ്, ആവശ്യമായ ഇന്ധനം എന്നിവയെ ആശ്രയിച്ചാണ് പ്ലാന്റിന്റെ വലിപ്പം തീരുമാനിക്കുക. ദിവസം ഏഴരകിലോഗ്രാം ജൈവാവശിഷ്ടങ്ങള്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ ഒരു ഘനമീറ്റര്‍ ഗ്യാസ് കിട്ടും. ഒരു കിലോ ഗ്രാം ചാണകത്തില്‍ നിന്നും 0.04 ഘനമീറ്റര്‍ ബയോഗ്യാസ് ഉത്പാദിപ്പിക്കാന്‍ സാധിക്കും. അടുക്കള മാലിന്യത്തിനൊപ്പം കോഴിക്കാഷ്ഠവും ചേര്‍ക്കാന്‍ സാധിച്ചാല്‍ ഒന്നരമണിക്കൂര്‍ കത്തിക്കുന്നതിനുള്ള ഇന്ധനം ഒരു തടസ്സവുമില്ലാതെ കിട്ടും. ഖരമാലിന്യത്തിനൊപ്പം അത്രതന്നെ വെള്ളവും ചേര്‍ത്ത് ഇന്‍ലെറ്റിലൂടെ നല്‍കാം.

പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞാല്‍ ആദ്യംതന്നെ ടാങ്ക് തുറന്ന് 50 കിലോഗ്രാം ചാണകം തുല്യഅളവില്‍ വെള്ളവും ചേര്‍ത്ത് മൂന്നില്‍ രണ്ട് ഭാഗം നിറയ്ക്കണം. മൂന്നുദിവസംകൊണ്ട് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകും. ഔട്ട്‌ലെറ്റിലൂടെ സ്ലറി പുറത്തുവരാന്‍ തുടങ്ങുന്നതോടെ ഗ്യാസ് ഉത്പാദനം തുടങ്ങിയെന്ന് മനസ്സിലാക്കാം. പരിസര മലിനീകരണം സൃഷ്ടിക്കാത്ത അപകടസാധ്യത ഇല്ലാത്ത ചെലവുകുറഞ്ഞ ബയോഗ്യാസ് നമ്മുടെ സുഹൃത്താണെങ്കില്‍ പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന സ്ലറി ഉറ്റചങ്ങാതിയാണ്. ശുചിത്വമിഷനും അനര്‍ട്ടും കൃഷിവകുപ്പും. ബയോഗ്യാസ് പ്ലാന്റിന് സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കിവരുന്നു.
veena4raghavan@gmail.com


Stories in this Section